25 April Thursday

കൗൺസിൽ യോഗം അലങ്കോലമാക്കി യുഡിഎഫ്‌

സ്വന്തം ലേഖകന്‍Updated: Saturday Sep 12, 2020
പുനലൂർ
കോവിഡ്‌ നിയന്ത്രണങ്ങൾക്കിടെ സുപ്രധാന വിഷയങ്ങൾ ചർച്ചചെയ്‌ത്‌ തീരുമാനമെടുക്കാനായി ചേർന്ന മുനിസിപ്പൽ കൗൺസിൽ യോഗം യുഡിഎഫ്‌ അംഗങ്ങൾ അലങ്കോലപ്പെടുത്തി. നിയന്ത്രണങ്ങൾ ലംഘിച്ചായിരുന്നു പ്രതിഷേധം. 
യോഗം തുടങ്ങിയപ്പോൾത്തന്നെ യുഡിഎഫ് കൗൺസിലർമാർ മുദ്രാവാക്യം മുഴക്കി. തെരുവുവിളക്കുകൾ സ്ഥാപിച്ചില്ലെന്നു പറഞ്ഞായിരുന്നു പ്രതിഷേധം.   എന്നാൽ, എല്ലാ വാർഡുകളിലും തെരുവുവിളക്ക്‌ സ്ഥാപിക്കാനുള്ള നടപടി തിങ്കളാഴ്ച ആരംഭിക്കുമെന്ന്  യോഗത്തിൽ അധ്യക്ഷനായിരുന്ന ചെയർമാൻ കെ എ ലത്തീഫ്‌ വിശദീകരിച്ചെങ്കിലും യുഡിഎഫ്‌ അംഗങ്ങൾ അടങ്ങിയില്ല. 
ലൈറ്റും മറ്റ് സാധനസാമഗ്രികളും ഹൈദരാബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന്‌  എത്താൻ ലോക്ഡൗൺ കാരണം കാലതാമസം ഉണ്ടായതാണ് ലൈറ്റ് സ്ഥാപിക്കുന്നതിൽ താമസം നേരിട്ടതെന്ന് ചെയർമാൻ പറഞ്ഞു. പുതിയ എൽഇഡി ലൈറ്റുകൾ സ്ഥാപിക്കാനുള്ള കരാർ യോഗം അംഗീകരിക്കുകയുംചെയ്‌തു. ഹരിതകേരളം മിഷൻ ശുചിത്വ നഗരമായി പുനലൂരിനെ തെരഞ്ഞെടുത്തതിനാൽ ലോകബാങ്കിൽനിന്ന്‌ 10 കോടി രൂപ ഗ്രാൻഡായി അനുവദിച്ചതിന്റെ കരാർ  അംഗീകരിക്കാനുമാണ്‌ കൗൺസിൽ ചേർന്നത്‌. നെൽസൺ സെബാസ്‌റ്റ്യൻ, ജയപ്രകാശ്‌, സാബു അലക്സ്‌ എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ്‌ അംഗങ്ങൾ യോഗത്തിൽ മുദ്രാവാക്യം വിളി തുടർന്നതോടെ, പ്രധാനപ്പെട്ട അജണ്ടകൾ അംഗീകരിച്ച്‌ പുറത്തേക്കു പോകാനിറങ്ങിയ ചെയർമാനെ തടഞ്ഞുവച്ചു.  
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച്‌ കൗൺസിൽ ഹാളിന്റെ വാതിൽ അടച്ചു യുഡിഎഫ് അംഗങ്ങൾ കൂട്ടംകൂടി നിന്ന് മുദ്രാവാക്യം വിളിച്ചു. 
എൽഡിഎഫ്‌   കൗൺസിലർമാർ ചെയർമാനെ ഇറക്കിവിടാൻ യുഡിഎഫ്‌ അംഗങ്ങളോട്‌ ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷം ബലപ്രയോഗത്തിന് മുതിർന്ന് ഉന്തും തള്ളുമായി.കൗൺസിലിന്റെ സുഗമമായ നടത്തിപ്പിന് വിഘാതമായി നിൽകുന്ന യുഡിഎഫ്‌ രീതികളിൽനിന്ന്‌ പിൻമാറണമെന്ന്‌ ചെയർമാൻ ആവശ്യപ്പെട്ടു. വൈസ്‌ ചെയർപേഴ്‌സൺ സബീന സുധീർ, എം എ രാജഗോപാൽ, കെ രാജശേഖരൻ, സുഭാഷ്‌ ജി നാഥ്‌ എന്നിവരും യോഗത്തിൽ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top