29 March Friday

ഭവന വായ്പയെടുത്ത വീട്ടമ്മയ്‌ക്ക് എസ്ബിഐയുടെ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020
കൊല്ലം
മൊറട്ടോറിയം കാലത്തെ തവണയും പലിശയും കുടിശ്ശിക തീർത്ത് അടപ്പിക്കാൻ കരാർ ജീവനക്കാരെ ഇറക്കി എസ്ബിഐ. ഫീൽഡ് ഓഫീസർ തസ്തികയിൽ നിയമിതരാകുന്നവരാണ് വീടുകളിൽ നേരിട്ടെത്തി ഭീഷണിയുയർത്തുന്നത്. കരുനാഗപ്പള്ളിശാഖയിൽനിന്ന് ഭവന വായ്പയെടുത്ത തഴവ സ്വദേശിയായ വീട്ടമ്മ  ഇതിനെതിരെ  പ്രധാനമന്ത്രി, എസ്ബിഐ ദേശീയ മാനേജ്മെന്റ്‌, ദേശീയ പട്ടികജാതി കമീഷൻ, ബാലാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകി. 
20 ലക്ഷം രൂപ വായ്പയെടുത്ത പട്ടികജാതിക്കാരിയായ വീട്ടമ്മയുടെ വീട്ടിൽ പെൺകുട്ടികൾ മാത്രമുള്ള സമയത്തായിരുന്നു ഫീൽഡ് ഓഫീസറുടെ ഭീഷണി. ഈവർഷം ഫെബ്രുവരിവരെ കൃത്യമായി തിരിച്ചടച്ചിരുന്നു. എസ്ബിഐ വായ്പകളുടെ റീജ്യണൽ ഓഫീസായ റാസ് മെക്കിൽനിന്ന് അറിയിച്ച പ്രകാരം മൊറട്ടോറിയം കാലത്ത് തന്നെ 14,500 രൂപ അടച്ചു. 
മൊറട്ടോറിയം ബാധകമാക്കണമെന്ന് ചൂണ്ടിക്കാട്ടി ഇതിനൊപ്പം നൽകിയ അപേക്ഷ പരിഗണിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിക്കുകയുംചെയ്തു. ഇത് അവഗണിച്ചായിരുന്നു വീട്ടിലെത്തി ഫീൽഡ് ഓഫീസറുടെ ഭീഷണി. മൊറട്ടോറിയം കാലത്തെ വായ്പ കുടിശ്ശിക ഈടാക്കാൻ വിമുക്ത ഭടന്മാരെയാണ് എസ്ബിഐ കൂടുതലും നിയമിച്ചിരിക്കുന്നത്. കൈക്കരുത്ത് കാട്ടിയും ഭീഷണിപ്പെടുത്തിയും ഇവരിൽ പലരും കുടിശ്ശിക പിരിക്കുന്നതിനെതിരെ വ്യാപക പരാതിയുണ്ട്‌. ഭവന വായ്പയിൽ ആദ്യ വർഷങ്ങളിലെ തിരിച്ചടവ് മുതലിൽ പ്രതിഫലിക്കാറില്ലെന്നത്‌  മറച്ചുവച്ചാണ്  ഭീഷണി. മൊറട്ടോറിയം കാലത്തെ പലിശ കൂടി ചേർത്താണ് പിരിവ്‌. ഇങ്ങനെ ഈടാക്കുന്ന തുകയുടെ  10 ശതമാനമാണ് ഫീൽഡ് ഓഫീസർമാർക്കുള്ള  ബാങ്കിന്റെ  പ്രതിഫലം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top