20 April Saturday

ഗൂഗിൾ മാപ്പ്‌ 
ചതിക്കില്ല

അനിൽ വി ആനന്ദ്Updated: Thursday Aug 11, 2022
കൊല്ലം
അറിയാത്ത പ്രദേശങ്ങളിലൂടെയുള്ള യാത്രയിൽ​ ഗൂ​ഗിൾ മാപ്പാണ് ഇപ്പോൾ മിക്കവർക്കും  വഴികാട്ടി. ആ മാപ്പിൽ വഴി മാത്രമല്ല റോഡിലെ അപകടസാധ്യതാ സ്ഥലങ്ങൾ കൂടി അറിയാൻ കഴിഞ്ഞാൽ യാത്ര സുരക്ഷിതമാകും. അത്തരമൊരു പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങുകയാണ് മോട്ടോർവാഹനവകുപ്പ്. അപകടം കൂടുതലായി നടന്ന സ്ഥലങ്ങൾ കണ്ടെത്തി അവ ഹൈറിസ്‌ക് മേഖലകളായി തിരിച്ചാണ് ​ഗൂ​ഗിളുമായി ബന്ധിപ്പിക്കുക. ഇതിനുള്ള വിവരശേഖരണം ജില്ലയിൽ അന്തിമഘട്ടത്തിലെത്തി. 
ക്രൈം റെക്കോഡ് ബ്യൂറോയിൽനിന്ന് 2019–--21 വർഷങ്ങളിലെ അപകടക്കണക്ക് ശേഖരിച്ച് താലൂക്ക് അടിസ്ഥാനത്തിൽ ഹൈറിസ്‌ക് മേഖലകൾ കണ്ടെത്തി. ഇവയോ ക്ലസ്റ്ററുകളായി തിരിച്ച് അപകടമൊഴിവാക്കാൻ എന്തെല്ലാം മുൻകരുതലെടുക്കാമെന്ന്‌ താലൂക്ക് സ്ക്വാഡുകൾ റിപ്പോർട്ട് തയ്യാറാക്കും. ഇത് ഉടൻ കലക്ടർക്ക് കൈമാറും.
അപകടസാധ്യതാ മേഖലകൾ ഗൂ​ഗിൾ മാപ്പുമായി ബന്ധിപ്പിച്ചാൽ ഈ സ്ഥലങ്ങളെത്തുംമുമ്പ് തന്നെ ഡ്രൈവർമാർക്ക് അറിയാനാകും. ​വേ​ഗത കുറയ്ക്കുക, ജാ​ഗ്രത കാണിക്കുക തുടങ്ങിയ മുന്നറിയിപ്പുകളും ലഭിക്കും.
കൂടുതൽ 
കൊല്ലം താലൂക്കിൽ
ജില്ലയിൽ കൂടുതൽ അപകടസാധ്യതാ സ്ഥലങ്ങൾ ദേശീയപാതയിലും എംസി റോഡിലുമാണ്. കൊല്ലം താലൂക്കിലാണ് ഹൈറിസ്‌ക് മേഖലകൾ ഏറെയും. 34 ഹൈറിസ്‌ക് മേഖലയിലായി 1044 അപകടമാണ് മൂന്നുവർഷത്തിനിടെ നടന്നത്. 172പേർ മരിച്ചു. കരുനാ​ഗപ്പള്ളി താലൂക്കിൽ 21 ഹൈറിസ്ക് മേഖലയിലായി 515 അപകടം. 75 മരണം. കൊട്ടാരക്കര 19, കുന്നത്തൂർ 3, പുനലൂർ മൂന്ന്, പത്തനാപുരം ഒന്ന് എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിൽ മറ്റുള്ള ഹൈറിസ്ക് മേഖലകൾ.
 
165 മീറ്ററിൽ 65 അപകടം; 
9 മരണം
കൊല്ലം താലൂക്കിൽ കല്ലുംതാഴത്ത് ഇന്ത്യൻ ഓവർസീസ് ബാങ്കിനും ഫാത്തിമ കോളേജ് ഓഫ് ഫാർമസിക്കുമിടെ 165 മീറ്ററിൽ മൂന്നു വർഷത്തിനിടെ 65 അപകടമാണ് നടന്നത്. 
ഒമ്പതുപേർ മരിച്ചു. 54 പേർക്ക് പരിക്കേറ്റു. വേട്ടുതറയിൽ ബേബി ജോൺ മെമ്മോറിയലിനും സെന്റ് ആ​ഗ്നസ് എച്ച് എസിനും ഇടയിലുള്ള 400 മീറ്ററിൽ  27 അപകടങ്ങളിലായി നാലു മരണം. നീണ്ടകരയിൽ ഹിമ ഹോട്ടലിനും കോവിലകം ടെകസ്റ്റൈയിൽസിനുമിടയിൽ 580 കിലോമീറ്ററിൽ 56 അപകടത്തിലായി 15 മരണവും 62 പേർക്ക് പരിക്ക്. ചിന്നക്കടയിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ മുതൽ ജില്ലാ ടി ബി സെന്റർ വരെയുള്ള 800 മീറ്ററിൽ 24 അപകടമാണ് നടന്നത്. ഒരു മരണം. 26 പേർക്ക് പരിക്കേറ്റു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top