26 April Friday

സപ്ലൈകോയും 
ഇനി വിരൽത്തുമ്പിൽ

സ്വന്തം ലേഖികUpdated: Sunday Jan 16, 2022
കൊല്ലം
സാധനങ്ങൾ വാങ്ങാൻ വരിനിന്ന്‌ തിരക്ക്‌ കൂട്ടേണ്ട. സപ്ലൈകോ ഉൽപ്പന്നങ്ങൾ വിലക്കിഴിവിൽ വീട്ടുമുറ്റത്ത്‌ എത്തും. കൊല്ലം താമരക്കുളം പിപ്പീൾസ്‌ ബസാറിൽ ആരംഭിച്ച സപ്ലൈകോ ഉൽപ്പന്നങ്ങളുടെ ജില്ലയിലെ ആദ്യ ഓൺലൈൻ വിൽപ്പനയ്‌ക്കും ഹോം ഡെലിവറിക്കും സ്വീകാര്യതയേറുന്നു.
കോവിഡ്‌ പശ്ചാത്തലത്തിൽ സാധനങ്ങൾ വാങ്ങാൻ പുറത്തുപോകുന്നതും ഭാരിച്ച ഇന്ധനച്ചെലവ്‌ ഒഴിവാക്കാമെന്നതിനാലും   പദ്ധതി ഗുണകരമാണെന്ന്‌ ഉപഭോക്താക്കൾ പറയുന്നു. ഉദ്‌ഘാടനത്തിനു പിന്നാലെ ആവശ്യക്കാർ ഏറിയതോടെ കൂടുതൽ സൗകര്യം ഒരുക്കുകയാണ്‌ സപ്ലൈകോ അധികൃതർ. ഇതിന്റെ ഭാഗമായി ചിക്കനും മിൽമ ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിന്‌ കെപ്‌കോ, മിൽമ അധികൃതരുമായി ചർച്ച നടന്നുവരുന്നു. ഇതിനായി പ്രത്യേക സ്റ്റാളും സജ്ജമാക്കിയിട്ടുണ്ട്‌. 10 കിലോമീറ്റർ ചുറ്റളവിലാണ്‌ ഹോം ഡെലിവറി. മാർച്ച്‌ 31നകം ജില്ലയിലെ അറുപതിലേറെ സൂപ്പർമാർക്കറ്റുകളിലും ഹോം ഡെലിവറി സൗകര്യം ഉറപ്പാക്കും. ചൊവ്വാഴ്ചയാണ്‌ പദ്ധതി തുടങ്ങിയത്‌. രണ്ടു ദിവസംകൊണ്ട്‌ 25,000 രൂപയുടെ ഓർഡർ ലഭിച്ചു. ഓൺലൈൻ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്‌ ഉപഭോക്താക്കൾക്ക്‌ ബില്ലിൽ അഞ്ചുശതമാനം ഇളവും നൽകുന്നുണ്ട്‌. 1000 രൂപയ്‌ക്കു മുകളിലുള്ള ബില്ലിന്‌ കിഴിവിനൊപ്പം ഒരു കിലോ ചക്കി ഫ്രഷ്‌ഹോൾ വീറ്റ്‌ ആട്ടയും  2000 രൂപയ്‌ക്കു മുകളിലുള്ള ബില്ലിന്‌ 250 ഗ്രാം ജാർ ശബരി ഗോൾഡ്‌ തേയിലയും 5000 രൂപയ്‌ക്കു മുകളിലുള്ള ബില്ലിന്‌ ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റർ പൗച്ചും ലഭ്യമാകും. 
നാല്‌ കിലോമീറ്റർ പരിധിയിൽ അഞ്ചുകിലോ തൂക്കം വരുന്ന ഓർഡർ വിതരണംചെയ്യുന്നതിന്‌ 35 രൂപയും ജിഎസ്‌ടിയുമാണ്‌ ഈടാക്കുക. അധിക ദൂരത്തിനും ഭാരത്തിനും അനുസരിച്ച്‌ വിതരണ നിരക്കിൽ മാറ്റമുണ്ടാകും. ഉൽപ്പന്നങ്ങൾ സപ്ലൈ കേരള മൊബൈൽ ആപ്‌ വഴി ഓർഡർചെയ്യാം. ആപ്‌ പ്ലേ സ്റ്റോറിൽ ലഭ്യമാണ്‌. ഓർഡർ അനുസരിച്ച്‌ 24 മണിക്കൂറിനകം സാധനം വിട്ടിലെത്തും. സർക്കാർ സ്ഥാപനങ്ങളായ മിൽമ, ഹോർട്ടികോർപ്‌, കെപ്‌കോ, മത്സ്യഫെഡ്‌ എന്നിവയുടെ ഉൽപ്പന്നങ്ങളും ഓൺലൈൻ വഴി ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top