19 April Friday
തണലേകി ലൈഫ് പദ്ധതി, അഭിമാനത്തോടെ ഇടത് സര്‍ക്കാര്‍

"ഞങ്ങള്‍ക്കിത് പുതിയ ലൈഫ്'

സ്വന്തം ലേഖകൻUpdated: Monday May 16, 2022

ലൈഫ്‌ പദ്ധതി പ്രകാരം നിർമിച്ച വീടിനു മുന്നിൽ സിന്ധു അജിത്‌

കൊല്ലം 
"എപ്പോൾ വേണേലും ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ വീടായിരുന്നു. പുതിയൊരുവീട് വയ്ക്കാൻ പറ്റുമെന്ന് കരുതിയതല്ല. ലൈഫാണ് സുരക്ഷിതവീടെന്ന സ്വപ്നം പൂർത്തിയാക്കാൻ സഹായിച്ചത്. ലൈഫ് പദ്ധതി ഇല്ലായിരുന്നില്ലെങ്കിൽ ജീവിതം ഇങ്ങനെ മാറുമായിരുന്നില്ല'. ലൈഫ് പദ്ധതിയിലൂടെ തീർത്ത പുതിയ വീട്ടിലിരുന്ന് ഇരവിപുരം കന്നിമേൽ ന​ഗര്‍ 42ൽ കുന്നത്തുതൊടിയിൽ സിന്ധു അജിത് പറഞ്ഞു. 
തെക്കേവിള ഡിവിഷനിലെ സിഡിഎസ് അം​ഗമാണ് സിന്ധു. സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമാണ്. സാമ്പത്തിക പരാധീനതകൾക്ക് നടുവിലായിരുന്നു ജീവിതം. ഭർത്താവും വിദ്യാർഥികളായ രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിന് സുരക്ഷിതമായ വീട് ഒരു സ്വപ്നം മാത്രമായിരുന്നു. മെച്ചപ്പെട്ട ജീവിതത്തിനായി ഭർത്താവ് അജിത് ​ഗൾഫിൽ പോയെങ്കിലും കോവിഡ് തിരിച്ചടിച്ചു. മടങ്ങിയെത്തി സെയിൽസ്‌മാനായി ജോലി ചെയ്യുകയാണ്. ലൈഫ്‌ പദ്ധതിയിൽ 2021ലാണ് വീടിന് തുക അനുവദിച്ചത്. ഇതോടെ സ്വപ്നം യാഥാര്‍ഥ്യമാകുകയായിരുന്നു. സഹകരണബാങ്കിൽ നിന്നൊരു വായ്പ കൂടിയെടുത്തിരുന്നു. നിർമാണം പൂർത്തിയാക്കി ഈ വർഷം മാർച്ചിലാണ് പുതിയ വീട്ടിലേക്ക് മാറിയത്. വീടിന്റെ സുരക്ഷിതത്തോടൊപ്പം സന്തോഷവും അഭിമാനവുമാണ് പദ്ധതി തങ്ങളുടെ കുടുംബത്തിന് സമ്മാനിച്ചതെന്നും സർക്കാരിനോട് നന്ദിയുണ്ടെന്നും സിന്ധുപറഞ്ഞു.

 

അഭിമാന ഭവനങ്ങള്‍ 10,957
ലൈഫ് പദ്ധതിയിൽ ജില്ലയിൽ രണ്ടും മൂന്നും ഘട്ടത്തിലും അഡീഷണൽ ലിസ്റ്റിലുമായി ഇതുവരെ പൂര്‍ത്തിയായത് 10,957 വീട്. 2500ലേറെ വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്.  
രണ്ടാംഘട്ടമായ ഭൂമിയുള്ള ഭവനരഹിതരിൽ 8411 പേര്‍ വീട് പൂര്‍ത്തീകരിച്ചു. 293 വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്. ഭൂരഹിത ഭവനരഹിതര്‍ക്ക് വീടും പുനരധിവാസം ഉറപ്പാക്കുന്ന  മൂന്നാംഘട്ടത്തിൽ 2040പേര്‍ വീട് നിര്‍മാണം പൂര്‍ത്തീകരിച്ചു. 11,734 പേരെയാണ് അര്‍ഹരായി കണ്ടെത്തിയത്. ഇതിൽ 4829 പേര്‍ ഭൂമി വാങ്ങി. 3843 പേരാണ് നിര്‍മാണക്കരാര്‍ ഒപ്പിട്ടത്. അഡിഷണൽ ലിസ്റ്റിൽ എസ്‌സി വിഭാ​ഗത്തിന് 4224, എസ്ടിക്ക് 232, ഫിഷറീസ് 318 എന്നിങ്ങനെ 4774പേര്‍ക്കാണ് വീട് നൽകുന്നത്. ഇതിൽ 506 വീടുകളാണ് പൂര്‍ത്തിയായത്. 1920പേരാണ് നിര്‍മാണക്കരാറിലെത്തിയത്. 3655 പേര്‍ക്ക് വീട് വയ്ക്കാനുള്ള ഭൂമി തദ്ദേശ സ്ഥാപനങ്ങള്‍ വാങ്ങി നൽകി. ആദ്യഘട്ടത്തിൽ 3618 വീടുകളാണ് നിര്‍മിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top