16 April Tuesday

പെടാപ്പാട്‌ വേണ്ട; അച്ചൻകോവിലിന്‌ ആശുപത്രി റെഡി

സ്വന്തം ലേഖകൻUpdated: Saturday Sep 18, 2021

നിർമാണം പൂർത്തിയാകുന്ന അച്ചൻകോവിൽ പ്രാഥമികാരോഗ്യ കേന്ദ്രം

തെന്മല 

രോഗംവന്നാൽ കിലോമീറ്ററുകൾ താണ്ടി പെടാപ്പാടിലാകുന്ന അച്ചൻകോവിലിലെ ജനങ്ങൾക്ക്‌ ഇനി സ്വന്തമായി ആശുപത്രി. പുനലൂർ താലൂക്കാശുപത്രിയെയും കഴുതുരുട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തെയും ആശ്രയിച്ചിരുന്ന ഗ്രാമീണരുടെ ചിരകാല സ്വപ്നമാണ്‌ യാഥാർഥ്യമാകുന്നത്‌. ആദിവാസി മേഖലയിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അച്ചൻകോവിലിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്‌. 
ആധുനിക രീതിയിൽ നിർമിച്ച ബഹുനില മന്ദിരത്തിൽ ലിഫ്റ്റ് സൗകര്യം ഉൾപ്പെടെയുണ്ട്. താഴത്തെ നിലയിൽ രജിസ്ട്രേഷൻ കൗണ്ടർ, ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാൻ രണ്ടു മുറികൾ, ശീതീകരിച്ച ലബോറട്ടറി, മരുന്നു വിതരണകേന്ദ്രം, ഒന്നാംനിലയിൽ ഓഫീസ് സൗകര്യങ്ങൾ, രണ്ടാംനിലയിൽ ശീതീകരിച്ച കോൺഫറൻസ് ഹാൾ, ജീവനക്കാർക്ക് ക്വാർട്ടേഴ്സ് എന്നിങ്ങനെയാണ് സജ്ജമാകുന്നത്‌. കുടിവെള്ളത്തിനായി കുഴൽക്കിണറും 6000 ലിറ്റർ ശേഷിയുള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. 
ദേശീയ ആരോഗ്യ മിഷനിൽ നിന്നുള്ള 3.33 കോടി രൂപ ചെലവഴിച്ചാണ് 678.51 ചതുരശ്രയടിയിൽ മനോഹരമായ കെട്ടിടം പൂർത്തിയാക്കുന്നത്‌. 90 ശതമാനവും പൂർത്തിയായി. 
രോഗികൾക്കായുള്ള താൽക്കാലിക വിശ്രമകേന്ദ്രം, ഡീസൽ ജനറേറ്റർ, ബോർഡുകൾ എന്നിവകൂടി സജ്ജമാക്കി ഒക്ടോബർ അവസാനത്തോടെ നിർമാണം പൂർത്തീകരിക്കും.
ആംബുലൻസ് സൗകര്യം ഏർപ്പെടുത്താനും കിടത്തിചികിത്സ ആരംഭിക്കാനും പദ്ധതി സമർപ്പിക്കാൻ എൻഎച്ച്എം ഉദ്യോഗസ്ഥർക്ക് പി എസ് സുപാൽ എംഎൽഎ നിർദേശം നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top