16 July Wednesday

ജോലി വാഗ്ദാനംചെയ്ത് 
പണം തട്ടിയ യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

വൈശാഖൻ ഉണ്ണിത്താൻ

ശാസ്താംകോട്ട
എൻജിനിയറിങ്‌ ബിരുദധാരികൾക്ക് വിദേശത്ത് ജോലി വാഗ്ദാനംചെയ്‌ത്‌ പണം തട്ടിയ ആൾ പിടിയിൽ. അമേരിക്കയിലെ മിഷിഗൺ ഫോർഡ് കമ്യൂണിറ്റി ആൻഡ് പെർഫോമിങ്‌ സെന്റർ എന്ന സ്വകാര്യ കമ്പനിയിൽ ജോലി വാങ്ങിനൽകാമെന്നു പറഞ്ഞ്‌ ലക്ഷങ്ങൾ  തട്ടിയെടുത്ത കുന്നത്തൂർ ഐവർകാല കോട്ടയക്കുന്നത് കോട്ടോളിൽ ശങ്കരവിലാസം വീട്ടിൽ വൈശാഖൻ ഉണ്ണിത്താൻ (35) ആണ് ബംഗളൂരുവിൽ ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. വിസയ്‌ക്കുവേണ്ടിയാണ്  ഉദ്യോഗാർഥികൾ വൈശാഖൻ  ഉണ്ണിത്താനെ സമീപിച്ചത്. അമേരിക്കയിൽ പോകണമെങ്കിൽ  ബംഗളൂരുവിൽ ഒരു കോഴ്സിൽ പങ്കെടുത്തു പാസാകണമെന്ന്‌  വിദ്യാർഥികളെ വിശ്വസിപ്പിച്ച് ഒരു ലക്ഷം രൂപ കോഴ്സ് ഫീ ആയി  ഈടാക്കി. കോഴ്സ് കഴിഞ്ഞശേഷം വിസയ്‌ക്കായി 25 ലക്ഷം രൂപ ബംഗളൂരുവിൽ കൈപ്പറ്റുകയും ചെയ്തു. വിസ വരുമ്പോൾ  അറിയിക്കാമെന്നു  പറഞ്ഞ് ഉദ്യോഗാർഥികളെ നാട്ടിലേക്ക് അയക്കുകയായിരുന്നു. നാട്ടിലെത്തി പലതവണ  ബന്ധപ്പെടുമ്പോഴും ഉടൻ അയച്ചുതരാം  എന്ന് മറുപടി പറഞ്ഞെങ്കിലും പിന്നീട് മൊബൈൽ സ്വിച്ച് ഓഫ് ആക്കി പ്രതി രക്ഷപ്പെട്ടു. തുടർന്നാണ് തട്ടിപ്പിനിരയായ വ്യക്തി പൊലീസിൽ പരാതി  നൽകിയത്. പൊലീസ് നിരന്തരം പിന്തുടർന്നെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ശാസ്താംകോട്ട ഡിവൈഎസ്‌പി എസ് ഷെരീഫിന്റെ  നേതൃത്വത്തിൽ  പ്രത്യേക അന്വേഷകസംഘം  രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ശാസ്താംകോട്ട ഇൻസ്‌പെക്ടർ എ അനൂപ്, എഎസ്ഐ രാജേഷ്, സിപിഒ ശ്രീകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ്  പ്രതിയെ  അറസ്റ്റ് ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top