23 April Tuesday

മിഴിനീർപ്പൂവായി മറഞ്ഞിട്ട്‌ 34 വർഷം

ജി എസ്‌ അരുൺUpdated: Monday Oct 19, 2020

 

കൊട്ടാരക്കര
പഴശ്ശിരാജ, വേലുത്തമ്പിദളവ, കുഞ്ഞാലിമരയ്‌ക്കാർ തുടങ്ങിയ ധീര ദേശാഭിമാനികൾക്ക്‌‌ വെള്ളിത്തിരയിൽ പുനർജനിയേകിയ കൊട്ടാരക്കര ശ്രീധരൻനായർ ഓർമയായിട്ട്‌ 34 വർഷം. ശ്രീധരൻനായരുടെ ഭാര്യ വിജയലക്ഷ്മി ഗണപതിക്ഷേത്ര സമീപത്തെ വീട്ടിൽ മകൾക്കും മരുമകനും ഒപ്പമാണ് താമസം. 
സിനിമയിലും നാടകത്തിലും ജ്വലിക്കുന്ന ഒത്തിരി കഥാപാത്രങ്ങൾക്ക്‌ ജീവൻ നൽകിയശേഷമാണ്‌ ചമയങ്ങളഴിച്ചുവച്ച്‌ യാത്രയായത്‌. ചെമ്മീനിലെ ചെമ്പൻകുഞ്ഞ്‌, അരനാഴികനേരത്തിലെ കുഞ്ഞോനച്ചൻ, മൈഡിയർ കുട്ടിച്ചാത്തനിലെ മന്ത്രവാദി എന്നിവ കഥാപാത്രങ്ങളായി പകർന്നാടി വിസ്‌മയിപ്പിച്ച ചിത്രങ്ങളിൽ ചിലതു‌ മാത്രം. നാടകത്തിൽനിന്ന്‌ സിനിമയിലേക്ക്‌ എത്തിയ കൊട്ടാരക്കര ശ്രീധരൻനായർ സ്വന്തമായ അഭിനയ വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. പ്രസന്നയിൽ തുടങ്ങി മിഴിനീർപൂവുകളിൽ വരെയുള്ള യാത്രയിൽ മലയാളനാട്‌ കണ്ടറിഞ്ഞത്‌ അരങ്ങിൽ വില്ലനായും നായകനായും പ്രതിഭയുടെ മിന്നലാട്ടം പകരുന്ന അതുല്യ അഭിനേതാവിനെ.
1970ൽ അരനാഴികനേരത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡും 1969ൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും കൊട്ടാരക്കരയെ തേടിയെത്തി. ചെമ്മീനിലെ അഭിനയത്തിനു രാഷ്ട്രപതിയുടെ സ്വർണമെഡലും കരസ്ഥമാക്കി. 160 ലധികം ചിത്രങ്ങളിലാണ്‌ കഥാപാത്രങ്ങളായി പകർന്നാടിയത്‌. മക്കളായ സായികുമാർ, ശോഭാമോഹൻ എന്നിവരും കൊച്ചുമക്കളായ വിനുമോഹൻ, അനുമോഹൻ കുടുംബാംഗങ്ങളായ വിദ്യാ വിനു, കല്യാണി തുടങ്ങിയവരും സിനിമയിൽ സജീവമാണ്‌. 
നാട്ടുകാരിൽ ചിലർ ചേർന്ന് 2012ൽ രൂപംനൽകിയ ശ്രീധരൻനായർ ഫൗണ്ടേഷൻ കൊട്ടാരക്കരയ്ക്ക്‌ ഉചിതമായ സ്മാരകം നിർമിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. 34 –-ാം അനുസ്മരണ സമ്മേളനം കൊട്ടാരക്കര ശ്രീധരൻനായർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച ഓൺലൈനായി സംഘടിപ്പിക്കും. വൈകിട്ട് ഏഴിന് പി അയിഷാപോറ്റി എംഎൽഎ ഉദ്ഘാടനംചെയ്യും. നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ, ജയറാം, നിർമാതാവ് അനിൽ അമ്പലക്കര, സിദ്ധാർഥ്‌ ശിവ, രാജേഷ് ശർമ, സുജേഷ് ഹരി എന്നിവർ പങ്കെടുക്കുമെന്ന് ചെയർമാൻ പ്രൊഫ. ഗംഗാധരൻനായർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top