29 March Friday
‘ദി സിറ്റിസൺ’ ക്യാമ്പയിൻ വരുന്നു

കൊല്ലം സമ്പൂർണ ഭരണഘടനാ സാക്ഷര ജില്ലയാകും

സ്വന്തം ലേഖകൻUpdated: Tuesday Jan 18, 2022
കൊല്ലം 
ഇന്ത്യയുടെ ഭരണഘടനയെക്കുറിച്ചും മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളെക്കുറിച്ചും അവബോധം നൽകി ജില്ലയ്‌ക്ക്‌ സമ്പൂർണ ഭരണഘടനാ സാക്ഷരത കൈവരിക്കാൻ ‘ദി സിറ്റിസൺ’ ക്യാമ്പയിൻ വരുന്നു. 10 വയസ്സിനു മുകളിലുള്ളവർക്ക്‌ ബോധവൽക്കരണം നൽകുകയാണ് ജില്ലാ ആസൂത്രണ സമിതി, ജില്ലാ പഞ്ചായത്ത്, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള ക്യാമ്പയിന്റെ ലക്ഷ്യം. റിപ്പബ്ലിക് ദിനത്തിൽ ക്യാമ്പയിനു തുടക്കമാകും. ആഗസ്‌ത്‌ 14ന് അർധരാത്രിയിൽ കൊല്ലത്തെ സമ്പൂർണ ഭരണഘടനാ സാക്ഷര ജില്ലയായി പ്രഖ്യാപിക്കും.
ഭരണഘടനയുടെ ആമുഖം വീടുകളിൽ 
സർക്കാർ–- സ്വകാര്യ സ്ഥാപനങ്ങൾ, സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെ പങ്കാളികളാക്കി തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലാണ് ക്യാമ്പയിൻ നടപ്പാക്കുക. തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള വ്യക്തികൾക്ക് (സെനറ്റർമാർ) ഭരണഘടനാ മൂല്യങ്ങളെപ്പറ്റി കില പരിശീലനം നൽകും. മുനിസിപ്പാലിറ്റിയിൽനിന്ന് 20 മുതൽ 25‍‍‍‍‍‍ വരെ പേർ,  കോർപറേഷനിൽനിന്ന് 100‍ മുതൽ 150‍, പഞ്ചായത്തിൽനിന്ന് 10 മുതൽ 15 എന്നിങ്ങനെ 1200 സെനറ്റർമാർക്കാണ് പരിശീലനം നൽകുക.  ഇവർ 10 മുതൽ 20 കുടുംബങ്ങൾ ഉൾപ്പെടുന്ന  ഓരോ ഗ്രൂപ്പിനും രണ്ടുമുതൽ മൂന്നുതവണ വരെ ക്ലാസ്‌ നൽകും. പഠനം പൂർത്തിയാക്കുന്ന എല്ലാ കുടുംബങ്ങളും ഭരണഘടനയുടെ ആമുഖം അവരവരുടെ വീടുകളിൽ സ്ഥാപിക്കും. ഇതിന് സാങ്കേതിക സഹായവും കൈപ്പുസ്തകങ്ങൾ തയ്യാറാക്കലും കില നൽകും.
രാജ്യത്ത് ആദ്യം കൊല്ലത്ത്‌
ജില്ലയെ സമ്പൂർണ ഭരണഘടനാ സാക്ഷരതയിലേക്കു നയിക്കാനുള്ള ക്യാമ്പയിൻ രാജ്യത്ത് ആദ്യമാണെന്ന് സംഘാടകർ പറയുന്നു. ക്യാമ്പയിനുമായി ബന്ധപ്പെട്ട് പ്രത്യേക ആസൂത്രണ സമിതി യോഗം ജില്ലാ പഞ്ചായത്ത് ഹാളിൽ മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ ചേർന്നു. ജനുവരി അഞ്ചിന് കൊട്ടാരക്കര സിഎച്ച്ആർഡിയിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും ഇതു സംബന്ധിച്ച ശിൽപ്പശാല സംഘടിപ്പിച്ചു. രാഷ്ട്രീയകക്ഷികൾ, വിദ്യാർഥി–- യുവജന സംഘടനകൾ, സർവീസ് സംഘടനകൾ, സർക്കാർ ഓഫീസുകളിലെ ജില്ലാതല വകുപ്പ് മേധാവികൾ, മറ്റ് ഇതര സംഘടനകൾ എന്നിവയുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിശദീകരിക്കും. 
ജില്ലാ ഉദ്ഘാടനം 24നുശേഷം നടക്കും. അന്തർദേശീയതലത്തിൽ പ്രശസ്തനായ ഭരണഘടനാ വിദ​ഗ്ധനെ എത്തിക്കാനാണ് ശ്രമം. ഫെബ്രുവരിയിൽ തദ്ദേശ സ്ഥാപനതലത്തിൽ ക്യാമ്പയിൻ ഉദ്ഘാടനംനടക്കും. ഏപ്രിൽ മുതൽ ആ​ഗസ്‌ത്‌ വരെ പഠനക്ലാസുകളും നടക്കും. ആ​ഗസ്‌ത്‌ 10ന് പദ്ധതി പൂർത്തീകരിച്ച് 14ന് അന്തിമ പ്രഖ്യാപനം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top