26 April Friday
കെഎംഎംഎൽ ഓക്‌സിജൻ നൽകും

ഇനി ശ്വസിക്കൂ, ഈസിയായി

അനൂപ് ഷാഹുൽUpdated: Monday Oct 19, 2020
ചവറ
ആരോഗ്യമേഖലയ്‌ക്ക്‌ ദ്രവീകൃത മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കാനൊരുങ്ങി ചവറ കെഎംഎംഎല്ലിലെ പുതിയ ഓക്‌സിജൻ പ്ലാന്റ്‌. 50 കോടി രൂപ ചെലവിൽ നിർമിച്ച 70 ടൺ പ്രതിദിന ശേഷിയുള്ള പ്ലാന്റിൽനിന്നാണ് തിങ്കളാഴ്‌ച മുതൽ‌ മെഡിക്കൽ ഓക്‌സിജൻ നൽകുക‌. പ്രതിദിനം ഏഴു ടൺ നൽകാൻ കഴിയുമെന്ന്‌ എംഡി ജെ ചന്ദ്രബോസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിനാണ്‌ ഓക്‌സിജൻ കൈമാറുക. 
ഏഴു ടൺ മെഡിക്കൽ ഓക്സിജൻ ചെറിയ സിലിണ്ടറുകളിൽ നിറച്ച് ആവശ്യത്തിന് ഉപയോഗിക്കാം. ഇതു സംസ്ഥാനത്തെ മെഡിക്കൽ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന് ഏറെ‌ സഹായകരമാകും. സംസ്ഥാനത്തെ പ്രധാന ഓക്സിജൻ പ്ലാന്റായ കഞ്ചിക്കോട്ടെ ഫാക്ടറി  അറ്റകുറ്റപ്പണിക്കായി അടച്ചിരുന്നു. കോവിഡ്‌ കാലത്ത്‌ ഓക്സിജൻ ക്ഷാമമുണ്ടാകാതിരിക്കാനാണ് കെഎംഎംഎൽ വഴി ലഭ്യമാക്കുന്നതിന്‌ അടിയന്തര ഇടപെടലുണ്ടായത്. കൊച്ചിയിലെ ബിപിസിഎൽ നേരത്തെതന്നെ ആരോഗ്യമേഖലയ്‌ക്ക്‌ ദ്രവീകൃത ഓക്സിജൻ നൽ‌കുന്നുണ്ട്‌. കെഎംഎംഎൽ കൂടി ദ്രവീകൃത ഓക്സിജൻ നൽകുന്നതോടെ മെഡിക്കൽ ഓക്സിജൻ രംഗത്ത് സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കും. 
ഒരു ടൺ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നതിന്‌ കമ്പനിക്ക് 7000 രൂപയായിരുന്നു ചെലവ്‌. പുതിയ പ്ലാന്റ്‌ വന്നതോടെ ഇത്‌ 5000ആയി‌ കുറഞ്ഞു. പുറത്തുനിന്ന്‌ ഓക്സിജൻ വാങ്ങാൻ കമ്പനി പ്രതിവർഷം 12 കോടി ചെലവാക്കിയിരുന്നിടത്ത്‌ ഓക്സിജൻ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത നേടാനും പ്രതിവർഷ ചെലവ് ഇല്ലാതാക്കാനും കഴിഞ്ഞു. പുതിയ പ്ലാന്റിൽനിന്ന്‌ 63 ടൺ ഓക്സിജൻ ഗ്യാസ്, 70 ടൺ നൈട്രജൻ ഗ്യാസ്, ഏഴ് ടൺ ദ്രവീകൃത ഓക്സിജൻ എന്നിവ കമ്പനിക്ക്  ഉൽപ്പാദിപ്പിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top