29 March Friday
കാലവർഷം

നേരിടാൻ സജ്ജം

സ്വന്തം ലേഖികUpdated: Friday Jun 9, 2023
കൊല്ലം
കാലവർഷക്കെടുതികൾ നേരിടാൻ ജില്ല സജ്ജം. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയെ പ്രതിരോധിക്കുന്നതും അപകട ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഊർജിതമാണ്‌. ഭീഷണി ഉയർത്തി വീടുകൾക്ക്‌ മുകളിലേക്ക്‌ നിൽക്കുന്ന സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ഉൾപ്പെടെയുള്ള വൃക്ഷങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റാൻ തദ്ദേശസ്ഥാപന അധികൃതർക്ക്‌ നിർദേശം നൽകി. വൃക്ഷങ്ങളിൽ നിന്നുള്ള കായ്‌കൾ വീണും വീടുകൾക്ക്‌ കേടുപാടു ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ അവ നീക്കംചെയ്യാനും നിർദേശമുണ്ട്‌. ഇതിന്‌ സ്വകാര്യ വ്യക്തികൾ തയ്യാറായില്ലെങ്കിൽ അപകടം ഒഴിവാക്കാനുള്ള നടപടി പഞ്ചായത്ത്‌ അധികൃതർ സ്വീകരിക്കണം. അതിനു ചെലവാകുന്ന പണം നികുതി കുടിശ്ശിക ഇനത്തിൽ ഉടമകളിൽനിന്ന്‌ ഈടാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്‌. അതിനിടെ വൈദ്യുതി ലൈനുകൾക്ക്‌ മുകളിലേക്കു വളർന്നു നിൽക്കുന്ന ശിഖരങ്ങൾ ഏറെയും കെഎസ്‌ഇബി അധികൃതർ നീക്കംചെയ്‌തിട്ടുണ്ട്‌.
മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരമേഖലകളിൽ അടഞ്ഞുപോയ നീർച്ചാലുകൾ കണ്ടെത്തി വെള്ളത്തിന്റെ ഒഴുക്ക്‌ സുഗമമാക്കാനുള്ള പ്രവർത്തനം ഹരിത കേരളം മിഷൻ നേതൃത്വത്തിൽ നടക്കുന്നു. പശ്ചിമഘട്ട മേഖലയിൽ ഉൾപ്പെട്ട പിറവന്തൂർ, ചിതറ, ആര്യങ്കാവ്‌, തെന്മല, ഏരൂർ, അലയമൺ, കുളത്തൂപ്പുഴ പഞ്ചായത്തുകളിലാണ്‌ ഇത്തരം പ്രവർത്തനം നടക്കുന്നത്‌. ഐടി മിഷനുമായി ചേർന്ന്‌ നടപ്പാക്കിയ മാപ്പത്തോൺ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച്‌ അടഞ്ഞുപോയ നീർച്ചാലുകൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ അലയമൺ, ഏരൂർ പഞ്ചായത്തുകളിൽ മഴവെള്ളത്തിന്റെ ഒഴുക്ക്‌ സുഗമമാക്കാനുള്ള പ്രവർത്തനം പൂർത്തിയായി. നീർച്ചാൽ ശുചീകരണം, തോടുകളിൽ നിന്നുള്ള മാലിന്യം, ചെളി എന്നിവ നീക്കംചെയ്യൽ പ്രവർത്തനവും നടക്കുന്നു. ഓടകൾ വൃത്തിയാക്കി മാലിന്യം നീക്കംചെയ്യുന്ന പ്രവർത്തിയും ശുചിത്വ മിഷൻ നേതൃത്വത്തിൽ നടക്കുന്നു. സാംക്രമിക രോഗവ്യാപനത്തെ പ്രതിരോധിക്കാൻ  ആരോഗ്യ വകുപ്പും കർശന നടപടി സ്വീകരിച്ചിട്ടുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top