19 April Friday
കശുവണ്ടി വ്യവസായം ആധുനികവൽക്കരിക്കും

വരുന്നു മാസ്റ്റർപ്ലാൻ‌

സ്വന്തം ലേഖകൻUpdated: Thursday Jan 20, 2022
കൊല്ലം 
തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തി കശുവണ്ടി വ്യവസായം ആധുനികവൽക്കരിക്കാനും വൈവിധ്യവൽക്കരിക്കാനും മാസ്റ്റർപ്ലാൻ തയ്യാറാക്കും. വ്യവസായം ശക്തിപ്പെടുത്താൻ സാമ്പത്തിക ഇടപെടൽ സർക്കാരിൽനിന്ന്‌ ഉണ്ടാകും. 
കശുവണ്ടി മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും ചർച്ചചെയ്യാൻ വ്യവസായമന്ത്രി പി രാജീവ്, ധനമന്ത്രി കെ എൻ ബാലഗോപാൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന വ്യവസായി–-തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ്‌ തീരുമാനം. കശുവണ്ടി കോർപറേഷൻ, കാപ്പക്സ് എന്നിവയുടെ പ്രവർത്തനം വിലയിരുത്താൻ വ്യവസായമന്ത്രി പി രാജീവ്, പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ എന്നിവർ പങ്കെടുത്ത അവലോകനയോഗവും ചേർന്നു. 
തോട്ടണ്ടിയുടെ വിലവർധനയും ഇറക്കുമതിച്ചുങ്കവും കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഉൽപ്പാദനച്ചെലവ് ഇരട്ടിയിലധികമാണ്. ആധുനികവൽക്കരണം നടപ്പാക്കാത്തതാണ് പ്രധാന കാരണം. മാർക്കറ്റിങ്ങിലും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കാര്യത്തിലും മുന്നോട്ടു പോകേണ്ടതുണ്ട്. ഇതെല്ലാം പരിഹരിക്കാനാണ്‌ മാസ്റ്റർപ്ലാനിൽ മുഖ്യ പരിഗണന. പ്രൊഫഷണൽ ഏജൻസികളുടെ സഹായവും തേടും. കശുവണ്ടി കോർപറേഷന്റെയും കാപ്പക്‌സിന്റെയും മേൽനോട്ടച്ചുമതല റിയാബിന് നൽകും. രണ്ടു സ്ഥാപനങ്ങളുടെ കീഴിലുള്ള ഫാക്ടറികളിലും ഈ സർക്കാർ വന്നശേഷം ഒരുദിവസംപോലും തൊഴിൽ നഷ്ടപ്പെട്ടില്ലെന്ന് ചെയർമാൻമാർ അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള കശുവണ്ടി അന്താരാഷ്ട്ര കമ്പോളത്തിൽ ലഭിക്കുമ്പോൾ വാങ്ങാൻ ശ്രമിക്കണമെന്ന് കാഷ്യൂബോർഡിന് നിർദേശം നൽകി. ഒറ്റത്തവണ തീർപ്പാക്കലിലെ വ്യവസ്ഥകൾ ചില ബാങ്കുകൾ നടപ്പാക്കുന്നില്ലെന്ന വ്യവസായികൾ പരാതിയിൽ ഇടപെടാമെന്ന് മന്ത്രിമാർ ഉറപ്പുനൽകി.
സ്വകാര്യ കശുവണ്ടി വ്യവസായത്തിനു കൈത്താങ്ങായി പുതിയ പുനരുദ്ധാരണ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. യോഗത്തിൽ കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ, കാപ്പക്സ്‌ ചെയർമാൻ എം ശിവശങ്കരപ്പിള്ള, തൊഴിലാളി സംഘടനാ നേതാക്കളായ കെ രാജഗോപാൽ, ബി തുളസീധരക്കുറുപ്പ്, അഡ്വ. ശ്രീകുമാർ, എ എ അസീസ്, ബി സുജീന്ദ്രൻ, ജി ലാലു, കോതേത്ത് ഭാസുരൻ, ശൂരനാട് ശ്രീകുമാർ, സജി ഡി ആനന്ദ്, വ്യവസായ സംഘടനാ പ്രതിനിധികളായ ഭൂതേഷ്, സുന്ദരൻ, അനസ്, അസ്‌കർ ഖാൻ മുസലിയാർ, ലൂസിയസ് മിറാൻഡ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top