28 March Thursday

നിശ്‍ചലം തപാൽ

സ്വന്തം ലേഖകൻUpdated: Thursday Aug 11, 2022

പണിമുടക്കിയ തപാൽ ആർഎംഎസ്‌ ജീവനക്കാർ കൊല്ലത്തു നടത്തിയ പ്രകടനം

കൊല്ലം
തപാൽ വകുപ്പ്‌ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ സംയുക്ത സമരസമിതി രാജ്യവ്യാപകമായി നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണം. നാല് ഹെഡ് പോസ്റ്റ്ഓഫീസ്‌ ഉൾപ്പെടെ 400 ഓഫീസും അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കൊല്ലം ആർഎംഎസ് യൂണിറ്റും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും അടഞ്ഞുകിടന്നു. ഓഫീസുകൾ പ്രവർത്തനരഹിതമായതിന്റെ ഭാഗമായി തപാലുരുപ്പടികളുടെ വിതരണവും സേവിങ്‌സ്‌ ബാങ്ക് -ഇൻഷുറൻസ് സേവനങ്ങളും തടസ്സപ്പെട്ടു. 
സ്വകാര്യവൽക്കരണത്തെയും തപാൽ വകുപ്പിനെ വിഭജിച്ച്‌ വിൽക്കാനുള്ള നീക്കത്തെയും പ്രതിരോധിക്കാനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി ജീവനക്കാർ പണിമുടക്കിയത്. 
ഡാക് മിത്ര എന്ന പേരിൽ അനുവദിക്കപ്പെട്ട സ്വകാര്യ ഫ്രാഞ്ചൈസികളും ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് എന്ന സ്വയംനിയന്ത്രിത സംവിധാനവും തപാൽ വകുപ്പിനെ പൂർണമായും തകർക്കും. കൊല്ലം, കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ്ഓഫീസുകൾ കേന്ദ്രീകരിച്ച് ജീവനക്കാർ നടത്തിയ പ്രകടനത്തിൽ ഓരോ കേന്ദ്രത്തിലും നൂറോളം ജീവനക്കാർ പങ്കെടുത്തു. പ്രകടനത്തെയും തുടർന്ന് നടന്ന ധർണയെയും വിവിധ സർവീസ് സംഘടനകളും ഇതര സംഘടനകളും അഭിവാദ്യം ചെയ്തു.
എൻഎഫ്പിഇ സംസ്ഥാന ഭാരവാഹികളായ ടി മാത്യൂസ് മാത്യൂ, കെ ഗോപാലകൃഷ്ണൻനായർ, ജെ നൈസാം, എഫ്എൻപിഒ നേതാക്കളായ കെ മോഹനൻ, ജി ആർ മണി ചന്ദ്രകുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധത്തിന് നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top