20 April Saturday
ആരോഗ്യമന്ത്രിക്ക്‌ ആർഎംഒ റിപ്പോര്‍ട്ട് നൽകി

എസ്എടിയിലേക്ക് വിട്ടത്‌ യുവതിയുടെ നിര്‍ബന്ധത്താൽ

സ്വന്തം ലേഖകന്‍Updated: Saturday Sep 18, 2021
കൊല്ലം
​ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ​കൊല്ലം ​ഗവ. വിക്ടോറിയ ആശുപത്രിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആർഎംഒയുടെ റിപ്പോർട്ട്. യുവതിയുടെ ആവർത്തിച്ചുള്ള ആവശ്യ പ്രകാരമാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് റഫർ ചെയ്തത്. അപകടാവസ്ഥ ബോധ്യപ്പെടുത്തി സമ്മതപത്രം ഒപ്പിട്ടുവാങ്ങിയിരുന്നു. എന്നാൽ, രണ്ടു ദിവസം കഴിഞ്ഞാണ് എസ്എടിയിലേക്ക് ഇവർ പോയതെന്നും ആരോഗ്യമന്ത്രിക്ക്‌ കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.  
പാരിപ്പള്ളി കുളമട കഴുത്തുമൂട്ടിൽ താമസിക്കുന്ന കല്ലുവാതുക്കൽപാറ പാലമൂട്ടിൽ മിഥുന്റെ ഭാര്യ മീര (23) ​15ന് കൊല്ലം ഗവ. മെഡിക്കൽകോളേജ്‌ ആശുപത്രിയിലാണ്‌ പ്രസവിച്ചത്‌. എന്നാൽ, കുഞ്ഞ്‌ മരിച്ചിരുന്നു. കൂട്ടിരിപ്പുകാരില്ലെന്ന കാരണത്താൽ വിക്ടോറിയയിൽ പ്രവേശിപ്പിച്ചില്ലെന്നാണ്‌ കുടുംബത്തിന്റെ ആരോപണം. തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ എത്തിയെങ്കിലും അഡ്‌മിറ്റ്‌ ചെയ്‌തില്ലെന്നുമാണ്‌ പരാതി.  
ഗർഭകാലത്ത്‌ ചികിത്സ നടത്തിയിരുന്ന പരവൂർ നെടുങ്ങോലം രാമറാവു ആശുപത്രിയിൽനിന്നാണ് മീരയെ വിക്ടോറിയയിലേക്ക് റഫർ ചെയ്തത്. എട്ടുമാസം ​ഗർഭിണിയായ യുവതി സെപ്തംബർ 11ന് വൈകിട്ട് ആറിന്‌ വിക്ടോറിയയിലെത്തി. ഒപ്പം ഭർത്താവ് മാത്രമാണ്‌ ഉണ്ടായിരുന്നത്. പ്രസവ ലക്ഷണം കണ്ടതിനാൽ ലേബർ റൂമിലാക്കാൻ തീരുമാനിച്ചു. കൂട്ടിരിപ്പിന് സ്ത്രീയെ ഏർപ്പെടാക്കാനും നിർദേശിച്ചു. എന്നാൽ, മൂത്തകുട്ടി എസ്എടിയിൽ ചികിത്സയിലാണെന്നും അമ്മ അവിടെയാണെന്നും അതിനാൽ അങ്ങോട്ടേക്ക് റഫർ ചെയ്യണമെന്നും യുവതി നിർബന്ധം പിടിച്ചു. ആരോഗ്യ സ്ഥിതി പരി​ഗണിച്ച് ഡോക്ടർ ഇതനുവദിച്ചില്ല. 7.30ന് നൈറ്റ് ഡ്യൂട്ടിയിലുള്ള ഡോക്ടർ വന്നപ്പോഴും ഇവർ ആവശ്യം ആവർത്തിച്ചു. തുടർച്ചയായ നിർബന്ധത്തെതുടർന്ന്‌ എസ്‌എടിയിലേക്ക്‌ റഫർ ചെയ്യാൻ നിർബന്ധിതമാകുകയായിരുന്നു. അതിനിടെ കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റാൻ ശ്രമിച്ചെങ്കിലും കിടക്ക ഒഴിവില്ലായിരുന്നു. യാത്രാമധ്യേ പ്രസവ സാധ്യത ബോധ്യപ്പെടുത്തി സമ്മതപത്രം ഒപ്പിട്ട് വാങ്ങിയാണ്  പോകാൻ അനുവദിച്ചത്. എത്രയുംവേഗം എസ്എടിയിൽ എത്തണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, വിക്ടോറിയ ആശുപത്രിയിൽനിന്ന് രാത്രി ഒമ്പതിന്‌ അവർ വീട്ടിലേക്കാണ് പോയത്.  13നാണ് എസ്എടിയിൽ എത്തിയത്. കൂട്ടിരിപ്പിന് ആളില്ലെന്ന കാരണത്താൽ  അഡ്മിറ്റ് ചെയ്തില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്‌.  
വയറുവേദനയുമായി യുവതി ഒറ്റയ്‌ക്കാണ്‌ എത്തിയതെന്നും മാസം തികയാതെയുള്ള പ്രസവമായതിനാലാണ്‌ കൂടുതൽ സൗകര്യമുള്ള വിക്ടോറിയയിലേക്ക്‌ റഫർ ചെയ്‌തതെന്നും നെടുങ്ങോലം ആശുപത്രി അധികൃതരും അറിയിച്ചു. ആശുപത്രി ആംബുലൻസിലാണ്‌ വിക്ടോറിയയിൽ എത്തിച്ചത്‌. ഗർഭാവസ്ഥയിൽ പരിശോധനകൾക്ക്‌ കൃത്യമായി യുവതി എത്തിയിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top