29 March Friday

എഴുത്തുകാർക്ക് സ്വാതന്ത്ര്യമുള്ളത് കേരളത്തിൽ: എം മുകുന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

പുത്തൂർ പാങ്ങോട് കുഴിക്കലിടവക പബ്ലിക് ലൈബ്രറിയുടെ 75–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മുകുന്ദം -2022 പരിപാടിയിൽ എം മുകുന്ദൻ സംസാരിക്കുന്നു

എഴുകോൺ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി എഴുത്തുകാർക്ക് സ്വാതന്ത്ര്യവും സ്വാധീനവുമുള്ള പ്രദേശം കേരളമാണെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ മാജിക്കല്ല കേരളം. സമരത്തിലൂടെയും സഹനത്തിലൂടെയും രക്തസാക്ഷിത്വങ്ങളിലൂടെയുമൊക്കെയാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചതെന്നും മുകുന്ദൻ പറഞ്ഞു. പുത്തൂർ പാങ്ങോട് കുഴിക്കലിടവക പബ്ലിക് ലൈബ്രറിയുടെ 75–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "മുകുന്ദം- 2022' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നീതിനിഷേധമാണ്. ഇന്ത്യ ഛിന്നഭിന്നമാകാതിരിക്കാൻ പ്രധാനകാരണം നമ്മുടെ ഭരണഘടനയും അംബേദ്കറുമാണെന്നും മുകുന്ദൻ പറഞ്ഞു. 
ലൈബ്രറി മുറ്റത്ത് എം മുകുന്ദൻ  ദേശീയപതാക ഉയർത്തി. ജില്ലാ പഞ്ചായത്തിൽനിന്ന് വെളിച്ചം പദ്ധതിയിലൂടെ ലഭിച്ച പ്രൊജക്ടർ, സ്കാനർ, ലാപ്ടോപ് എന്നിവ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ ഉദ്ഘാടനംചെയ്‌തു. ഡി സത്യബാബു അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കെ ഗോപൻ, ജില്ലാ പ്രസിഡന്റ്‌ കെ ബി മുരളീകൃഷ്ണൻ, താലൂക്ക് സെക്രട്ടറി പി കെ ജോൺസൺ, ചിത്രകാരൻ ആശ്രാമം സന്തോഷ്, രാജൻ ബോധി എന്നിവർ സംസാരിച്ചു. ജെ കൊച്ചനുജൻ സ്വാഗതവും എസ് രാജു നന്ദിയും പറഞ്ഞു. മുകുന്ദനുമായി വിദ്യാർഥികളുടെ സംവാദം, ചിത്രകാരന്മാർ പങ്കെടുത്ത മുകുന്ദന്റെ കഥാപാത്രങ്ങളുടെ തത്സമയ ചിത്രരചന, പ്രതിഭകളെ ആദരിക്കൽ എന്നിവയുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top