29 November Wednesday
ചരിത്രമാകാൻ കൊല്ലം മഹോത്സവം

രാജ്യം കുതിച്ചുചാടിയ നിമിഷം

ബിജോ ടോമിUpdated: Sunday Sep 17, 2023
കൊല്ലം
1974 സെപ്‌തംബർ 12, ഏഷ്യൻ ഗെയിംസ്‌ വേദി. അൽബർസ് മലനിരകളുടെ അടിവാരത്തിൽ ഇറാനിലെ എര്യ–-മെഹർ സ്റ്റേഡിയം ആർപ്പുവിളികളാൽ മുഖരിതം. ജംപിങ്‌ പിറ്റിൽനിന്ന്‌ അൽപ്പം മാറി ക്യാമറക്കണ്ണുകൾക്കപ്പുറം നീണ്ടുമെലിഞ്ഞ ശരീരപ്രകൃതിയും കുറ്റിത്താടിയുമുള്ള ഒരാൾ വാം അപ്പ്‌ ചെയ്യുന്നു. ഊഴമെത്തിയതോടെ ചാട്ടത്തിനൊരുങ്ങി. റൺവേയിലെ കുതിപ്പിനുശേഷം ടേക്ക്ഓഫ് പോയിന്റിൽ നിന്ന് ഉയർന്നു പൊങ്ങിയ യുവാവ്‌ ജംപിങ്‌ പിറ്റിലെ മണൽതരികളെ പുൽകിയത്‌ എട്ടു മീറ്ററിനും ഏഴു മില്ലി മീറ്ററിനും അപ്പുറം. അവിടെ ഒരു പേര്‌ അടയാളപ്പെടുത്തപ്പെട്ടു. തടത്തുവിള ചാണ്ടപ്പിള്ള യോഹന്നാൻ എന്ന ടി സി യോഹന്നാൻ. ഒപ്പം കായിക ചരിത്രത്തിൽ രാജ്യത്തിന്റെ അഭിമാനനിരയിലേക്ക്‌ കൊല്ലത്ത്‌ നിന്ന്‌ ഒരു സുവർണോദയവും.
തെഹ്‌റാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ എഴുകോൺ മാറനാട്‌ തടത്തുവിള വീട്ടിൽ ടി സി യോഹന്നാൻ ലോങ്‌ ജംപിൽ സ്ഥാപിച്ച 8.07 മീറ്റർ എന്ന റെക്കോഡ്‌ മൂന്നു പതിറ്റാണ്ടാണ്‌ ദേശീയതലത്തിൽ അഭേദ്യമായി നിലകൊണ്ടത്‌. ഇന്ത്യൻ അത്‌ലറ്റിക്‌സ്‌ ചരിത്രത്തിലെ സുവർണ നിമിഷങ്ങളിലൊന്ന്‌. 1960ലെ റോം ഒളിംപിക്സ് 400 മീറ്ററിൽ മിൽഖാ സിങ് നടത്തിയ റെക്കോഡ് കുതിപ്പിനോടാണ് യോഹന്നാന്റെ നേട്ടം താരതമ്യം ചെയ്യപ്പെട്ടത്. പരിക്കിന്റെ ബുദ്ധിമുട്ടുകൾ അലട്ടിയിരുന്ന യോഹന്നാൻ വേദനസംഹാരി കഴിച്ചാണ്‌ മത്സരത്തിന്‌ ഇറങ്ങിയത്‌. തന്റെ നാലാമത്തെ ചാട്ടത്തിലായിരുന്നു റെക്കോഡ്‌ ദൂരം കുറിച്ചത്‌. 7.77 മീറ്റർ ചാടിയ ജപ്പാന്റെ  തകയോഷി കവാഗോയാണ്‌ വെള്ളി നേടിയത്‌. മലയാളിയായ സതീഷ്‌ പിള്ളയാണ്‌ 7.58 മീറ്റർ ചാടിയാണ്‌ വെങ്കലം നേടിയത്.
മോൺട്രിയോളിലെ 
നഷ്‌ടസ്വപ്‌നം
1976ലെ മോൺട്രിയോൾ ഒളിംപിക്സിൽ യോഹന്നാൻ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു. തെഹ്റാനിലെ പ്രകടനം ആവർത്തിച്ചിരുന്നെങ്കിൽ  മെഡൽ പട്ടികയിൽ ഇടം നേടാനാകുമായിരുന്നു. പക്ഷെ, കനഡയിലെ അതിശൈത്യവും പരിക്കിന്റെ രൂപത്തിലെത്തിയ നിർഭാഗ്യവും മോൺട്രിയോളിൽ ഇന്ത്യയുടെ നഷ്‌ടസ്വപ്നമായി. അന്താരാഷ്‌ട്ര വേദികളിലെ പരിചയക്കുറവും വെല്ലുവിളിയായെന്ന്‌ അദ്ദേഹം പറഞ്ഞു. 7.72 മീറ്ററാണ്‌ യോഹന്നാൻ മോൺട്രിയോളിൽ കുറിച്ച ദൂരം. 8.22, 8.11, 8.02 എന്നിങ്ങനെയായിരുന്നു അന്നത്തെ മികച്ച പ്രകടനങ്ങൾ.
