18 September Thursday

ശ്രീഭവനിൽ ധവളവിപ്ലവം

സ്വന്തം ലേഖികUpdated: Friday Jun 9, 2023

അജിത് ഫാമിലെ പശുക്കൾക്കൊപ്പം

കൊല്ലം
ദിവസവും മുടങ്ങാതെ 400ലിറ്റര്‍ പാൽ വിപണിയിൽ എത്തിക്കുന്നു, വീടിനോടു ചേർന്ന്‌ മൂന്നു ഫാമിലായി 40 കിടാരികളടക്കം 85പശുക്കൾ. അവയ്‌ക്ക്‌ തിന്നാൻ അഞ്ചേക്കറിൽ വിളഞ്ഞുകിടക്കുന്നത്‌ പച്ചോങ്. പാലിനു പുറമെ വിപണിയിൽ എത്തുന്നത്‌ തൈര്‌, നെയ്യ്‌, പനീർ എന്നിവയും. ഒമ്പതുവർഷം യൂറോപ്യൻ രാജ്യങ്ങളിലെ ആഡംബരക്കപ്പലില്‍ ജോലിചെയ്‌ത എംബിഎക്കാരൻ നാട്ടിൽ സ്ഥിരതാമസമാക്കാമെന്നു കരുതിയപ്പോൾ ആദ്യം മനസ്സിൽ ഓടിവന്നത്‌ വീടിനോടു ചേർന്ന്‌ വെറുതെ കിടക്കുന്ന ഭൂമിയിൽനിന്ന്‌ പൊന്ന്‌ വിളയിക്കണമെന്നാണ്‌. ഡെയറി ഫാമിങ്‌ തന്നെയാകട്ടെ എന്ന്‌ ബന്ധുക്കളും പ്രോത്സാഹിപ്പിച്ചതോടെ ഈ യുവാവിന്‌ ഒന്നും ആലോചിക്കേണ്ടി വന്നില്ല. തലവൂർ നടുത്തേരി ശ്രീഭവനിലെ അജിത് നേരെ നാട്ടിലേക്ക് വിമാനം കയറി.  പിന്നീട്‌ ശ്രീഭവൻ അങ്കണം സാക്ഷ്യംവഹിച്ചത്‌ ധവളവിപ്ലവത്തിന്‌.
 
പുലർച്ചെ മൂന്നോടെയാണ്‌ ഫാം ഉണരുക, പശുക്കളെ കുളിപ്പിച്ച് തൊഴുത്തു വൃത്തിയാക്കി പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് അകിട് അണുവിമുക്തമാക്കി യന്ത്രസഹായത്തോടെയാണ് കറവ. തുടർന്ന്‌ പശുക്കളുടെ മുന്നിലെത്തുക സൈലേജ്, കപ്പപ്പൊടി, ബിയർവേസ്റ്റ്, നേപ്പിയർ പുല്ല് എന്നിവ. അഞ്ചേക്കറിലെ പുൽക്കൃഷിയിൽ പച്ചോങ്ങിനാണ്‌ മുൻതൂക്കം. ഫാമിലെ പ്രാണിശല്യം കുറയ്‌ക്കാൻ താറാവുകളെയും വളർത്തുന്നുണ്ട്‌.
രാവിലെ അഞ്ചോടെ രണ്ടുപേരുടെ സഹായത്തോടെ പാൽ വിതരണം ആരംഭിക്കും. ചെലവുചുരുക്കലിന്റെ ഭാഗമായി ഇലക്‌ട്രിക്കൽ സ്‌കൂട്ടറിൽ ഉപഭോക്താക്കളുടെ വീട്ടിലെത്തിച്ചു നൽകിയാണ് വിൽപ്പന. 300ലിറ്റർ ഇത്തരത്തിലാണ്‌ വിൽക്കുന്നത്‌. വിൽപ്പന ലിറ്ററിന് 60 രൂപയ്ക്ക്. 50– -70 ലിറ്റർവരെ സൊസൈറ്റിക്കു നൽകുന്നു. ഉരുക്കൾക്കും വീട്ടുകാര്യങ്ങൾക്കുമുള്ള ചെലവിന്‌ വരുമാനം കണ്ടെത്തുന്നതും ഫാമിൽനിന്ന്. പ്രതിമാസം രണ്ടുലക്ഷത്തിലധികം രൂപയാണ്‌ വരുമാനം. വിതരണത്തിനുശേഷം മിച്ചംവരുന്ന പാലിൽനിന്ന് തൈരും നെയ്യും പനീറും ഉൽപ്പാദിപ്പിച്ച് വിൽക്കുന്നുണ്ട്. തൈര് ലിറ്ററിന്‌ 75രൂപയാണ്‌. നെയ്യ് കിലോയ്‌ക്ക്‌ 1200 രൂപയും. അമ്മ വിജയകുമാരിക്കും ഭാര്യ ദീപ്‌തി കെ പൊതുവാളിനുമാണ്‌ ഇവ തയ്യാറാക്കുന്നതിനുള്ള ചുമതല. 
 
 മികച്ച പാലുൽപ്പാദനമുള്ള പശുക്കളിൽ മികച്ച കാളകളുടെ ബീജം കുത്തിവച്ച് ഉണ്ടാകുന്ന പെൺകുഞ്ഞുങ്ങളെ വളർത്തിയെടുത്താണ്‌ ഫാം ലാഭത്തിലേക്കു കുതിക്കുന്നത്‌. കേരള ലൈവ്‌സ്‌റ്റോക്ക്‌ ഡെവലപ്‌മെന്റ്‌ ബോർഡിൽനിന്ന്‌ ലിംഗനിർണയം നടത്തി പെൺകുട്ടികൾ മാത്രമുള്ള ബീജമാണ് ബീജാധാനത്തിനായി വാങ്ങുന്നത്‌. അത്തരം കാളകളെ തിരഞ്ഞ് കണ്ടെത്തി അവയുടെ ബീജസ്‌ട്രോകൾ വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്‌. 25,000 രൂപ ചെലവിട്ട് വാങ്ങിയ  ക്രയോക്യാനിൽ എച്ച്എഫ്, ജേഴ്‌സി, ഗീറോലാൻഡോ തുടങ്ങിയ ഇനങ്ങളുടെ ബീജസ്‌ട്രോകളാണ് സൂക്ഷിച്ചിരിക്കുന്നത്. 
‘അജിത്‌സ്‌ ഡെയ്‌ലി ഡെയറി’ എന്ന പേരിലുള്ള  സ്വന്തം  യൂട്യൂബ്‌ ചാനലിലൂടെ പശു ഫാം തുടങ്ങുന്നതിനും അത്‌ ലാഭത്തിലാക്കാനും ബീജസങ്കലത്തിനുമൊക്കെയുള്ള മാർഗനിർദേശങ്ങൾ അജിത്‌ നൽകുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top