07 December Thursday

3 വര്‍ഷം, മണ്ണിന് ഉടമകളായി 1643 കുടുംബം

സ്വന്തം ലേഖകൻUpdated: Saturday Sep 16, 2023
കൊല്ലം
മൂന്നു വർഷത്തിനിടെ ജില്ലയിൽ എൽഡിഎഫ് സർക്കാർ മണ്ണിന് ഉടമകളാക്കിയത് 1643 കുടുംബങ്ങളെ. 2021 സെപ്തംബർ -മുതൽ 2023 ജൂൺ വരെ മൂന്ന് ഘട്ടമായാണ് പട്ടയംവിതരണംചെയ്തത്. എൽഎ 1964, എൽഎ 1995, എൽടി, മിച്ചഭൂമി, ​ദേവസ്വം വിഭാ​ഗങ്ങളിലായാണ് കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കരുനാ​ഗപ്പള്ളി, കുന്നത്തൂർ താലൂക്കിലായി പട്ടയം നൽകിയത്. ഒന്നാം പിണറായി സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാ​ഗമായി കൊട്ടാരക്കര താലൂക്കിൽ 2021 സെപ്തംബറിൽ നടന്ന ഒന്നാംഘട്ട പട്ടയമേളയിൽ 58 പട്ടയം വിതരണംചെയ്തു. രണ്ടാംഘട്ടമായി 2022 മാർച്ചിൽ പുനലൂരിൽ നടന്ന പട്ടയമേളയിൽ പുനലൂർ പേപ്പർ മില്ലുമായി ബന്ധപ്പെട്ട് 1111പേർക്ക് പട്ടയം നൽകി. ഡിസംബറിൽ കുന്നത്തൂർ താലൂക്കിലെ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എട്ട് എൽഎ പട്ടയംകൂടി വിതരണംചെയ്തു. ഈ വർഷം ജൂൺ 16ന് ചിതറയിൽ നടന്ന പട്ടയമേളയിൽ മൂന്നാംഘട്ടമായി 446 പട്ടയവും വിതരണംചെയ്തു. പുനലൂർ താലൂക്കിൽ 764പട്ടയം വിതരണംചെയ്തു. കൊല്ലം 267, കൊട്ടാരക്കര, 297,  പത്തനാപുരത്ത് 229 പട്ടയവും വിതരണംചെയ്തു. താമസിക്കുന്ന ഭൂമിയുടെ അവകാശത്തിനായി പതിറ്റാണ്ടുകൾ നീണ്ട പോരാട്ടമാണ് ഇടത് സർക്കാരിന്റെ കരുതലിൽ സഫലമായത്. കുടിയൊഴിയേണ്ടിവരുമെന്ന ആശങ്കയ്ക്കാണ് അറുതിയായത്. 
മലയോര ജനതയ്ക്ക് ആശ്വാസം
പട്ടയഭൂമിയിലെ നിർമാണങ്ങൾക്കും അനുബന്ധപ്രവർത്തനങ്ങൾക്കും അം​ഗീകാരം നൽകാൻ എൽഡിഎഫ് സർക്കാർ വ്യാഴാഴ്ച കൊണ്ടുവന്ന ഭൂപതിവ് ഭേദ​ഗതി നിയമം ജില്ലയിലെ മലയോര മേഖലയിലെ നിരവധിപേർക്ക് ആശ്വാസമാകും. 
പ്രധാനമായും പത്തനാപുരം,  പുനലൂർ, കൊട്ടാരക്കര താലൂക്കിലാണ് ഇത്തരം പട്ടയം.  1960ലെ  ഭൂപതിവ് നിയമം അനുസരിച്ച്  കൃഷിക്കും വീടുനിർമാണത്തിനും നൽകിയ ഭൂമിയിൽ മറ്റ് നിർമാണങ്ങൾക്ക് വിലക്കുണ്ടായിരുന്നു. പുതിയ നിയമത്തോടെ നിശ്ചിത ആവശ്യത്തിനു പതിച്ചുനൽകിയ ഭൂമിയിൽ ജീവിതോപാധിക്കായി നടത്തിയ ചെറുനിർമാണങ്ങളും കാർഷികാവശ്യത്തിനായി അനുവദിച്ച ഭൂമിയുടെ വക മാറ്റിയുള്ള ഉപയോ​ഗവും ക്രമവല്‍ക്കരിക്കാനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top