18 April Thursday
ആർഎസ്‍പി നേതൃത്വത്തിനെതിരെ വിമർശനം

എൽഡിഎഫ്‌ വിജയിപ്പിച്ചു, 
യുഡിഎഫിൽ പിന്നിൽനിന്ന്‌ കുത്ത്

സ്വന്തം ലേഖകൻUpdated: Monday Sep 19, 2022
കൊല്ലം
‘എൽഡിഎഫിൽ നിന്നപ്പോൾ വിജയിപ്പിച്ചു, യുഡിഎഫിൽ എത്തിയപ്പോൾ പിന്നിൽനിന്ന്‌ കുത്തി പരാജയപ്പെടുത്തുന്നു’ –- പുനലൂരിൽ നടന്ന ആർഎസ്‌പി ജില്ലാ സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾ നേതൃത്വത്തിന്‌ തിരിച്ചടിയായി.   കുണ്ടറയിൽനിന്നുള്ള പ്രതിനിധി ഷൈജു ഉൾപ്പെടെയുള്ളവർ കാലഘട്ടത്തിനനുസരിച്ച്‌ പാർടി മാറുന്നില്ലെന്ന വിമർശനവുമുയർത്തി.  എൽഡിഎഫിലായിരുന്നപ്പോൾ പാർടിയുടെ വളർച്ചയ്‌ക്ക്‌ സിപിഐ എം ഉൾപ്പെടെയുള്ള  ഘടകകക്ഷികളുടെ  സഹായമുണ്ടായിരുന്നു. 
യുഡിഎഫിലെത്തിയശേഷം എംഎൽഎമാരില്ലാതായി. യുഡിഎഫ്‌ പാർടിയെ അവഗണിക്കുന്നു. തദ്ദേശ, സഹകരണ സ്ഥാപനങ്ങളിലെ പ്രാതിനിധ്യവും നാമമാത്രമായി. വട്ടപ്പൂജ്യ പാർടിയായി ആർഎസ്‌പിയെ മാറ്റിയത്‌ നേതാക്കളാണ്‌. എൽഡിഎഫിലേക്ക്‌ തിരികെ പോകാനുള്ള അവസരങ്ങൾ മനസ്സിലാക്കാനും തീരുമാനമെടുക്കാനും നേതാക്കൾക്കാകുന്നില്ലെന്നും  അഭിപ്രായമുയർന്നു. അംഗസംഖ്യ 8063ൽനിന്ന്‌ 6208 ആയി. 2415 പേർ അംഗത്വം പുതുക്കാൻ തയ്യാറായില്ല. കൊഴിഞ്ഞുപോക്ക്‌ ഗൗരവമായി പരിശോധിക്കണം–- കൊല്ലത്തുനിന്നുള്ള സജീവ്‌കുമാർ പറഞ്ഞു. പ്രതിനിധികളുടെ വിമർശങ്ങൾക്ക്‌ നേതാക്കൾ വ്യക്തമായി മറുപടി നൽകാത്തതും പരാതിക്കിടയാക്കി.രാഹുൽഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്രയുടെ കരുനാഗപ്പള്ളിയിലെ സമ്മേളനത്തിൽ യുഡിഎഫ്‌ ജില്ലാ ചെയർമാൻ കെ സി രാജൻ വേദിയിലുണ്ടായിരുന്ന എൻ കെ പ്രേമചന്ദ്രന്‌ മാത്രം സ്വാഗതം പറയാതിരുന്നതിനെയും പ്രതിനിധികൾ വിമർശിച്ചു. പ്രേമചന്ദ്രൻ അവതരിപ്പിച്ച രാഷ്‌ട്രീയ പ്രമേയത്തിൽ ജെഎൻയു വിദ്യാർഥി സമരവും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവും കർഷകസമരവും  പരാമർശിക്കാത്തതും വിമർശത്തിനിടയാക്കി.
കോൺഗ്രസിനെ അമിതമായി വിശ്വസിക്കുകയും പുകഴ്‌ത്തുകയും വേണ്ടെന്ന്‌ മുതിർന്ന നേതാവ്‌ വി പി രാമകൃഷ്‌ണപിള്ളയുടെ മകനും ഐക്യകർഷകസംഘം ജില്ലാ സെക്രട്ടറിയുമായ ആർ അജിത്‌കുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top