25 April Thursday
ഉത്ര വധക്കേസ്‌

‘മുറിയിൽ മൂർഖൻ എത്തിയതിൽ‌ അസ്വാഭാവികത’

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021
സ്വന്തം ലേഖകൻ
കൊല്ലം
ഉത്ര മരിച്ചുകിടന്ന മുറിയിൽ സ്വാഭാവികമായി മൂർഖൻ‌ എത്താനോ രാത്രിയിൽ ആക്രമണ സ്വഭാവത്തോടെ കടിക്കാനോ സാധ്യതയില്ലെന്ന്‌ സർപ്പശാസ്‌ത്ര വിദഗ്‌ധൻ കാസർകോട്‌ സ്വദേശി മവീഷ്‌കുമാറിന്റെ നിർണായക മൊഴി. പ്രോസിക്യൂഷൻ ഭാഗം സാക്ഷിയായി  കൊല്ലം ആറാം അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി എം മനോജ്‌ മുമ്പാകെയായിരുന്നു മൊഴി. 
ഉത്രയ്‌ക്ക്‌ പാമ്പ്‌ കടിയേറ്റത്‌ സ്വാഭാവിക സംഭവമല്ലെന്ന്‌ പ്രഥമദൃഷ്‌ട്യാ ബോധ്യപ്പെട്ടത്‌ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു.  ഫോറൻസിക്‌ വിദഗ്‌ധരോടൊപ്പം ഉത്രയുടെയും സൂരജിന്റെയും വീടും‌ മവീഷ്‌കുമാർ പരിശോധിച്ചിരുന്നു. ഉത്രയുടെ മുറിയിൽ ഡെറ്റോൾ ഉപയോഗിച്ചതിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നു. ഇത്തരം സ്ഥലങ്ങൾ പാമ്പുകൾ ഒഴിവാക്കാറുണ്ട്‌. ഉത്രയുടെ കൈകളിലെ പാടുകൾ പരിശോധിച്ചപ്പോൾ സ്വാഭാവിക പാമ്പ്‌ കടിയല്ലെന്നും ബോധ്യമായി. മൂർഖൻ സാധാരണ അതിന്റെ വിഷം പാഴാക്കാറില്ല. പത്തി ഉയർത്തിയും ശബ്‌ദമുണ്ടാക്കിയും പത്തികൊണ്ടടിച്ചും ശത്രുവിനെ ഭയപ്പെടുത്തുകയാണ്‌ പതിവ്‌.  കടിയേറ്റ പാടുകളിലെ പല്ലിന്റെ ആഴവും അകലവും മുറിവിന്റെ വ്യാസവും ഇത്‌ ബലപ്പെടുത്തുന്നു.  മൂർഖൻ പരമാവധി കടിക്കാതിരിക്കാൻ ശ്രമിക്കുമ്പോൾ അണലി ആക്രമണ സ്വഭാവത്തോടെ കടിക്കും. 
നിലവിൽ നേപ്പാളിൽ പാമ്പ്‌ ഗവേഷണവുമായി ബന്ധപ്പെട്ട‌ ജോലി ചെയ്യുന്ന മവീഷ്‌കുമാർ കേരള സർക്കാരിനുവേണ്ടി പാമ്പിനെ പിടിക്കുകയും സംരക്ഷിക്കകയും ചെയ്യുന്നതിനുള്ള ഔദ്യോഗിക മാർഗരേഖ തയ്യാറാക്കുന്നതിനുള്ള കമ്മിറ്റിയിൽ അംഗമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക്‌‌ പ്രോസിക്യൂട്ടർ ജി മോഹൻരാജ്‌, കെ ഗോപീഷ്‌കുമാർ, സി എസ്‌ സുനിൽ എന്നിവരും പ്രതിക്കുവേണ്ടി അഭിഭാഷകരായ അജിത് പ്രഭാവ്‌, അശോക്‌കുമാർ, ജിത്തു എസ്‌ നായർ എന്നിവരും ഹാജരായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top