04 October Tuesday
കേന്ദ്രനയങ്ങൾക്ക്‌ താക്കീതായി മത്സ്യത്തൊഴിലാളി സംഗമം

പ്രതിഷേധക്കടൽ

സ്വന്തം ലേഖകൻUpdated: Sunday Aug 14, 2022

സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) തങ്കശേരിയിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമത്തിൽനിന്ന്

കൊല്ലം
മണ്ണെണ്ണയുടെയും ഡീസലിന്റെയും വില തുടരെ വർധിപ്പിക്കുകയും അളവ്‌ വെട്ടിച്ചുരുക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ മത്സ്യത്തൊഴിലാളി സംഗമത്തിൽ പ്രതിഷേധത്തിരയിളകി. തങ്കശേരി കടപ്പുറത്ത്‌ സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു)സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി മഹാസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. മത്സ്യത്തൊഴിലാളികൾക്കായി നാളിതുവരെ പുതിയൊരു പദ്ധതിയും നടപ്പാക്കാത്ത മോദി സർക്കാർ നിലവിലുള്ള സഹായങ്ങൾപോലും വെട്ടിക്കുറയ്ക്കുന്നതിൽ രോഷാഗ്നി ഉയർന്നു. മത്സ്യഫെഡിന്‌ എതിരായ കുപ്രചാരണങ്ങൾ തള്ളിക്കളയുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തലായും സംഗമം മാറി.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ സ്‌ത്രീകള്‍ ഉൾപ്പെടെ പതിനായിരക്കണക്കിന്‌ തൊഴിലാളികളും പ്രവർത്തകരുമാണ്‌ ആവേശോജ്വലമായ സംഗമത്തിന്‌ ശനിയാഴ്‌ച വൈകിട്ട്‌ തങ്കശേരി ബസ്‌ബേയിൽ എത്തിയത്‌.
മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ്‌ എൽഡിഎഫ്‌ സർക്കാരെന്നും ഏതൊരു പ്രശ്‌നവും പ്രയാസവും എപ്പോഴും ചർച്ചചെയ്യാൻ സർക്കാർ കൂടെയുണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഹർഷാരവത്തോടെ സദസ്സ്‌ എതിരേറ്റു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കൂട്ടായി ബഷീർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി പി ചിത്തരജ്ഞൻ എംഎൽഎ സ്വാഗതം പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ, സിഐടിയു ദേശീയ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടിഅമ്മ, സംസ്ഥാന സെക്രട്ടറി എൻ പത്മലോചനൻ, സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, എംഎൽഎമാരായ എം മുകേഷ്‌, എം നൗഷാദ്‌, സുജിത് വിജയൻപിള്ള, മത്സ്യഫെഡ്‌ ചെയർമാൻ ടി മനോഹരൻ, പുല്ലുവിള സ്റ്റാലിൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വരദരാജൻ, ചിന്താ ജെറോം, സിഐടിയു ജില്ലാ സെക്രട്ടറി എസ്‌ ജയമോഹൻ, കാപ്പക്‌സ്‌ ചെയർമാൻ എം ശിവശങ്കരപ്പിള്ള, എക്‌സ്‌ ഏണസ്റ്റ്‌, എ എം ഇക്‌ബാൽ, അഡ്വ. ഇ ഷാനവാസ്‌ഖാൻ, മേയർ പ്രസന്ന ഏണസ്റ്റ്‌, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എച്ച്‌ ബേസിൽലാൽ, സെക്രട്ടറി എൻ അനിരുദ്ധൻ, ജി രാജാദാസ്‌ എന്നിവർ സംസാരിച്ചു.
 
 
മണ്ണെണ്ണ വിലവർധന
മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കും: മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
കൊല്ലം
കേന്ദ്രസർക്കാർ മണ്ണെണ്ണയുടെ വില തുടർച്ചയായി വർധിപ്പിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളെ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ച്‌ ചർച്ചചെയ്യാൻ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേർക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു)കൊല്ലം തങ്കശേരി കടപ്പുറത്ത്‌ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മത്സ്യത്തൊഴിലാളികൾക്ക്‌ മത്സ്യോപകരണങ്ങളുടെ അവകാശവും ആഴക്കടലിലടക്കമുള്ള അവകാശവും ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന സമഗ്ര അക്വേറിയം റിഫോംസ്‌ നിയമനിർമാണം അന്തിമഘട്ടത്തിലാണ്‌. മത്സ്യസംഭരണവും ലേലവും വിപണനവും നിയന്ത്രിക്കുന്നതിന്‌ പാസാക്കിയ നിയമനിർവഹണത്തിനായുള്ള ചട്ടങ്ങൾ തയ്യാറാക്കി വരുന്നു. തീരദേശ വികസനത്തിന് 5,000കോടി രൂപയുടെ പാക്കേജാണ് നടപ്പാക്കുന്നത്. 
മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ സംസ്ഥാന സർക്കാരിന്‌ പ്രധാനമാണ്‌. സുരക്ഷിത മേഖലയിലേക്ക് മാറിത്താമസിക്കുന്നതിന് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുന്ന പുനർഗേഹം പദ്ധതി പുരോഗമിക്കുന്നു. 8166 കുടുംബങ്ങളാണ് ഇതുവരെ തയ്യാറായത്. 3154പേർക്ക് ഭൂമി കണ്ടെത്തി വില നിശ്ചയിച്ചു. 2374 പേർ ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി. 1274പേരുടെ ഭവനനിർമാണം പൂർത്തിയാക്കി. ക്യുഎസ്എസ് കോളനി മണ്ണുപുറം, വലിയതുറ, പൊന്നാനി, നിറമരുതൂർ, കോയിപ്പാടി വെസ്റ്റ്ഹിൽ എന്നിവിടങ്ങളിലായി 898 ഫ്ലാറ്റുകളുടെ നിർമാണം വിവിധഘട്ടങ്ങളിലാണ്. തീരദേശ ഹൈവേയുടെ നിർമാണത്തിന് ഭരണാനുമതി നൽകി. 
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രത്യേക പരിശീലനം നൽകുന്ന ‘വിദ്യാതീരം’ പദ്ധതിയിൽ പ്രത്യേക എൻട്രൻസ് പരിശീലനം ലഭിച്ച 54 പേർക്കാണ് എംബിബിഎസ്‌ പ്രവേശനം ലഭിച്ചത്. നൂറിലേറെപ്പേർക്ക് ഇതര പ്രൊഫഷണൽ കോഴ്സുകളിലും പ്രവേശനം ലഭിച്ചുവെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top