19 April Friday
കരുനാഗപ്പള്ളി താലൂക്കാശുപത്രി

ഉയരും എട്ടുനില മന്ദിരം

സ്വന്തം ലേഖകന്‍Updated: Saturday Sep 12, 2020
കരുനാഗപ്പള്ളി 
താലൂക്കാശുപത്രിയുടെ ബഹുനില മന്ദിരത്തിന്റെ നിർമാണോദ്‌ഘാടനവും ശിലാസ്ഥാപനവും ശനിയാഴ്ച ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവഹിക്കും. സുനാമി ബിൽഡിങ്ങിന്റെ പടിഞ്ഞാറോട്ട് എട്ടുനിലയിലായാണ്‌ പുതിയ കെട്ടിടമുയരുക. 29 മാസത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്‌.  കിഫ്ബിയിൽ നിന്നുള്ള 90 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പദ്ധതിയിൽ 66.4 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ്‌ തുടങ്ങുന്നതെന്ന്‌ ആർ രാമചന്ദ്രൻ എംഎൽഎ വാർത്താസമ്മേളനത്തിൽ 
പറഞ്ഞു.  
ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടാതെ നിലവിലുള്ള ഇരുനില കെട്ടിടത്തിനു മുകളിൽ രണ്ടു ബ്ലോക്കുകൾ ഉടൻ നിർമിക്കും. തുടർന്ന് പഴയ കെട്ടിടങ്ങളിലെ ആശുപത്രി പ്രവർത്തനങ്ങൾ ഇതിലേക്ക് മാറ്റി എട്ടുനിലകളുള്ള ബഹുനില മന്ദിരത്തിന്റെ നിർമാണ ജോലികൾ വേഗത്തിൽ പൂർത്തീകരിക്കും. കെഎസ്ഇബിയാണ് വിശദമായ പദ്ധതി റിപ്പോർട്ട്‌ (ഡിപിആർ)തയ്യാറാക്കിയതും മേൽനോട്ടം വഹിക്കുന്നതും. ഇപ്പോഴത്തെ പ്രധാന കെട്ടിവുമായി മൂന്നാമത്തെ നിലയിൽ ബന്ധിപ്പിക്കും. ബന്ധിപ്പിക്കുന്ന ഇടനാഴി കൂട്ടിരിപ്പുകാർക്കും മറ്റും വിശ്രമസ്ഥലമാക്കും. ഇപ്പോഴത്തെ ഒപി ബ്ലോക്ക് നിൽക്കുന്ന സ്ഥലത്ത് ട്രോമാകെയറും ഏറ്റവും മുകൾ നിലയിൽ പേവാർഡും ഒരുക്കും. എട്ട് ലിഫ്റ്റുകൾ 
സ്ഥാപിക്കും. 
ദേശീയപാത വികസനം വരുമ്പോൾ നിർമിക്കുന്ന സർവീസ് റോഡിലൂടെയാകും ആശുപത്രിയിലേക്കുള്ള പ്രധാന പ്രവേശനം. ഗ്രീൻ ബിൽഡിങ്‌ സാങ്കേതികവിദ്യയാണ്‌ നിർമാണത്തിന്‌ ഉപയോഗിക്കുക. ദുരന്തഘട്ടങ്ങളിൽ കൂടുതൽപേരെ പ്രവേശിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന. ബ്ലഡ് ബാങ്ക്, സ്കാനിങ്‌ വിഭാഗം, പേ വാർഡ്, എക്സ്റേ, ലാബ്, കാന്റീൻ തുടങ്ങിയവ ഉൾപ്പെടെ പ്രവർത്തിക്കുന്ന തരത്തിലാണ് ഒപി ബ്ലോക്ക് പ്രവർത്തനം തുടങ്ങുക. തെക്കുവശത്തെ അഞ്ചു നിലയുള്ള കെട്ടിടത്തിലാകും ഓപ്പറേഷൻ തിയറ്ററുകൾ.  
ശനിയാഴ്ച പകൽ 2.30ന് നടക്കുന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെയാണ്‌ ആരോഗ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. ആർ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. എ എം ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി, കാപ്പക്സ് ചെയർമാൻ പി ആർ വസന്തൻ തുടങ്ങിയവർ പങ്കെടുക്കും. മുനിസിപ്പൽ ചെയർപേഴ്സൺ ഇ സീനത്ത്, വൈസ് ചെയർമാൻ ആർ രവീന്ദ്രൻപിള്ള, ആശുപത്രി സൂപ്രണ്ട് തോമസ് അൽഫോൺസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top