18 April Thursday

വേണം കൊല്ലത്തും പിഎസ്‌സിക്ക്‌ ഓൺലൈൻ പരീക്ഷാകേന്ദ്രം

സ്വന്തം ലേഖകൻUpdated: Friday Sep 17, 2021
കൊല്ലം
പിഎസ്‌സി കൊല്ലം ജില്ല, മേഖലാ ഓഫീസുകൾ കേന്ദ്രീകരിച്ച്‌ ഓൺലൈൻ പരീക്ഷാകേന്ദ്രം ആരംഭിക്കണമെന്ന്‌ ഉദ്യോഗാർഥികൾ.  ഉദ്യോഗാർഥികൾ കുറവുള്ള എഴുത്തുപരീക്ഷകൾ നടത്താനും  കാലതാമസം കൂടാതെ ഫലം പ്രസിദ്ധീകരിക്കാനും   ഓൺലൈൻ പരീക്ഷാകേന്ദ്രം ഉപകരിക്കും. 
പിഎസ്‌സി നൽകുന്ന യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച്‌ ഉദ്യോഗാർഥികൾ ലോഗിൻ ചെയ്യുമ്പോൾ കംപ്യൂട്ടറിൽ ചോദ്യപേപ്പർ കിട്ടുന്ന സംവിധാനമാണിത്‌. തെറ്റായി രേഖപ്പെടുത്തിയ ഉത്തരം പരീക്ഷാസമയത്തിനുള്ളിൽ തിരുത്താൻ അവസരം കിട്ടുമെന്നതും ഓൺലൈൻ പരീക്ഷയുടെ പ്രത്യേകതയാണ്‌. 
ജില്ലയിലെ ഉദ്യോഗാർഥികൾ ഓൺലൈൻ പരീക്ഷയ്‌ക്ക്‌ നിലവിൽ ആശ്രയിക്കുന്നത്‌ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട കേന്ദ്രങ്ങളെയാണ്‌. മേഖലാ ഓഫീസുകളിൽ ഈ സംവിധാനം ഇല്ലാത്തത്‌ കൊല്ലത്തുമാത്രം. കൊല്ലം കൂടാതെ പിഎസ്‌സിക്ക്‌ മേഖലാ ഓഫീസുകൾ ഉള്ളത്‌ കോഴിക്കോട്ടും എറണാകുളത്തും ആണ്‌. മിക്ക ജില്ലാ ഓഫീസുകളിലും ഓൺലൈൻ പരീക്ഷാകേന്ദ്രമുണ്ട്‌. എന്നിട്ടും കൊല്ലത്തെ മാത്രം പരിഗണിക്കുന്നില്ല. ജില്ല, മേഖലാ ഓഫീസ്‌ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതാണ്‌ കൊല്ലത്ത്‌ കേന്ദ്രം അനുവദിക്കുന്നതിന്‌ പിഎസ്‌സി പറയുന്ന തടസ്സം. എന്നാൽ, പല ജില്ലകളിലും  വാടകക്കെട്ടിടത്തിലുള്ള ഓഫീസുകളിലാണ്‌ പരീക്ഷാകേന്ദ്രം. എല്ലാ ജില്ലാ ഓഫീസുകളിലും ഈ സംവിധാനം ആരംഭിക്കാൻ നേരത്തെ പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്‌. കൊല്ലം ജില്ല, മേഖല ഓഫീസുകൾക്ക്‌ കെട്ടിടം നിർമിക്കാൻ എസ്‌പി ഓഫീസ്‌ മേൽപ്പാലത്തിനു സമീപം പിഎസ്‌സിക്ക്‌ സർക്കാർ 35 സെന്റ്‌ സ്ഥലം അനുവദിക്കുകയും കെട്ടിട നിർമാണത്തിന്‌ നടപടി തുടങ്ങുകയും ചെയ്‌തിരുന്നു. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളാണ്‌ കൊല്ലം മേഖലാ ഓഫീസിന്റെ പരിധിയിൽ വരുന്നത്‌.  
ഇനി വൈകരുത്‌: 
ഡിവൈഎഫ്‌ഐ  
ഉദ്യോഗാർഥികളുടെ നിരന്തര ആവശ്യമാണ്‌ കൊല്ലത്ത്‌ പിഎസ്‌സി ഓൺലൈൻ പരീക്ഷാകേന്ദ്രം. ഇനിയും കാലതാമസം ഉണ്ടാകരുതെന്നും അടിയന്തര നടപടിക്ക്‌ പിഎസ്‌സി തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എസ്‌ ആർ അരുൺ ബാബു ആവശ്യപ്പെട്ടു.  
ഉദ്യോഗാർഥികൾക്ക്‌ ഏറെ ആശ്വാസം 
ഓൺലൈൻ പരീക്ഷാകേന്ദ്രം ഉദ്യോഗാർഥികൾക്ക്‌ ഏറെ ആശ്വാസമാകും. ഇപ്പോൾ മറ്റു ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്‌. അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ പിഎസ്‌സി എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സെക്രട്ടറി ജെ അനീഷ്‌ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top