26 April Friday

ഓർമകളിൽ ജ്വലിച്ച്‌ 
ഷാഹുൽ ഹമീദ്‌

സ്വന്തം ലേഖകൻUpdated: Thursday Jan 20, 2022
പത്തനാപുരം
ഓരോ അഖിലേന്ത്യ പണിമുടക്കും ഷാഹുൽ ഹമീദിന്റെ ജ്വലിക്കുന്ന ഓർമകൾ കൂടിയാണ്‌ പത്തനാപുരത്തിന്‌. കോൺഗ്രസ്‌ കൊലയാളികളുടെ കത്തിമുനയിൽ ഷാഹുൽ ഹമീദ്‌ പിടഞ്ഞുതീർന്നതിന്‌ 40 വർഷം പിന്നിടുമ്പോഴും ഓർമകൾ അണയാതെ ആളുന്നു. ഷാഹുലിന്റെ പേര്‌ പറയുമ്പോൾ മുതിർന്ന സിപിഐ എം നേതാവ് എം മീരാപ്പിള്ളയുടെ കണ്ണുകളിൽ പതിറ്റാണ്ടുകൾ മുമ്പത്തെ സമരാവേശം തെളിഞ്ഞുകാണാം. 
കോൺഗ്രസുകാരുടെയും അവരുടെ ഗുണ്ടകളുടെയും നിയന്ത്രണത്തിലായിരുന്നു ഒരുകാലത്ത്‌ പത്തനാപുരം പട്ടണം. സിപിഐ എമ്മിന്റെ വളർച്ചയിൽ അരിശംപൂണ്ട ഇവർ പാർടിയെ കായികമായി കൈകാര്യം ചെയ്യുന്നത് പതിവായി. 1982 ജനുവരി 19ന് അഖിലേന്ത്യ പണിമുടക്ക് നടന്നപ്പോൾ പത്തനാപുരത്തെ കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും നൂറുകണക്കിന് പ്രവർത്തകർ ടൗണിൽ ഒത്തുകൂടി. മീരാപ്പിള്ള അടക്കമുള്ളവരെ രാവിലെ തന്നെ പൊലീസ് കരുതൽ തടങ്കലിലാക്കി. സമരം പൂർണ വിജയമായിരുന്നു. 
സമരത്തിൽ പങ്കെടുത്ത്‌ മടങ്ങുമ്പോഴാണ്‌ കാരംമൂട് സ്വദേശിയായ സിഐടിയു പ്രവർത്തകൻ ഷാഹുൽ ഹമീദിനെ ഐഎൻടിയുസിക്കാരനായ മുരളി കുത്തിവീഴ്ത്തിയത്‌. സിഐടിയു പ്രവർത്തകർ പുനലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പിറവന്തൂരിൽ എത്തിയപ്പോൾ ഷാഹുൽ ഹമീദ്‌ മരിച്ചു. 28 വയസ്സുള്ളപ്പോഴാണ്‌ കോൺഗ്രസുകാർ ജീവൻ അപഹരിച്ചത്‌. കോൺഗ്രസ് ആക്രമണത്തിനെതിരെ വൻ പ്രതിഷേധമാണ്‌ ഉയർന്നത്. മേഖലയിൽ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയുള്ള പാർടിയായി സിപിഐ എം മാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top