07 July Monday

മീറ്റർ കമ്പനിയിൽനിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാൻ വാട്ടർ അതോറിറ്റി

സ്വന്തം ലേഖികUpdated: Sunday May 15, 2022
കൊല്ലം
കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ (മീറ്റർ കമ്പനി)നിന്ന്‌ സ്‌മാർട്ട്‌ വാട്ടർ മീറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങാൻ വാട്ടർ അതോറിറ്റി രംഗത്ത്‌. സ്‌മാർട്ട്‌ വാട്ടർ മീറ്ററിനു പുറമെ മൾട്ടി ജെറ്റ്‌ വാട്ടർ മീറ്റർ, സോഫ്‌ട്‌ സ്‌റ്റാർട്ടർ, മോട്ടോർ സ്‌റ്റാർട്ടർ തുടങ്ങിയവ വാങ്ങാനുള്ള അംഗീകൃത ഏജൻസിയാണ്‌ മീറ്റർ കമ്പനിയെ വാട്ടർ അതോറിറ്റി എംപാനൽ ചെയ്‌തത്‌. വാട്ടർ അതോറിറ്റി എംപാനൽ ചെയ്‌ത സംസ്ഥാനത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ്‌ മീറ്റർ കമ്പനി. സംസ്ഥാനത്ത്‌ വാട്ടർ അതോറിറ്റിക്ക്‌ കീഴിലുള്ള ഗാർഹിക –-ഗാർഹികേതര കണക്‌ഷനുകൾ സ്‌മാർട്ട്‌ മീറ്ററിലേക്ക്‌ മാറ്റാനുള്ള സർക്കാർ തീരുമാനം കൂടുതൽ ഓർഡർ ലഭിക്കാൻ കാരണമാകുമെന്ന പ്രതീക്ഷയിലാണ്‌ കമ്പനി അധികൃതർ.
സംസ്ഥാന സർക്കാർ അനുവദിച്ച 1.96 കോടി രൂപ വിനിയോഗിച്ചാണ്‌ ഗുണമേന്മയേറിയ സ്മാർട്ട്‌ വാട്ടർ മീറ്റർ നിർമാണത്തിലേക്ക്‌ കമ്പനി കടന്നത്‌. ആധുനിക സാങ്കേതികവിദ്യയിൽ നിർമിക്കുന്ന സ്‌മാർട്ട്‌ വാട്ടർ മീറ്ററിൽനിന്ന് റീഡിങ്‌ അതോറിറ്റിയുടെ സെർവറിൽ ലഭ്യമാകുമെന്നതിനാൽ വീടുകളിൽപോയി റീഡിങ്‌ എടുക്കേണ്ടതില്ല. ജലജീവൻ പദ്ധതിയിൽ ടാപ് കണക്‌ഷൻ ലഭിക്കുന്ന വീടുകളിൽ സ്‌മാർട്ട്‌ വാട്ടർ മീറ്റർ സ്ഥാപിക്കാനാണ്‌ ജലവിഭവവകുപ്പിന്റെ തീരുമാനം. 
സംസ്ഥാനത്തെ 18 –-19 ലക്ഷം വീടുകളിലാണ്‌ ജലജീവൻ പദ്ധതിയിൽ ടാപ് കണക്‌ഷൻ ഉറപ്പാക്കുന്നത്‌. ജില്ലയിൽ രണ്ടുലക്ഷം കണക്‌ഷൻ‌ വരും. നിലവിൽ പുതിയ വാട്ടർ കണക്‌ഷന് കൊല്ലം മീറ്റർ കമ്പനിയുടെ മൾട്ടി ജറ്റ്‌ വാട്ടർ മീറ്ററാണ്‌ ഘടിപ്പിക്കുന്നത്‌. ഇതിനു പുറമെയാണ്‌ സ്‌മാർട്ട്‌ വാട്ടർ മീറ്റർ പരിഗണിച്ചതെന്ന്‌ ചെയർമാൻ ബിനോയ്‌ ജോസഫും മാനേജിങ് ഡയറക്ടർ എസ്‌ ആർ വിനയകുമാറും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top