29 March Friday
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും

സിപിഐ എം കൊല്ലം ഏരിയ കമ്മിറ്റി 
ഓഫീസ് ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഉദ്ഘാടനംചെയ്യുന്ന സിപിഐ എം കൊല്ലം ഏരിയ കമ്മിറ്റി ഓഫീസ്

കൊല്ലം 
നിരവധി സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച കൊല്ലം നഗരത്തിൽ തൊഴിലാളികൾക്കും സാധാരണക്കാർക്കും ആശ്രയമായി സിപിഐ എമ്മിന്‌ ഏരിയ കമ്മിറ്റി ഓഫീസ്‌ യാഥാർഥ്യമാകുന്നു. പുതുതായി നിർമിച്ച ഏരിയ കമ്മിറ്റി ഓഫീസ്‌ കെട്ടിടം (കെ തുളസീധരൻ സ്മാരകമന്ദിരം) ശനി പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. 
നഗരത്തിൽ സിപിഐ എമ്മിന്‌ സ്വന്തമായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഏരിയ കമ്മിറ്റി ഓഫീസ്‌ കെട്ടിടം വേണമെന്ന പാർടി പ്രവർത്തകരുടെ ദീർഘകാലത്തെ ആഗ്രഹമാണ്‌ സാക്ഷാൽക്കരിക്കപ്പെടുന്നത്. മുഖ്യമന്ത്രിയെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഏരിയയിലെ പാർടി പ്രവർത്തകരും അനുഭാവികളും. ഓഫീസ് സ്ഥിതിചെയ്യുന്ന ഹൈസ്കൂൾ ജങ്‌ഷൻ മുതൽ കൊച്ചുകൊടുങ്ങല്ലൂർ അമ്പലം വരെയുള്ള റോഡ് കൊടിതോരണങ്ങളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചു. 
ഹൈസ്കൂൾ ജങ്‌ഷനു സമീപം 3900 ചതുരശ്രയടിയിൽ നിർമാണം പൂർത്തിയായ കെട്ടിടത്തിൽ 300പേർക്ക് ഇരിക്കാവുന്ന സമ്മേളന ഹാൾ, ലൈബ്രറി,  വായനമുറി, മീഡിയ റൂം എന്നിവയോടു കൂടിയതാണ്‌ ഓഫീസ്‌. എം ഷാഹുൽ ഹമീദ് സ്മാരക ഹാൾ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. ഫോട്ടോ അനാച്ഛാദനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ നിർവഹിക്കും. കെ തങ്കപ്പൻ സ്മാരക ലൈബ്രറി സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ ഉദ്ഘാടനംചെയ്യും. ഏരിയ കമ്മിറ്റി അംഗം വി രാജേന്ദ്രബാബു അധ്യക്ഷനാകും. ഏരിയയിലെ എല്ലാ പാർടി അംഗങ്ങളും വർഗബഹുജന സംഘടനാ പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് ഏരിയ സെക്രട്ടറി എ എം ഇക്ബാൽ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top