29 March Friday

കോൺഗ്രസ്‌ നിലപാടില്ലാത്ത പാർടിയായി: എളമരം

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാനസമ്മേളന സമാപന പൊതുസമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
രാജ്യം നേരിടുന്ന ഗുരുതരവിഷയങ്ങളിൽ നിലപാടില്ലാത്ത പാർടിയായി കോൺഗ്രസ്‌ മാറിയെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു.  ചിന്തൻശിബിരത്തിൽ എന്തു തീരുമാനമെടുത്തെന്നു പരിശോധിച്ചാൽ ഇത്‌ വ്യക്തമാകും. ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാനസമ്മേളന സമാപന പൊതുസമ്മേളനം കെ തുളസീധരൻ നഗറിൽ (ക്യൂഎസി മൈതാനം) ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.   
വർഗീയ വിഭജനം, അനിയന്ത്രിത വിലക്കയറ്റം, സ്വകാര്യവൽക്കരണ–- ഉദാരവൽക്കരണ നയങ്ങൾ, പൊതുമുതൽ വിൽപ്പന, തൊഴിലാളിവിരുദ്ധ നിയമങ്ങൾ തുടങ്ങി ജനദ്രോഹനയങ്ങളുമായി കേന്ദ്ര ബിജെപി സർക്കാർ മുന്നോട്ടുപോകുന്നു. ഇത്തരം ജനവിരുദ്ധനയങ്ങൾക്ക്‌ ശക്തമായ ബദൽ ഇടതുപക്ഷം മാത്രമാണ്‌. ഇതിലൊന്നും ഒരു റോളുമില്ലാത്ത പാർടിയായി കോൺഗ്രസ്‌ മാറി. കോൺഗ്രസിൽ ജനങ്ങൾക്കുണ്ടായിരുന്ന  പ്രതീക്ഷ  പൂർണമായും നഷ്ടപ്പെട്ടു. ഇന്നത്തെ  കോൺഗ്രസ്‌ നേതാക്കൾ നാളത്തെ  ബിജെപിയായി മാറുന്നു. ഉപതെരഞ്ഞെടുപ്പ്‌ ഫലം കോൺഗ്രസിൽനിന്ന്‌ ജനങ്ങൾ അകലുന്നതിന്റെയും എൽഡിഎഫിന്റെ പിന്തുണ വർധിക്കുന്നതിന്റെയും ഏറ്റവും പുതിയ  തെളിവാണ്‌. 
 വിലക്കയറ്റം നിയന്ത്രിക്കാൻ  എൽഡിഎഫ്‌ സർക്കാർ  പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി. 14 ഇനം നിത്യോപയോഗസാധനങ്ങൾ വില കുറച്ച്‌ സിവിൽ സപ്ലൈസ്‌ വഴി നൽകാൻ തീരുമാനിച്ചു.  ഇത്തരമൊരു ബദൽ നയം നടപ്പാക്കാൻ രാജ്യത്ത്‌  മറ്റൊരു സംസ്ഥാനത്തിനും കഴിയില്ല. രാജ്യത്തിന്റെ പൊതുമുതൽ ഓരോന്നായി വിറ്റുതുലയ്‌ക്കുകയാണ്‌ മോദി സർക്കാർ. ഒടുവിൽ രാജ്യത്തിന്റെ അഭിമാനമായ എൽഐസിയുടെ ഓഹരിയും വിൽപ്പനയ്‌ക്കുവച്ചു. കച്ചവടത്തിനു മറയിടാൻ  വർഗീയതയെ ആയുധമാക്കുന്നു. ഇതിനെതിരായ ചെറുത്തുനിൽപ്പാണ്‌ തൊഴിലാളിവർഗത്തിന്റെ കടമയെന്നും എളമരം കരീം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top