23 April Tuesday
കുരീപ്പുഴയിൽ സംസ്കരണ പ്ലാന്റ്‌

ഇനി മാലിന്യംകൊണ്ട്‌ അടുപ്പു കത്തിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
സ്വന്തം ലേഖകന്‍
കൊല്ലം
വീട്ടിലെ മാലിന്യമെല്ലാം പൊതിഞ്ഞുകെട്ടി ആരും കാണാതെ റോഡരികിൽ തള്ളുന്നതിന് കൊല്ലം നഗരത്തിൽ‌ വൈകാതെ അറുതിയാകും. മാലിന്യം ഉപേക്ഷിക്കാൻ  പ്രധാന കേന്ദ്രങ്ങളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കും. ബിന്നുകളിലെ മാലിന്യം കുരീപ്പുഴ ചണ്ടിഡിപ്പോയിൽ സ്ഥാപിക്കുന്ന‌ കേന്ദ്രീകൃത മാലിന്യസംസ്കരണ പ്ലാന്റിൽ എത്തിച്ച് പാചകവാതകവും വളവും ആക്കും.  കോർപറേഷൻ സംസ്ഥാന സർക്കാരിനു വിട്ടുനൽകിയ ഏഴര ഏക്കറിലാണ്‌ പ്ലാന്റ്‌ സ്ഥാപിക്കുക.
നഗരത്തെ മാലിന്യമുക്തമാക്കാൻ കെഎസ്ഐഡിസിയും ബംഗളൂരു ആസ്ഥാനമായ സോണ്ട ഇൻഫോടെക്കുമാണ്‌ കൈകോർക്കുന്നത്‌. നിർദിഷ്ട പ്ലാന്റിന്റെ പ്രവർത്തനരീതി സോണ്ട കമ്പനി ഡയറക്ടർ രാജ് കിഷോർ കൗൺസിൽ അംഗങ്ങളുടെയും രാഷ്ട്രീയപാർടി പ്രതിനിധികളുടെയും മാധ്യമ പ്രവർത്തകരുടെയും മുന്നിൽ വിശദീകരിച്ചു. 
ചണ്ടി ഡിപ്പോയിൽ കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിങ്ങിലൂടെ നശിപ്പിക്കും. ദിനംപ്രതി 200 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള ബയോ മെത്തനൈസേഷൻ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന വാതകം ഗെയിൽ കമ്പനിക്ക് നൽകും. ജൈവ അജൈവ മാലിന്യം വേർതിരിച്ചു സംസ്കരിക്കാനുള്ള സംവിധാനം പ്ലാന്റിലുണ്ടാകും. രണ്ടുഘട്ടമായാണ് പ്ലാന്റിന്റെ  പ്രവർത്തനം. ആദ്യം കോർപറേഷൻ നിർദേശിക്കുന്ന സ്ഥലങ്ങളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കും. ജൈവമാലിന്യം, പ്ലാസ്റ്റിക്, പഴയ ചെരിപ്പ്, ബാഗ്, സിറിഞ്ച് കുപ്പി തുടങ്ങിയവ ഇടാൻ  ഒരു ബിന്നിൽ മൂന്ന് അറകൾ വീതമുണ്ടാകും. ബിന്നിന്റെ മൂടി ഒഴിച്ചുള്ള ഭാഗം മണ്ണിനടിയിലായിരിക്കും. 
കൈകൊണ്ട് തൊടാതെ കാലുകൊണ്ട് ചവിട്ടിത്തുറക്കാവുന്ന മൂടിയാണ്‌ സജ്ജീകരിച്ചിട്ടുള്ളത്. സെൻസറുള്ളതിനാൽ ബിന്നുകൾ നിറയുന്നതിനു മുമ്പ്‌ കൺട്രോൾ റൂമിൽ  അറിയും. നിറയുന്ന ബിന്നുകൾ ട്രക്കിൽ ഘടിപ്പിച്ച ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാലിന്യം ട്രക്കിലേക്ക് ഇട്ടശേഷം ബിൻ വീണ്ടും പൂർവസ്ഥിതിയിൽ സ്ഥാപിക്കാൻ കഴിയും. 
കെഎസ്ഐഡിസി സംസ്ഥാനത്ത് സ്ഥാപിക്കുന്ന പ്ലാന്റുകളിൽ കൊല്ലത്തേയും കോഴിക്കോട്ടേതുമാണ് സോണ്ട ഇൻഫോടെക് നിർമിക്കുന്നത്. നഗരത്തിൽ മാലിന്യം കുറവായതിനാൽ സമീപത്തെ മുനിസിപ്പാലിറ്റികൾ കൂടി ചേർത്ത് ക്ലസ്റ്റർ രൂപീകരിക്കാനും കമ്പനിക്ക് ആലോചനയുണ്ട്‌. 27 വർഷത്തേക്കാണ് നടത്തിപ്പ് ചുമതല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top