28 March Thursday

ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിച്ച് മന്ത്രിമാർ

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

കോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രിമാരായ കെ എൻ ബാലഗോപാൽ, 
ജെ ചിഞ്ചുറാണി എന്നിവർ സന്ദർശിച്ചപ്പോൾ

സ്വന്തം ലേഖകൻ

കൊല്ലം

മഴക്കെടുതിയെത്തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്  ധനമന്ത്രി കെ എൻ ബാലഗോപാലും മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയും. കലക്ടറേറ്റിൽ ഉന്നതോദ്യോഗസ്ഥരുടെ  പ്രത്യേക യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ഇരു മന്ത്രിമാരും കോയിക്കൽ ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. മേയർ പ്രസന്ന ഏണസ്‌റ്റും എം നൗഷാദ്‌ എംഎൽഎയും കലക്ടർ് അഫ്‌സാന പർവീണയും ഒപ്പമുണ്ടായിരുന്നു. ആവശ്യമായ മരുന്നും മറ്റു സഹായവും കൃത്യതയോടെ നൽകുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കിഴക്കൻ മേഖലയിലും മറ്റു ദുരിതബാധിത പ്രദേശങ്ങളിലും ആവശ്യാനുസരണം ക്യാമ്പുകൾ ആരംഭിക്കുന്നുണ്ടെന്ന്‌ മന്ത്രി ബാലഗോപാൽ യോഗത്തിൽ പറഞ്ഞു. അച്ചൻകോവിലാറിന്റെ കരയിൽ ഒറ്റപ്പെട്ട 60 കുടുംബങ്ങൾക്ക് ഭക്ഷണം എത്തിച്ചു. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് ഒറ്റ ദിവസം ലഭിച്ച 1600 ലേറെ പരാതികളിൽ 90 ശതമാനവും പരിഹരിച്ചു. ചെങ്കോട്ട –- കൊല്ലം ഹൈവേയിൽ മണ്ണിടിച്ചിൽ സാധ്യത മുന്നിൽകണ്ട് മുൻകരുതലെടുത്തു. മഴക്കെടുതിയിൽ നാശമുണ്ടായ വീടുകൾക്ക്‌ നഷ്ടപരിഹാരം നൽകും. വെള്ളക്കെട്ട് സ്ഥിരമാകുന്ന മേഖലകളിൽ സംരക്ഷണഭിത്തി നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.

സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയുള്ള ദുരിതാശ്വാസ പ്രവർത്തനമാണ് നടപ്പാക്കുന്നതെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും ദുരന്തമേഖലകളിൽ കൈകോർക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കല്ലടയാറിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരവാസികളെ സുരക്ഷിതരാക്കാനുള്ള നടപടി സ്വീകരിച്ചതായി കലക്ടർ അഫ്‌സാന പർവീൺ അറിയിച്ചു. തഹസിൽദാർമാരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങൾ 24 മണിക്കൂർ സേവന സന്നദ്ധരായുണ്ട്‌.   സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ, റൂറൽ ജില്ലാ പൊലീസ്‌ മേധാവി  കെ ബി രവി, എഡിഎം എൻ സാജിതാ ബീഗം, പുനലൂർ ആർഡിഒ ബി ശശികുമാർ, ജില്ലാതല ഉദ്യോസ്ഥർ തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top