19 April Friday
കേരള മാരിടെെം ബോർഡിന്റെ ആദ്യ ചരക്കുകപ്പൽ എത്തി

കൊല്ലം കണ്ടു

സ്വന്തം ലേഖകൻUpdated: Sunday Sep 19, 2021

കേരള മാരിടൈം ബോർഡിന്റെ കൊച്ചിയിൽനിന്നുള്ള ചൗഗ്‌ലെ –-8 എന്ന ചരക്കുകപ്പൽ 
കൊല്ലം തുറമുഖത്ത്‌ ചരക്കിറക്കുന്നു

കൊല്ലം 
കൊച്ചിയിൽനിന്ന്‌ കൊല്ലം തുറമുഖത്തേക്കുള്ള കേരള മാരിടൈം ബോർഡിന്റെ ആദ്യ ചരക്കുകപ്പൽ ശനിയാഴ്‌ച എത്തി. ഗ്രീൻ ഫ്രെയിറ്റ് കോറിഡോർ–- രണ്ട്‌ പദ്ധതിയിൽ കൊച്ചി–- ബേപ്പൂർ തുറമുഖങ്ങളെ ബന്ധിച്ചുള്ള ചൗഗ്‌ലെ–-8 എന്ന ചരക്കുകപ്പലാണ്‌ കൊല്ലത്തേക്കു നീട്ടിയത്‌. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഭക്ഷ്യധാന്യമടങ്ങിയ 47 കണ്ടെയ്നറാണ്‌ ആദ്യ കപ്പലിൽ ഉണ്ടായിരുന്നത്‌. മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ആദ്യയാത്ര ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. തുറമുഖ ഓഫീസ്‌ പരിസരത്തു നടന്ന ചടങ്ങിൽ എം മുകേഷ്‌ എംഎൽഎ അധ്യക്ഷനായി. മടക്കയാത്രയിൽ ചരക്ക് കൊണ്ടുപോകാനുള്ള പിന്തുണ വ്യവസായികളിൽനിന്നു ലഭിച്ചാൽ ആഴ്ചയിൽ രണ്ടു സര്‍വീസ്‌ നടത്താനാകുമെന്ന് മാരിടൈം ബോർഡ് ചെയർമാൻ വി ജെ മാത്യു പറഞ്ഞു. ദീപാവലിയോടെ ഒരു കപ്പൽകൂടി തുടങ്ങും. ടൈൽസ്, സിമന്റ് തുടങ്ങിയ നിര്‍മാണസാമ​ഗ്രികൾ കൊല്ലത്ത്‌ എത്തിച്ച് സമീപ ജില്ലകളിലേക്ക്‌ റോഡ് മാര്‍​ഗം കൊണ്ടുപോകാനും ലക്ഷ്യമുണ്ട്‌. കൊച്ചി–- ബേപ്പൂർ അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള തീരദേശ ചരക്കുകപ്പൽ സർവീസ് ജൂലൈ 27നാണ് ആരംഭിച്ചത്. കൊല്ലത്തുനിന്ന്‌ വിഴിഞ്ഞത്തേക്കുകൂടി നീട്ടാനാണ് ശ്രമം. ലക്ഷദ്വീപിലേക്ക് യാത്രക്കപ്പൽ ആരംഭിക്കാനും നടപടിയെടുക്കുന്നുണ്ട്‌.   
കേരള മാരിടൈം ബോർഡിനു കീഴിൽ സംസ്ഥാനത്തുള്ള 17 ചെറുകിട തുറമുഖങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളിൽ മുന്നിലാണ്‌ കൊല്ലം. 7.2 മീറ്റർ സ്വാഭാവിക ആഴവും 178 മീറ്റർ നീളമുള്ള കാർഗോ ടെർമിനലും 100 മീറ്റർ നീളമുള്ള പാസഞ്ചർ കം കാർഗോ ടെർമിനലും നിലവിലുണ്ട്. ഷിപ്പിങ്‌ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ടഗ്ഗുകൾ, ക്രെയിനുകൾ, റീച്ച് സ്റ്റാക്കറുകൾ, ചരക്ക്‌ സൂക്ഷിക്കാൻ 1300 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള രണ്ടു ഗോഡൗൺ, 1486 ചതുരശ്ര മീറ്ററുള്ള സ്റ്റാക്ക് യാർഡ്, വർക്‌ഷോപ്പ് തുടങ്ങിയവയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top