19 April Friday

ഒറിജിനലിനെ വെല്ലുന്ന വ്യാജ ഉത്തരവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020
ചവറ
റെയിൽവേ, ചവറ കെഎംഎംഎൽ എന്നിവിടങ്ങളിലേക്ക്‌ വ്യാജ നിയമന ഉത്തരവുകൾ നൽകി കോടികൾ തട്ടിപ്പുനടത്തിയെന്ന പരാതിയിൽ ചവറ പൊലീസാണ്‌ ഗീതാറാണിയെയും സദാനന്ദനെയും അറസ്റ്റുചെയ്തത്‌. കരുനാഗപ്പള്ളി എസിപി ബി ഗോപകുമാർ, ചവറ ഇൻസ്‌പെക്ടർ എ നിസാമുദീൻ എന്നിവരടങ്ങിയ പൊലീസ്‌ സംഘമാണ്‌ പിടികൂടിയത്‌.  കേസിലെ പ്രധാന പ്രതിയായ തിരുവനന്തപുരം സ്വദേശി ഗീതാറാണി തൃശൂർ അയ്യന്തോൾ ശ്രേയസിലാണ് താമസം. കോട്ടയ്ക്കകം സദാനന്ദൻ ഉൾപ്പെടെയുള്ള ചിലർ ഗീതാറാണിയുടെ  നിർദേശപ്രകാരം കെഎംഎംഎൽ കമ്പനിയിൽ ക്ലർക്ക്, ഫയർ ഓഫീസർ, റെയിൽവേയിൽ കോമേഴ്‌സ്യൽ ക്ലർക്ക്, സ്റ്റോർ കീപ്പർ, ഗ്രൂപ്പ് ഡി  തസ്തികളിൽ വ്യാജ നിയമന ഉത്തരവ് നൽകിയാണ് തട്ടിപ്പ് നടത്തിയത്. അതത്‌ സ്ഥാപനങ്ങളിൽ നിയമന ഉത്തരവുമായി ഉദ്യോഗാർഥികൾ എത്തിയപ്പോഴാണ്‌ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. റെയിൽവേയിൽ ഒന്നര മുതൽ ആറര ലക്ഷം രൂപവരെയും കെഎംഎംഎല്ലിലേക്ക്‌ രണ്ടു മുതൽ അഞ്ചുലക്ഷം രൂപ വരെയുമാണ്‌  ഉദ്യോഗാർഥികളിൽനിന്ന്‌ വാങ്ങിയത്‌. റെയിൽവേയിലേക്ക് 11 പേരും കമ്പനിയിലേക്ക് അഞ്ചുപേരുമാണ് പണം നൽകിയത്. പല ഘട്ടങ്ങളിലായാണ് പണം വാങ്ങിയത്‌.  
നിയമനങ്ങൾക്കായി പരീക്ഷയുണ്ടെന്നു പറഞ്ഞ്‌ വ്യാജ ഹാൾ ടിക്കറ്റ്‌ നൽകിയിരുന്നു. എന്നാൽ, കോവിഡ്‌ കാരണം പരീക്ഷ ഇല്ലെന്ന്‌ വിവരം നൽകി. തുടർന്നാണ്‌ നിയമന ഉത്തരവ് നൽകിയത്‌.  ഉത്തരവ്‌ കിട്ടിയതിനെ തുടർന്ന്‌ ഗീതയെയും സദാനന്ദനെയും ബന്ധപ്പെട്ടപ്പോൾ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തെ തുടർന്ന്‌  നിയമനം ഒരാഴ്ച കഴിയുമെന്നായിരുന്നു മറുപടി.  ഇതിൽ സംശയം തോന്നിയ ചവറ സ്വദേശി പ്രജിത് കെഎംഎംഎല്ലിൽ നിയമന ഉത്തരവുമായി എത്തി. കമ്പനിയിലെ വിജിലൻസ് ഓഫീസർ ഉത്തരവ് പരിശോധിച്ചപ്പോഴാണ്‌ ഉത്തരവ് വ്യാജമാണെന്ന് മനസ്സിലായത്. ഇതേത്തുടർന്നാണ്‌  തട്ടിപ്പിനിരയായവർ ചവറ പൊലീസിൽ പരാതി നൽകിയത്‌. ഉദ്യോഗാർഥി എന്ന നിലയിൽ വനിതാ സിവിൽ പൊലീസ് ഓഫീസർ അനു ഗീതാ രാജഗോപാലിനെ ഫോണിലൂടെ ബന്ധപ്പെട്ടു. ജോലിക്കായി പണവുമായി തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ചു.  പണം കൈമാറുന്നതിനിടെയാണ് ചവറ പൊലീസ്‌ ഇവരെ പിടികൂടിയത്. തുടർന്ന്  കോട്ടയ്ക്കകം സദാനന്ദനെ എസ്ഐമാരായ സുഖേഷ്, ഷാജികുമാർ, സിപിഒമാരായ തമ്പി, ലതിക എന്നിവരടങ്ങിയ സംഘം വീട്ടിൽനിന്ന് അറസ്റ്റ്ചെയ്‌തു.  സജീവ കോൺഗ്രസ്‌ പ്രവർത്തകനായിരുന്നു ഇയാൾ. പാലക്കാട്, തൃശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഉള്ളവരാണ് തട്ടിപ്പിനിരയായത്. അറസ്റ്റിലായ ഗീതാ രാജഗോപാൽ  മുമ്പും സമാനമായ കേസിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top