29 March Friday
ജിഎസ്‌ടി വർധന, അവഗണന

കേന്ദ്രത്തിന്‌ താക്കീതായി കേരളത്തിന്റെ പ്രതിഷേധം

സ്വന്തം ലേഖകർUpdated: Thursday Aug 11, 2022

ജിഎസ്‌ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ കൊല്ലം ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിനു മുന്നിൽ നടത്തിയ ധർണ 
സിപിഐ സംസ്ഥാന അസിസ്‌റ്റന്റ്‌ സെക്രട്ടറി കെ പ്രകാശ്‌ ബാബു ഉദ്‌ഘാടനംചെയ്യുന്നു

 

തിരുവനന്തപുരം/കൊല്ലം
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ, സംസ്ഥാന വിരുദ്ധ നടപടിക്ക്‌ കേരളത്തിന്റെ താക്കീത്‌. നിത്യോപയോഗ സാധനങ്ങൾക്ക്‌ ജിഎസ്‌ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കുകയും കേരളത്തെ അവഗണിക്കുകയും കിഫ്‌ബിയെ തകർക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയാണ്‌ എൽഡിഎഫ്‌ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്‌. തലസ്ഥാനത്ത്‌ രാജ്‌ഭവനു മുന്നിലേക്കും ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും സംഘടിപ്പിച്ച മാർച്ചിലും ധർണയിലും ആയിരങ്ങൾ അണിനിരന്നു. രാജ്‌ഭവനു മുന്നിൽ ധർണ സിപിഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. 
ചിന്നക്കട ഹെഡ്‌പോസ്റ്റ്‌ ഓഫീസിനു മുന്നിൽ ധർണ നടത്തി. സിപിഐ സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി കെ  പ്രകാശ്‌ബാബു ഉദ്‌ഘാടനംചെയ്‌തു. സാമ്പത്തികമായി ബുദ്ധിമുട്ടിച്ച്‌ ജനരോഷം സംസ്ഥാന സർക്കാരിനെതിരാക്കുകയെന്ന തന്ത്രമാണ്‌ കേന്ദ്രസർക്കാർ പയറ്റുന്നതെന്നു അദ്ദേഹം പറഞ്ഞു. പദ്ധതി  നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക്‌ സഹായം നൽകുന്നില്ല. വായ്‌പ പോലും വിലക്കുന്നു. ഫെഡറൽ സംവിധാനം അട്ടിമറിക്കുന്ന കേന്ദ്രത്തിനെതിരെ പ്രതിഷേധം ഉയരണമെന്നും പ്രകാശ്‌ബാബു പറഞ്ഞു. 
എൽഡിഎഫ് ജില്ലാ കൺവീനർ എൻ അനിരുദ്ധൻ അധ്യക്ഷനായി. എ എം ഇക്ബാൽ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ബി തുളസീധരക്കുറുപ്പ്, എക്സ് ഏണസ്റ്റ്, എം ശിവശങ്കരപ്പിള്ള, വി കെ അനിരുദ്ധൻ, ഏരിയ സെക്രട്ടറിമാരായ എസ് പ്രസാദ്, കെ ജി ബിജു,  സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ ശിവശങ്കരൻനായർ, ജില്ലാ അസിസ്റ്റന്റ്‌ സെക്രട്ടറി ജി ലാലു,  മണ്ഡലം സെക്രട്ടറി എ രാജീവ്‌, ഇക്ബാൽ കുട്ടി (കേരള കോൺഗ്രസ് മാണി),  പെരിനാട് വിജയൻ (കേരള കോൺഗ്രസ്- സ്കറിയ തോമസ് ), സി കെ ഗോപി (ജനതാദൾ), ഗോപകുമാർ (എൻസിപി),  കടവൂർ ചന്ദ്രൻ (ജെഎസ്എസ്), കല്ലുംതാഴം ഷാജഹാൻ (ഐഎൻഎൽ) എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top