25 April Thursday
വേര്‍തിരിക്കലിന്‌ ധാരണയിലെത്തി കെഎംഎംഎൽ

ഉപയോഗിച്ച ആസിഡില്‍നിന്ന്‌ അപൂര്‍വധാതു

സ്വന്തം ലേഖകൻUpdated: Saturday Mar 18, 2023

കെഎംഎംഎൽ എംഡി ജെ ചന്ദ്രബോസ് സിഎസ്ഐആർ ഉദ്യോഗസ്ഥർക്ക് ധാരണാപത്രം കെെമാറുന്നു

ചവറ
ഉപയോഗിച്ച ആസിഡിൽനിന്ന്‌ അത്യപൂർവ ധാതു വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച്‌ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ. ഉൽപ്പാദന പ്രക്രിയയുടെ ഭാഗമായി ഉപയോഗിച്ച ആസിഡിൽനിന്ന്‌ സ്‌കാൻഡിയം വേർതിരിച്ചെടുക്കാനാണ്‌ തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (എൻഐഐഎസ്ടി)ക്ക് കീഴിലെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചുമായി (സിഎസ്ഐആർ) കെഎംഎംഎൽ ധാരണാപത്രം ഒപ്പുവച്ചത്‌. കെഎംഎംഎല്ലിലെ റിസർച്ച് ആൻഡ്‌ ഡെവലപ്മെന്റ്‌ ഡിപ്പാർട്ടുമെന്റുമായി ചേർന്നാണ് പുതിയ ആശയത്തിന് രൂപം നൽകിയത്‌. 
ബഹിരാകാശരംഗത്തും ആണവ സാങ്കേതികവിദ്യയിലും ഉപയോഗിക്കുന്ന അപൂർവ ലോഹമായ സ്‌കാൻഡിയം ഏറെ വ്യവസായിക ആവശ്യമുള്ളതും സ്വർണത്തേക്കാൾ വിലയുള്ളതാണ്. ലോകത്ത് വർഷത്തിൽ ആകെ 50 ടൺ മാത്രമാണ് ഉൽപ്പാദനമുള്ളത്. ഇന്ത്യയിൽ സ്‌കാൻഡിയം ഉൽപ്പാദനം മറ്റെങ്ങുമില്ല. കെഎംഎംഎല്ലിലെ നവീന പദ്ധതി വിജയിച്ചാൽ രാജ്യത്തിനും സംസ്ഥാനത്തിനും വലിയ മുതൽക്കൂട്ടാകും. സിഎസ്ഐആർ- എൻഐഐഎസ്ടി റിസർച്ച് ആൻഡ്‌ ഡെവലപ്‌മെന്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച വൺ വീക്ക് വൺ ലാബ് പരിപാടിയുടെ ഭാഗമായി നടന്ന സ്ട്രാറ്റജിക് മെറ്റീരിയൽ കോൺക്ലേവിലെ പാനൽ ചർച്ചയ്‌ക്കു ശേഷമാണ്‌ ധാരണാപത്രം ഒപ്പുവച്ചത്. സിഎസ്ഐആർന് കീഴിലെ രാജ്യത്തെ 37 ലബോറട്ടറികളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്നതാണ് വൺ വീക്ക് വൺ ലാബ് പരിപാടി. "രക്ഷ 2023' പ്രമേയത്തിലാണ് തന്ത്രപ്രധാന വസ്തുക്കളെക്കുറിച്ചുള്ള ചർച്ച സംഘടിപ്പിച്ചത്. വിഎസ്എസ്‌സി ഐഎസ്ആർഒ ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻനായർ ഉദ്ഘാടനംചെയ്‌ത കോൺക്ലേവിൽ കെഎംഎംഎൽ മാനേജിങ്‌ ഡയറക്ടർ ജെ ചന്ദ്രബോസ് വിശിഷ്‌ടാതിഥിയായി. സിഎസ്ഐആർ- എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി അനന്തരാമകൃഷ്ണൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top