26 April Friday

ഈ സാമ്പത്തിക വർഷം 260കോടിയുടെ പദ്ധതി

സ്വന്തം ലേഖകൻUpdated: Sunday Jun 11, 2023
കൊല്ലം
പൊതുമേഖലാ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് ശക്തിപകർന്ന് ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ). 2022 –-23 സാമ്പത്തിക വർഷത്തിൽ വിവിധ പദ്ധതികൾ പൂർത്തീകരിക്കുകയും നിരവധി പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുകയുംചെയ്തു. അഞ്ച്‌ കോടി രൂപ ചെലവിൽ 50ടൺ ശേഷിയുള്ള രണ്ട്‌ ദ്രവീകൃത നൈട്രജൻ സ്റ്റോറേജ് സംവിധാനം, 2.5 കോടി ചെലവിൽ 50 ടൺ മെഡിക്കൽ ഓക്‌സിജൻ സ്റ്റോറേജ് സംവിധാനം, അഞ്ച്‌ കോടി ചെലവിൽ 150 ടൺ ബ്രയിൻ ചില്ലിങ്ങ് കംപ്രസർ സംവിധാനവും പൂർത്തിയായി. ഒപ്പം സർക്കാര്‍ നൽകിയ 50ലക്ഷം രൂപ ചെലവഴിച്ച് മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറിലേക്ക് നിറച്ചു നൽകുന്നതിനുള്ള ഫില്ലിങ് സ്റ്റേഷനും സജ്ജമാക്കി. അടിയന്തരഘട്ടങ്ങളിൽ 24 മണിക്കൂറും ഉപയോഗിക്കാവുന്ന സേവനം സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് കൂടി കരുത്ത് പകരും.
കോവിൽതോട്ടത്ത് ദേശീയ ജലപാതയ്ക്ക് കുറുകെ ടി എസ് കനാലിൽ പാലം നിർമിക്കാനും അപ്രോച്ച് റോഡുകളുടെ സ്ഥലം ഏറ്റെടുക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു. അപ്രോച്ച് റോഡ് നിർമാണച്ചെലവും പാലം നിർമാണത്തിന്റെ 50ശതമാനം ചെലവും കെഎംഎംഎല്ലാണ് വഹിക്കുന്നത്. പാലം നിർമാണത്തിനായി 1.30 കോടി നിലവിൽ നൽകി. ഖനനത്തിനു ശേഷം കോവിൽതോട്ടത്ത് പുതിയ സ്‌കൂളും നിർമിക്കും. കമ്പനിയുടെ മിനറൽ സെപ്പറേഷൻ യൂണിറ്റിന് മുന്നിൽ ദേശീയ ജലപാതയ്ക്ക് കുറുകെ നടപ്പാലം, ആധുനിക സംവിധാനങ്ങളോടെയുള്ള എംപ്ലോയീസ് കോ- –- ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ നിർമാണവും നടക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളോടെ പ്ലാന്റ് ടെക്നിക്കൽ സർവീസ് കെട്ടിവും ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്ബും കെഎംഎംഎല്ലിൽ ഒരുങ്ങുകയാണ്.
ഉൽപ്പാദനശേഷി
കൂട്ടും
ആധുനീകരണത്തിനും നവീകരണത്തിനുമായി സർക്കാർ നിർദേശപ്രകാരം തയ്യാറാക്കിയ മാസ്റ്റർപ്ലാൻ അനുസരിച്ച് ഈ സാമ്പത്തിക വർഷം 260കോടി രൂപയുടെ പദ്ധതികളാണ്‌ നടക്കാനിരിക്കുന്നത്. അഡീഷണൽ കൂളിങ് ടവർ നവംബറിൽ പൂർത്തിയാകും. ഡിസംബറിൽ പുതിയ എയർ കംപ്രസർ സംവിധാനം, 2024 മാർച്ചിൽ അഞ്ച്‌ ടിപിഎച്ച് പ്രഷർ ഫിൽട്രേഷൻ ആൻഡ് ഡ്രയിങ് സംവിധാനം എന്നിവയും പൂർത്തിയാകും. ഇതോടെ 13 കോടി രൂപ വർഷത്തിൽ മിച്ചം വയ്ക്കാനാകും. 
ഫർണസ് ഓയിലിന്റെ ഉപയോഗം കുറയ്ക്കുന്നതിന് സഹായിക്കുന്ന 40 ടിപിഎച്ച് ബോയിലർ പ്ലാന്റ്, എൽപിജി ഉപയോഗം ഗണ്യമായി കുറയ്ക്കാൻ ഉപകരിക്കുന്ന ടിക്കിൾ പ്രീഹീറ്റർ സംവിധാനം എന്നിവ ടെന്‍ഡർ നടപടികളിലാണ്. മലിനീകരണം ഇല്ലാതാക്കാനും നേരിട്ട് വിൽപ്പന നടത്താവുന്ന അയൺ ഓക്‌സൈഡ് ലഭ്യമാകുന്ന തരത്തിലും ആസിഡ് റീജനറേഷൻ പ്ലാന്റിന്റെ നവീകരണ പദ്ധതി സാങ്കേതിക അനുമതിക്കായി സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. ഒപ്പം ഉൽപ്പാദനക്ഷമത കൂട്ടി മിനറൽ സെപ്പറേഷൻ യൂണിറ്റിനെ നവീകരിക്കാനുള്ള പദ്ധതിയും സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ടൈറ്റാനിയം പി​ഗ്‌മെന്റ്  പ്ലാന്റിന്റെ ശേഷി കൂട്ടുന്നതിനുള്ള പദ്ധതിയും നടക്കുകയാണ്. വർഷം 40,000 ടണ്ണിൽനിന്ന് 70,000 ടണ്ണായി ഉൽപ്പാദനശേഷി കൂട്ടുകയാണ് ലക്ഷ്യം. ഇതിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി വരികയാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top