01 July Friday
ഹെഡ്‌ലോഡ്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന സമ്മേളനം

ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

ഹെഡ്‌ലോഡ്‌ ആൻഡ് ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനത്തിന്‌ 
മുന്നോടിയായി സമ്മേളന നഗറിൽ ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തുന്നു

 കൊല്ലം

തൊഴിലാളികളുടെ സംഘശക്തി വിളിച്ചോതി ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്‌ കൊല്ലത്തിന്റെ ചുവന്ന മണ്ണിൽ ഉജ്വല തുടക്കം. കാട്ടാക്കട ശശി നഗറിൽ (സി കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ) പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്‌തു.  ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ എസ്‌ ജയമോഹൻ സ്വാഗതം പറഞ്ഞു. എസ്‌എഫ്‌ഐ കൊല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഗതഗാനം ആലപിച്ചു. ജാനകി കലാക്ഷേത്രം നൃത്തശിൽപ്പം അവതരിപ്പിച്ചു. സി ജയൻബാബു രക്തസാക്ഷി പ്രമേയവും  കെ രാമദാസ്  അനുശോചന പ്രമേയവും ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച നടക്കുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ, സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ, സംസ്ഥാന സെക്രട്ടറിമാരായ എൻ പത്മലോചനൻ, കെ പി സഹദേവൻ, വൈസ് പ്രസിഡന്റ്‌ പി സജി, ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ്, സ്വാഗതസംഘം സെക്രട്ടറി  എ എം ഇക്ബാൽ എന്നിവർ പങ്കെടുത്തു. 
പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായി സമ്മേളന നഗറിൽ രാവിലെ ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. രക്തസാക്ഷിമണ്ഡപത്തിൽ പ്രതിനിധികൾ പുഷ്‌പാർച്ചന നടത്തി. 
പ്രമേയ കമ്മിറ്റി: പി കെ ശശി (കൺവീനർ), സി ജയൻബാബു, എം എ രാജഗോപാൽ, സി നാസർ, എം എസ് സ്കറിയ, കെ രാമദാസ് (അംഗങ്ങൾ). ക്രഡൻഷ്യൽ: ടി ആർ സോമൻ (കൺവീനർ), കെ പി രാജൻ, മലയാലപ്പുഴ മോഹനൻ, കെ എം  അഷ്‌റഫ് (അംഗങ്ങൾ). മിനിറ്റ്‌സ്‌: എൻ സുന്ദരൻപിള്ള (കൺവീനർ), എസ് ആർ രമേശ്, ആർ എസ് സതീശൻ, വി കെ വിനു (അംഗങ്ങൾ).
സമ്മേളനം വ്യാഴാഴ്‌ച സമാപിക്കും. പൊതുസമ്മേളനം കെ തുളസീധരൻ നഗറിൽ (ക്യൂഎസി മൈതാനം) സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. വൈകിട്ട്‌ നാലിന്‌ ആശ്രാമം മൈതാനിയിൽനിന്ന്‌ ആരംഭിക്കുന്ന പ്രകടനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചുമട്ടുതൊഴിലാളികൾ അണിനിരക്കും. 
 
ചുമട്ടു തൊഴിലാളികളുടെ തൊഴിലും 
കൂലിയും സംരക്ഷിക്കണം
കൊല്ലം
ചുമട്ടു തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണമെന്ന്‌ ഹെഡ്‌ലോഡ്‌ ആന്‍ഡ് ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു)സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ജോലി സംരക്ഷണത്തിനും കൂലി നിജപ്പെടുത്തുന്നതിനും വേണ്ടിയാണ്‌ കേരള ചുമട്ടുതൊഴിലാളി നിയമം സംസ്ഥാനത്ത്‌ നടപ്പാക്കിയത്‌. 20 വർഷത്തിനുള്ളിൽ നിരവധി ആനുകൂല്യങ്ങൾ നേടിയെടുക്കാൻ തൊഴിലാളികൾക്കായി. എന്നാൽ, കമ്പോള ഘടനയിലും തൊഴിൽ മേഖലയുടെ വിപുലീകരണത്തിലും വലിയ തോതിൽ മാറ്റം വന്നതോടെ തൊഴിൽമേഖല വലിയ വെല്ലുവിളി നേരിടുന്നു. 
വ്യാപാരം വിപുലപ്പെട്ടതോടെ തൊഴിലുടമ തന്നിഷ്‌ടപ്രകാരം തൊഴിലാളികളെ നിയമിക്കുകയും കൂലി വെട്ടിക്കുറയ്‌ക്കുകയും ജോലിതന്നെ നിഷേധിക്കുകയുമാണ്‌. നിലവിലുള്ള തൊഴിലാളിയുടെ വരുമാനവും കമ്പോളത്തിലെ ചരക്കിന്റെ കയറ്റിറക്ക്‌ തോതും പരിശോധിക്കാതെ പുതിയ നിയമനങ്ങൾ നടപ്പാക്കുന്ന രീതി തടയണം. രജിസ്റ്റർ ചെയ്‌ത തൊഴിലാളികളുടെ ജോലിയും വരുമാനവും ഉറപ്പുവരുത്താനാകണം. ഇതു പുതിയ തൊഴിലവസരങ്ങൾക്ക്‌ ഗുണംചെയ്യും. തൊഴിൽ സംഘർഷങ്ങൾ ഇല്ലാതാകും. തൊഴിലാളികളുടെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്താൻ ക്ഷേമബോർഡുകൾക്ക്‌ അധികാരം നൽകണം. 
ഉയർന്ന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക്‌ തൊഴിൽ നഷ്‌ടപ്പെടാതിരിക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top