25 April Thursday
അയ്യൻകോയിക്കൽ അച്ചൻകോവിലായി

അച്ഛനും മകളും 
കാട്ടാനക്കലിയിൽ വിരണ്ടു

സുരേഷ്‌ വെട്ടുകാട്ട്‌Updated: Thursday Aug 11, 2022

കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നവാസ്

കരുനാഗപ്പള്ളി
പ്ലസ്‌വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷയിൽ അയ്യൻകോയിക്കൽ അച്ചൻകോവിലായി മാറിയപ്പോൾ അച്ഛനും മകളും മരണത്തെ മുന്നിൽ കണ്ടു. അയണിവേലിക്കുളങ്ങര ചെന്നിവിള പുത്തൻവീട്ടിൽ അബ്ദുൽ നവാസും (46) മകൾ നെഹില (15)യുമാണ്‌ ക്രൗര്യത്തോടെ പാഞ്ഞടുത്ത കാട്ടാനയുടെ ആക്രമണത്തിനിരയായത്‌. സംഭവം വിവരിക്കുമ്പോൾ ഇരുവരുടെയും മുഖത്ത്‌ മരണം മുന്നിൽകണ്ടതിന്റെ ഭീതി. 
ചൊവ്വ രാവിലെ ഒമ്പതിനു മകളുടെ പ്ലസ്‌വൺ പ്രവേശനവുമായി ബന്ധപ്പെട്ട്‌ അച്ചൻകോവിലിലേക്ക്‌ പോകുന്നതിനിടെയാണ്‌ ഇരുവർക്കും നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്‌. അപേക്ഷയിൽ പിശക്‌ സംഭവിച്ചതോടെയാണ്‌ നെഹിലയ്‌ക്ക്‌ അച്ചൻകോവിൽ സ്കൂളിൽ ആദ്യഘട്ട അലോട്ട്മെന്റ്‌ ലഭിച്ചത്. ഇവിടെ പ്രവേശനം എടുക്കാതെ മറ്റു മാർഗമില്ലാതായതോടെയാണ് സ്കൂളിലേക്ക് പുറപ്പെട്ടത്‌. ഗൂഗിൾമാപ്പ്‌ പ്രയോജനപ്പെടുത്തി ബൈക്കിലായിരുന്നു യാത്ര. ജനപ്പാർപ്പില്ലാത്ത മേഖലയിലൂടെ പോകുന്നതിനിടെ സൈനികനായ മറ്റൊരു ബൈക്ക് യാത്രക്കാരൻ വന്യമൃഗങ്ങൾ ആക്രമിക്കാനുള്ള സാധ്യതയെക്കുറിച്ച്‌ സൂചിപ്പിച്ചിരുന്നു. തന്റെ ബൈക്കിന്റെ പിന്നാലെ വരാനും നിർദേശിച്ചു. നെടുവത്തുമൂഴി ഭാഗത്ത് എത്തിയപ്പോൾ സൈനികന്റെ ബൈക്ക് കടന്നുപോയതിനു പിന്നാലെ കാട്ടാന റോഡിലേക്ക്‌ കുതിച്ചെത്തുകയായിരുന്നു.
ബൈക്കിനെയാണ് കാട്ടാന ആദ്യം ആക്രമിച്ചത്. പിറകിലുണ്ടായിരുന്ന നെഹില ദൂരേക്ക് തെറിച്ചുവീണു. നവാസ് ബൈക്കിന് അടിയിൽപ്പെട്ടു. തുടർന്ന്‌, ബൈക്ക് തകർക്കാനുള്ള ശ്രമമായി. ബൈക്കിന് അടിയിൽപ്പെട്ട നവാസിനെ ഇതു കൂടുതൽ അപകടത്തിലാക്കി. അപ്പോഴും മകളോട് ദൂരേക്ക് പോകാൻ നവാസ് ആവശ്യപ്പെടുന്നുണ്ടായിരുന്നു. തൊട്ടടുത്ത്‌ ബൈക്ക് നിർത്തിയ സൈനികനാണ്‌ ബഹളമുണ്ടാക്കി കാട്ടാനയെ പിന്തിരിപ്പിച്ചത്‌.
നവാസ്‌ പുനലൂർ താലൂക്കാശുപത്രിയിലും പിന്നീട്‌ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും ചികിത്സതേടി. കാലിനും കൈയ്ക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വാരിയെല്ല്‌ ഉൾപ്പെടെയുള്ളവയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്ന സംശയത്തിൽ പരിശോധന തുടരുകയാണ്. വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റാനും ആലോചനയുണ്ട്.
നെഹിലയ്‌ക്ക്‌ നിസ്സാര പരിക്കാണുള്ളത്‌. മരണം മുന്നിൽ കണ്ട നിമിഷങ്ങളിൽനിന്ന് ജീവൻ കൈപ്പിടിയിൽ ഒതുക്കാനായതിന്റെ സന്തോഷത്തിലാണ്‌ നവാസും കുടുംബവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top