26 April Friday

കർഫ്യൂ, കർശനം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

കരുനാഗപ്പള്ളി പൊലീസ് വഴിയാത്രക്കാരന് ശരിയായ രീതിയിൽ മാസ‍്ക് വച്ചുനൽകുന്നു

സ്വന്തം ലേഖകൻ
കൊല്ലം
രാത്രികാല കർഫ്യൂ ചൊവ്വാഴ്‌ച മുതൽ ജില്ലയിലും കർശനമായി നടപ്പാക്കും. ഇതുസംബന്ധിച്ച്‌ കലക്‌ടർ ബി അബ്‌ദുൽനാസർ ജില്ലയിലെ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ കർഫ്യൂവിന്റെ ഭാഗമായി പ്രധാനകേന്ദ്രങ്ങളിലും പാതകളിലും തൊഴിൽ ഇടങ്ങളിലും  പൊലീസ്‌ പരിശോധന ഉണ്ടാവും. നിയന്ത്രണം ലംഘിച്ച്‌ കൂട്ടംകൂടുന്നവർക്കെതിരെ കർശന നടപടിയെടുക്കും. പൊതുഗതാഗതത്തിനോ ചരക്കുനീക്കത്തിനോ തടസ്സമുണ്ടാവില്ല. ഗ്രാമ പ്രദേശങ്ങളിലും പൊലീസ്‌ പരിശോധനയുണ്ടാവും. രാത്രി ഏഴ്‌ കഴിഞ്ഞ്‌ പ്രവർത്തിപ്പിക്കുന്ന തിയറ്ററുകൾക്കെതിരെയും നടപടിയുണ്ടാകും. മാളുകളിലെ ആൾക്കൂട്ടം നിയന്ത്രിക്കും. രാത്രികാല പട്രോളിങ്ങും ശക്തമാക്കും. 
ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ നിർബന്ധമായും കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയരാക്കും. കൂടുതൽ പ്രാഥമിക, സെക്കൻഡറി ചികിത്സാകേന്ദ്രങ്ങൾ ഒരുക്കാനും നടപടി തുടങ്ങി. നിലവിലുള്ളതിനു‌ പുറമേ തഴവയിലും ഓച്ചിറയിലുമാണ്‌ പുതിയ ചികിത്സാകേന്ദ്രങ്ങൾ തുറക്കുക. സെന്ററുകൾ ആരംഭിക്കുന്നതിന്‌ തദ്ദേശസ്ഥാപനങ്ങൾ നിർദേശിച്ച കെട്ടിടങ്ങൾ തിങ്കളാഴ്‌ച ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ പരിശോധിച്ചു. ഡെപ്യൂട്ടി ഡിഎംഒമാരായ മണികണ്ഠൻ, സാജൻ, പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ ഡയറക്ടർ സുഗതൻ, ക്വാളിറ്റി ഓഫീസർ ബീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഓച്ചിറ, തഴവ പഞ്ചായത്ത്‌ അധികൃതരും ഉണ്ടായിരുന്നു. 
അതിനിടെ തിങ്കളാഴ്‌ച ജില്ലയിൽ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മോട്ടോർതൊഴിലാളികൾക്ക്‌ കോവിഡ്‌ പരിശോധന നടത്തി. കരുനാഗപ്പള്ളി, ശാസ്‌താംകോട്ട, പുനലൂർ, കൊട്ടാരക്കര, നെടുങ്ങോലം താലൂക്കാശുപത്രികളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡ്രൈവിങ്‌‌ ടെസ്റ്റ്‌‌ കേന്ദ്രങ്ങളിലും പരിശോധന നടന്നു. ഇത്‌ വരും ദിവസങ്ങളിലും തുടരുമെന്ന്‌ ഡെപ്യൂട്ടി ഡിഎംഒ ആർ സന്ധ്യ പറഞ്ഞു.  
തിങ്കളാഴ്‌ച തൃക്കോവിൽവട്ടത്ത്‌ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ പരിശോധിച്ചതിൽ 29 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 230 തൊഴിലാളികളാണ്‌ ഈ പ്രദേശത്തു‌ താമസിക്കുന്നത്‌. ഇവരുടെ താമസ സ്ഥലത്തെ ക്ലസ്റ്റർ ആയി പ്രഖ്യാപിച്ച്‌ രോഗബാധിതർക്ക്‌ ചികിത്സ തുടങ്ങി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top