20 April Saturday

ചിറകുവിരിക്കുന്നു ഫാം ടൂറിസം

സ്വന്തം ലേഖികUpdated: Friday Aug 12, 2022

കുരിയോട്ടുമല ഹൈടെക്ക്‌ ഡെയറി ഫാം

കൊല്ലം
ജില്ലയുടെ വിനോദസഞ്ചാര മേഖലയ്‌ക്ക്‌ ചാരുതയേകാൻ ഫാം ടൂറിസവും. വിദേശികൾക്കും തദ്ദേശീയർക്കും കേരളത്തിന്റെ കാർഷികവൃത്തി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പിറവന്തൂർ പഞ്ചായത്തിലെ കുരിയോട്ടുമല ഗവ. ഹൈടെക്‌  ഡെയറിഫാമിൽ ആരംഭിച്ച പദ്ധതി പ്രവർത്തനസജ്ജമായി. ജില്ലയിലെ മനോഹര കൃഷിയിടങ്ങൾ സഞ്ചാരികൾക്കായി തുറന്നിടുന്നതാണ് പദ്ധതി. 106 ഏക്കറിലുള്ള ഫാമിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ചുകോടി രൂപ വിനിയോഗിച്ച്‌ ചിൽഡ്രൻസ്‌ പാർക്ക്‌, ഹണിമൂൺ കോട്ടേജ്‌, ഹട്ടുകൾ, പക്ഷിമൃഗാദികളുടെ ശിൽപ്പങ്ങൾ, ഉദ്യാനം എന്നിവ നിർമിച്ചു. 10 പേർക്ക് താമസിക്കാൻ സൗകര്യമുള്ള ഡോർമെട്രിയും ഒരുക്കിയിട്ടുണ്ട്‌. ഒട്ടകപ്പക്ഷി, എമു, കുതിര, വിവിധയിനം പശുക്കൾ, മലബാറി, സിരോഹി, ജമ്നാപ്യാരി തുടങ്ങി വ്യത്യസ്തയിനം ആടുകൾ, മുയലുകൾ എന്നിവയാലും ഫാം സമ്പന്നമാണ്.
രാജ്യത്തെ തനത്‌ വളർത്തുമൃഗങ്ങളുടെ തുറന്ന മ്യൂസിയം (ഡൊമസ്റ്റിക് ആനിമൽ മ്യൂസിയം)ആരംഭിക്കുന്നതിനും  ഈ സാമ്പത്തികവർഷം തുടക്കമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാം കെ ഡാനിയൽ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം  31ന് മന്ത്രി  മുഹമ്മദ്‌ റിയാസ്‌ നിർവഹിക്കും. റോപ്‌വേ, അഡ്വഞ്ചർ പാർക്ക്, കുട്ടവഞ്ചി സവാരി, ദക്ഷിണ അമേരിക്കൻ തത്തകളുടെ പ്രദർശനം എന്നിവയും നടപ്പാക്കി സംസ്ഥാനത്തെ  മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കി കുരിയോട്ടുമല ഫാമിനെ മാറ്റുകയാണ് ലക്ഷ്യമെന്നും സാം കെ ഡാനിയൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top