19 April Friday

വെട്ടിക്കവല ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യമേള ഇന്നു മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
കൊട്ടാരക്കര 
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ആരോ​ഗ്യമേള ശനിയും ഞായറും വെട്ടിക്കവല ​ഗവ. മോഡൽ ഹയർസെക്കന്‍ഡ്റി സ്കൂളിൽ നടക്കുമെന്ന് പ‍ഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേശീയ –-സംസ്ഥാന ആരോഗ്യ പരിപാടികൾവഴി പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ആരോഗ്യപരമായ അറിവുകൾ പകരുക, രോഗങ്ങളും പകർച്ചവ്യാധികളും പ്രതിരോധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് മേള ലക്ഷ്യമിടുന്നത്. 
ശനിയാഴ്ച ബ്ലോക്കിലെ ആറ് പഞ്ചായത്തിലും വിളംബര ജാഥയും ഞായർ രാവിലെ ഒമ്പതിന് ബ്ലോക്ക് പഞ്ചായത്തിൽനിന്ന് സ്കൂൾ വരെ ഘോഷയാത്രയും നടക്കും. 
രാവിലെ 10ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ ആരോ​ഗ്യമേള ഉദ്ഘാടനംചെയ്യും. കെ ബി ​ഗണേഷ് കുമാർ എംഎൽഎ അധ്യക്ഷനാകും. സ്റ്റാള്‍ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എംഎൽഎയും രക്തദാനസേനയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയലും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സുമലാൽ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യരംഗത്തെ സേവനങ്ങൾ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകൾ, മെഡിക്കൽ ക്യാമ്പുകൾ, ബോധവൽകരണ ക്ലാസുകള്‍, വിവിധ കലാപരിപാടികൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള മേളയിൽ പൊതുജനങ്ങൾക്ക് സേവനം തികച്ചും സൗജന്യമാണ്. പത്രസമ്മേളനത്തിൽ  ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ അജി, ബ്ലോക്ക് പഞ്ചായത്ത് അം​ഗങ്ങളായ എൻ മോഹനൻ, സിനി ജോസ്, കുളക്കട സിഎച്ച്സി മെഡിക്കൽ ഓഫീസർ കെ ശോഭ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top