20 April Saturday

കിഴക്കൻ മേഖലയിൽ പ്രളയസമാനം

സ്വന്തം ലേഖകർUpdated: Sunday Oct 17, 2021

കൊല്ലം –-തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ

 സ്വന്തം ലേഖകർ

പുനലൂർ/പത്തനാപുരം
തുടർച്ചയായി പെയ്യുന്ന മഴ ജില്ലയുടെ കിഴക്കൻ മേഖലയെ പ്രളയസമാനമായ സ്ഥിതിയിലാക്കി. തെന്മല, ആര്യങ്കാവ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ വെള്ളത്തിലായി. പരപ്പാർ ഡാമിന്റെ ഷട്ടറുകൾ 80 സെന്റീമീറ്റർ ഉയർത്തിയതോടെ കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നു. കൊല്ലം –-തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയത്ത് റോഡിന്റെ ഒരുവശം തകർന്ന്‌ അപകടാവസ്ഥയിലാണ്. വൈദ്യുത പോസ്റ്റും സിഗ്നൽ ബോർഡും ഉൾപ്പെടെ വെള്ളത്തിൽ ഒലിച്ചുപോയി. തെന്മല –- ആര്യങ്കാവ് ദേശീയപാതയിൽ എടപ്പാളയത്ത് ഫോറസ്റ്റ് ക്വാർട്ടേഴ്സിനോട് ചേർന്ന്‌ മണ്ണിടിഞ്ഞ് നാഷണൽ ഹൈവേയിൽ വീണ്‌ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. മണ്ണുമാന്തി യന്ത്രം എത്തിച്ച്‌ പാറയും മണ്ണും നീക്കംചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കഴുതുരുട്ടി മൂന്നാം ഡിവിഷനിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ റോഡും കലുങ്കും ഉൾപ്പെടെ തകർന്ന്‌ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇടപ്പാളയം പള്ളിക്കുസമീപം നിരവധി വീടുകളിൽ വെള്ളം കയറി. പുനലൂരിലും പരിസര പ്രദേശങ്ങളിലും താഴ്‌ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്‌. കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്ന്‌ അടുക്കളമൂല, തൊളിക്കോട് ഭാഗങ്ങളിൽ റോഡിലേക്ക് വെള്ളം കയറി. ഇടപ്പാളയത്ത് കഴുതുരുട്ടിയാർ കരകവിഞ്ഞു. ചാലിയക്കര  റോഡ് കിലോമീറ്ററുകള്‍ വെള്ളത്തിനടിയിലായി. 
കല്ലടയാർ കരകവിഞ്ഞതോടെ പത്തനാപുരത്ത് പലയിടങ്ങളിലും റോഡുകളിൽ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. കറവൂർ, പുന്നല്ല, മണക്കാട്ടുപുഴ, പത്തനാപുരം, പുതുവൽ, പനംമ്പറ്റ മേഖലയിലാണ്‌ വെള്ളം കയറിയത്‌. പുനലൂർ –- മുവാറ്റുപുഴ സംസ്ഥാന പാതയിലും ഗതാഗതം തടസപ്പെട്ടു. മലയോര മേഖലയിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞു. കറവൂരിൽ കനാലിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. പത്തനാപുരം ജവഹർ കോളനിയിലെ വീടുകളിൽ വെള്ളം കയറി. പുതവൽ ജംങ്ഷനിൽ വെള്ളക്കെട്ടായതിനാൽ അടൂർ ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top