26 April Friday

മണ്ണെണ്ണ പെർമിറ്റ്‌: 
എൻജിന്‍ പരിശോധന നാളെ

സ്വന്തം ലേഖികUpdated: Saturday Jan 15, 2022
കൊല്ലം
മണ്ണെണ്ണ പെർമിറ്റ് അനുവദിക്കാൻ പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ യന്ത്രപരിശോധനയ്ക്കുള്ള ഒരുക്കം ജില്ലയിൽ പൂർത്തിയായി. 17 കേന്ദ്രങ്ങളിലായി ഞായർ രാവിലെ എട്ട്‌ മുതൽ വൈകിട്ട് അഞ്ചുവരെയാണ്‌ ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് സംയുക്ത പരിശോധന. പല സ്ഥങ്ങളിൽ ഹാജരാക്കി ഒന്നിലേറെ പെർമിറ്റ്‌ വാങ്ങാതിരിക്കാനാണ്‌ ഒറ്റ ദിവസത്തെ പരിശോധന. ജില്ലയിൽ 1156 അപേക്ഷയാണ് മണ്ണെണ്ണ പെർമിറ്റിനായി ലഭിച്ചിട്ടുള്ളത്. 
10 വർഷത്തിൽ താഴെ പഴക്കമുള്ള എൻജിനുകൾക്കാണ് പെർമിറ്റ് അനുവദിക്കുക. അതിൽ കൂടുതൽ പഴക്കമുള്ളവയ്‌ക്ക്‌ പെർമിറ്റ് ഉപയോഗിച്ച്‌ വാങ്ങുന്ന മണ്ണെണ്ണ ദുരുപയോഗം ചെയ്യുന്നതായി മത്സ്യത്തൊഴിലാളികൾ ആരോപിച്ചിരുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ള എല്ലാ യാന ഉടമകൾക്കും പെർമിറ്റ് അനുവദിയ്ക്കും. ഒരു വ്യക്തിക്ക് രണ്ട്‌ എൻജിനുകൾക്കും തട്ടുമടി യാനത്തിന്റെ ഉടമകൾക്ക് നാല്‌ എൻജിനുകൾക്കുവരെയും പെർമിറ്റ് നൽകും. മൂന്നുവർഷം കൂടുമ്പോൾ പെർമിറ്റ്‌ പുതുക്കി നൽകണമെന്നാണ്‌ വ്യവസ്ഥ. 2015ലാണ്‌ സംസ്ഥാനത്ത്‌ പെർമിറ്റ്‌ ഒടുവിൽ നൽകിയത്‌.  പിന്നീട്‌ പ്രളയം, കോവിഡ്‌  ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളാൽ പരിശോധന മുടങ്ങി. ഇതിനിടെ മണ്ണെണ്ണയുടെ അളവ്‌ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. 20വർഷം മുമ്പ് എൻജിന്‌ പ്രതിമാസം 600 ലിറ്റർ മണ്ണെണ്ണയായിരുന്നു ലഭിച്ചിരുന്നത്‌. പ്രതിമാസം 1500 ലിറ്റർ വരെ വേണ്ടിടത്ത്‌ 129 ലിറ്ററാണ്‌ ഇപ്പോൾ കിട്ടുന്നത്‌. 
60ന് മുകളിലുള്ളവർക്കും പെർമിറ്റ്  
അറുപതിനു മുകളിൽ പ്രായമുള്ള യാന ഉടമകൾക്കും പെൻഷൻകാർക്കും പെർമിറ്റ് നിഷേധിക്കില്ല. വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടർ കെ സുഹൈർ പറഞ്ഞു. 
മത്സ്യബന്ധന യാനം, എൻജിൻ, രജിസ്ട്രേഷൻ/ലൈസൻസ്/റേഷൻകാർഡ്, പുതിയ എന്‍ജിനാണെങ്കിൽ ഇൻവോയ്സ്, പഴയ എന്‍ജിനാണെങ്കിൽ പഴയ പെർമിറ്റ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക് സഹിതം അതത് കേന്ദ്രങ്ങളിൽ എത്തണം. യാനങ്ങളിൽ രജിസ്റ്റർനമ്പർ വേണം. അർഹരായ എല്ലാവർക്കും പെർമിറ്റ് അനുവദിക്കുന്നതിനും ദുരുപയോഗം അവസാനിപ്പിക്കുന്നതിനുമായി എല്ലാ മത്സ്യത്തൊഴിലാളികളും സഹകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top