തോടുകടന്ന്‌ 
ഒളിമ്പിക്‌സ്‌ വരെ
മുൻ മന്ത്രി ഇ ചന്ദ്രശേഖരൻനായരുടെ ഉടമസ്ഥതയിൽ ഇരുമ്പനങ്ങാടുള്ള സ്‌കൂളിലായിരുന്നു പ്രാരംഭ വിദ്യാഭ്യാസം. വീട്ടിൽനിന്നു മൂന്നു കിലോമീറ്റർ നടന്നുവേണം സ്‌കൂളിലെത്താൻ. തോടും ചെറിയ കുന്നുമെല്ലാം താണ്ടിയുള്ള ഈ യാത്രയാണ്‌ യോഹന്നാനെ ഒളിമ്പിക്‌സ്‌ വരെ എത്തിച്ചത്‌. സ്‌കൂളിൽ പോകുന്ന വഴി ചെറിയൊരു തോടുണ്ട്‌. ഈ തോട്‌ ചാടിക്കടന്നാൽ ഒരു നാരങ്ങാവെള്ളം വാങ്ങിത്തരാമെന്ന്‌ കൂട്ടുകാരനായ ജോർജുകുട്ടി പറഞ്ഞു. ചാട്ടം പിഴച്ച്‌ വെള്ളത്തിൽ വീണതോടെ ദേഹവും ഉടുപ്പും പുസ്‌തകവുമെല്ലാം വെള്ളവും ചെളിയുമായി. കരഞ്ഞുകൊണ്ടാണ്‌ വീട്ടിൽ എത്തിയത്‌. കാര്യം അന്വേഷിച്ച അച്ഛൻ ചാണ്ടപ്പിള്ള ആശ്വസിപ്പിച്ചശേഷം നേരെ കൂട്ടിക്കൊണ്ടു പോയത്‌ ആ തോട്ടിൻകരയിലേക്ക്‌. തോട്‌ ചാടിക്കടന്നശേഷമാണ്‌ മടങ്ങിയത്‌. അത്‌ലറ്റിക്‌ ജീവിതത്തിന്റെ തുടക്കം ഈ തോട്ടിൻകരയിൽ നിന്നായിരുന്നെന്ന്‌ യോഹന്നാൻ ഓർക്കുന്നു.
1970ൽ ഭിലായ്‌ സ്റ്റീൽ പ്ലാന്റിൽ മെക്കാനിക്കൽ എൻജിനിയറിങിൽ ഡിപ്ലോമ പഠനത്തിനു ചേർന്നു. ഭിലായിലെ പഠനകാലം കായിക ജീവിതത്തിൽ നിർണായകമായി. സിംഗപ്പൂരിൽ നടന്ന പ്രസന്നകുമാർ ലിറ്റിൽ ഒളിമ്പിക്‌ ഗെയിംസിൽ ലോംഗ്‌ ജംപിലും ട്രിപ്പിൾ ജംപിലും സ്വർണം നേടിയ യോഹന്നാനെത്തേടി നിരവധി ജോലി വാഗ്ദാനങ്ങൾ എത്തി. സഹോദരങ്ങളുടെ ഉപദേശമനുസരിച്ച്‌ ടെൽകോയിൽ ജോലിയിൽ പ്രവേശിച്ചു. ജംഷഡ്‌പൂരിൽ പബ്ലിക്‌ റിലേഷൻ ഓഫീസറായിരുന്നു നിയമനം. സുരേഷ്‌ ബാബു, രഘുനാഥൻ തുടങ്ങി ഒട്ടേറെ മുൻനിര അത്‌ലറ്റുകൾ അന്ന്‌ ടെൽക്കോയിലുണ്ടായിരുന്നു.
1969ലാണ് യോഹന്നാൻ ദേശീയ തലത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. രണ്ടു വർഷത്തിനുശേഷം പട്യാല ദേശീയ മീറ്റിൽ ലോംഗ്ജംപിൽ 7.60 മീറ്റർ താണ്ടി ദേശീയ റെക്കോഡ് കുറിച്ചു. 1972ൽ ട്രിപ്പിൾ ജംപ് കിരീടവും യോഹന്നാൻ സ്വന്തമാക്കി. അടുത്ത വർഷം ലോംഗ്ജംപിലെ സ്വന്തം റെക്കോഡ് 7.78 മീറ്ററാക്കി മെച്ചപ്പെടുത്തി.
പരിക്ക്‌ വില്ലനായി
1978ൽ കാലിനേറ്റ ഗുരുതര പരിക്ക്‌ കരിയറിന്‌ തിരശീലയിട്ടു. വിദഗ്‌ധരായ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ ചികിത്സയ്ക്ക്‌ വിധേയമായെങ്കിലും ട്രാക്കിലേക്ക്‌ മടങ്ങിയെത്താനായില്ല. തുടർന്ന്‌ തന്റെ ആഗ്രഹപ്രകാരം 1983ൽ കൊച്ചിയിലേക്ക്‌ സ്ഥാനമാറ്റം ലഭിച്ചുവെന്ന്‌ യോഹന്നാൻ പറഞ്ഞു. പിന്നീട്‌ സ്വയം വിരമിച്ചു. ഇപ്പോൾ എറണാകുളം കാക്കനാടാണ്‌ താമസം. 1974 ൽ  അർജ്ജുന അവാർഡ്‌ നൽകി ടി സി യോഹന്നാനെ രാജ്യം ആദരിച്ചു. അർജുന അവാർഡ് നേടിയ ആദ്യ മലയാളി അത്‌ലറ്റാണ്‌ അദ്ദേഹം. കേരള സർക്കാരും അദ്ദേഹത്തെ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു. ടെൽകോയുടെ ടെൽകോവീർ അവാർഡിനും അദ്ദേഹം അർഹനായി. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെത്തിയ ആദ്യ പൂർണ മലയാളിയായ ടിനു യോഹന്നാൻ മകനാണ്‌. രാജ്യത്തിന്റെ കായിക ചരിത്രത്തിന്‌ നിസ്‌തുല സംഭാവനകൾ നൽകിയ കൊല്ലത്തിന്റെ ഏടുകളിലെ സുവർണശോഭയുള്ള അധ്യായമാണ്‌ ടി സി യോഹന്നാൻ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top