28 March Thursday

കൊല്ലത്ത്‌ ആവേശമായി എസ്എഫ്ഐ ജാഥ

സ്വന്തം ലേഖകൻUpdated: Friday Aug 19, 2022

എസ്‌എഫ്‌ഐ പ്രസിഡന്റ്‌ വി പി സാനു നയിക്കുന്ന അഖിലേന്ത്യ ജാഥയ്‌ക്ക്‌ കൊല്ലത്ത്‌ നൽകിയ സ്വീകരണം

കൊല്ലം
ഭരണഘടനയും രാജ്യവും വിദ്യാഭ്യാസവും സംരക്ഷിക്കണമെന്ന ആഹ്വാനവുമായി പര്യടനം നടത്തുന്ന എസ്‌എഫ്‌ഐ ദക്ഷിണമേഖലാ ജാഥയ്ക്ക്‌ ജില്ലയിൽ അത്യുജ്വല സ്വീകരണം. നഗരത്തെ ഉത്സവഛായയിലാക്കി നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്ന വർണശബളമായ ഘോഷയാത്രയോടെയാണ് ജാഥാ ക്യാപ്ടൻ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, വൈസ് ക്യാപ്ടൻ നിതീഷ് നാരായണൻ, അംഗങ്ങളായ കർണാടക സംസ്ഥാന സെക്രട്ടറി വസുദേവ് റെഡ്ഡി, തമിഴ്നാട് സംസ്ഥാന സെക്രട്ടറി മാരിയപ്പൻ, ​ഗുജറാത്ത് ജോയിന്റ് കൺവീനർ സത്യേഷ, കേരള  സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ എന്നിവരെ കൊല്ലം ക്യുഎസി മൈതാനത്തിലേക്ക് ആനയിച്ചത്. 
കോട്ടയം ജില്ലയിലെ സ്വീകരണശേഷം ബുധൻ രാത്രിയാണ് ജാഥ ജില്ലയിൽ പ്രവേശിച്ചത്. ഏനാത്ത് പാലത്തിനു സമീപം നൂറുകണക്കിനുപേർ ആവേശത്തോടെ വരവേൽപ്പ് നൽകി. വ്യാഴം പകൽ ഒന്നിനാണ് ചിന്നക്കടയിൽനിന്ന് ജാഥാക്യാപ്ടനെയും അം​ഗങ്ങളെയും ഹാരമണിയിച്ച് തുറന്ന ജീപ്പിൽ ഘോഷയാത്ര തുടങ്ങിയത്. അലങ്കരിച്ച കുതിരയും ചെണ്ടമേളവും മുത്തുക്കുടയും വർണബലൂണും തെയ്യക്കോലവും എല്ലാമായി വിവിധ ഏരിയ കമ്മിറ്റികളുടെ ബാനറുകൾക്ക് കീഴിൽ  നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത, കുതിക്കുന്ന അദാനി വിശക്കുന്ന ഇന്ത്യ തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡും വിദ്യാർഥികൾ കൈയിലേന്തി. ന​ഗരവീഥികളെല്ലാം കൊടിതോരണങ്ങളാൽ അലങ്കരിച്ചിരുന്നു. 
ക്യുഎസി മൈതാനത്ത് സംഘാടകസമിതി ചെയർമാൻ എം നൗഷാദ് എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗം ചിന്താ ജെറോം, ജില്ലാ സെക്രട്ടറിയറ്റ് അം​ഗം പി എ എബ്രഹാം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ്,  സെക്രട്ടറി ശ്യാംമോഹൻ തുടങ്ങിയവർ ജാഥയെ സ്വീകരിച്ചു. ഏരിയ കമ്മിറ്റികളും വിവിധ സംഘടനകളും ഷാളണിയിച്ചും പുസ്തകവും മെമെന്റോയും നൽകിയും സ്വീകരിച്ചു.  
യോ​ഗത്തിൽ വി പി സാനു, നിതീഷ് നാരായണൻ, വസുദേവ് റെഡ്ഡി, മാരിയപ്പൻ, സത്യേഷ എന്നിവർ സംസാരിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, ജോയിന്റ് സെക്രട്ടറിമാരായ കെ വി അനുരാ​ഗ്, ഹസൻ മുബാറക്,  ജി ടി അഞ്ജുകൃഷ്ണ,  വൈസ് പ്രസിഡന്റുമാരായ അക്ഷയ്, സെറീന സലാം, കേന്ദ്രകമ്മിറ്റി അം​ഗം ആദർശ് എം സജി തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ്  എ വിഷ്ണു അധ്യക്ഷനായി. സെക്രട്ടറി ആർ ​ഗോപീകൃഷ്ണൻ സ്വാ​ഗതം പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗം ജെഫിൻ നന്ദി പറഞ്ഞു.
ആ​ഗസ്ത് ഒന്നിന് കന്യാകുമാരിയിൽനിന്ന് ആരംഭിച്ച് പുതുച്ചേരിയും ആന്ധ്രയും കർണാടകയും കടന്ന് കേരളത്തിലെത്തിയ ജാഥ വെള്ളിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top