16 September Tuesday

പരമ്പരാഗത തൊഴിലാളികൾക്ക്‌ 
മത്തിച്ചാകര

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023
കൊല്ലം
ട്രോളിങ്‌ നിരോധനത്തിനുശേഷം ആദ്യമായി കടലിൽ പോയ പരമ്പരാഗത തൊഴിലാളികൾ മടങ്ങി എത്തിയത്‌ വള്ളം നിറയെ മത്തിയുമായി. എന്നാൽ, ഐസിന്‌ ക്ഷാമമെന്നു പറഞ്ഞ്‌ ലേലക്കാർ വിലയിടിച്ചത്‌ തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. വാടി, തങ്കശ്ശേരി, പള്ളിത്തോട്ടം, പോർട്ട്‌ കൊല്ലം ഭാഗങ്ങളിൽ നിന്നുപോയ തൊഴിലാളികൾക്കാണ്‌ മത്തി ലഭിച്ചത്‌. ആദ്യം എത്തിയ വള്ളക്കാരിൽനിന്ന്‌ കിലോയ്‌ക്ക്‌ 170രൂപയ്‌ക്കാണ്‌ ലേലക്കാർ മത്തി വാങ്ങിയത്‌. പിന്നീട്‌ അത്‌ 130, 120,100 വരെയായി. ഒടുവിൽ ഐസില്ലെന്നു പറഞ്ഞ്‌ വളത്തിനെന്ന വ്യാജേനെ 30രൂപയ്‌ക്കാണ്‌ ലേലക്കാർ വാങ്ങിയത്‌. ഈ മത്തി അവിടെത്തന്നെ അവർ കൂടിയ വിലയ്‌ക്ക്‌ മറിച്ചുവിൽക്കുകയും ചെയ്‌തു.
അഞ്ഞൂറിൽപ്പരം വള്ളങ്ങളാണ്‌ വെള്ളിയാഴ്ച ഇവിടങ്ങളിൽനിന്ന്‌ കടലിൽ പോയത്‌. ഇതിൽ 400വള്ളവും ഇടക്കെട്ട്‌ വലയുമായാണ്‌ (മത്തി വല) പോയത്‌. എച്ച്‌എം വല (അയല, ചൂര എന്നിവയ്‌ക്കുള്ള വല)യുമായി നൂറിൽപ്പരം വള്ളങ്ങളും മീൻപിടിച്ചു. ഒരു ലക്ഷം മുതൽ 10,000രൂപ വരെ വരുമാനം ലഭിച്ചവരുണ്ട്‌ ഇക്കൂട്ടത്തിൽ. എന്നാൽ, 20ശതമാനം പേർക്ക്‌ വെറും കൈയോടെ മടങ്ങേണ്ടിയും വന്നു. കടലിൽനിന്ന്‌ എത്തിക്കുന്ന മീനിന്‌ ന്യായമായ വില ലഭ്യമാക്കുന്നതിന്‌ ഫിഷറീസ്‌ ഉദ്യോഗസ്ഥരുടെ ഇടപെടൽ വേണമെന്ന്‌ തൊഴിലാളികൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top