18 April Thursday

അലക്‌സാണ്ടര്‍ ജേക്കബിന്റെ ഹാര്‍വാര്‍ഡ് "തള്ള്‌" പൊളിച്ച പ്ലസ് ടു വിദ്യാര്‍ഥിക്ക്‌ ഡിവൈഎഫ്‌ഐയുടെ അഭിനന്ദനം

സ്വന്തം ലേഖകൻUpdated: Wednesday Dec 8, 2021

അഭിരാം അരുണിനെ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹീം പരവൂരിലെ വീട്ടിലെത്തി അനുമോദിച്ചപ്പോൾ

ചാത്തന്നൂർ > മുൻ ഡിജിപിയുടെ പ്രസംഗത്തിലെ പിശക്‌ തിരുത്തിയ പ്ലസ്‌ ടു വിദ്യാർഥിക്ക്‌ ഡിവൈഎഫ്‌ഐയുടെ അഭിനന്ദനം. കൊല്ലം കാരംകോട്ടെ വിമല സെൻട്രൽ സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി അഭിരാം അരുണിനെ  ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹീം പരവൂരിലെ വീട്ടിലെത്തി അഭിന്ദനമറിയിച്ചു. മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബിന്റെ പ്രസം​ഗത്തിലെ പരാമർശമാണ്‌ അരുണും സുഹൃത്തും ചേർന്ന്‌  വസ്തുതാവിരുദ്ധമാണെന്നു തെളിയിച്ചത്. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ കിഴക്കുദിശയിലേക്ക് നോക്കിയിരുന്നു പഠിച്ച വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് ലഭിച്ചെന്നായിരുന്നു അലക്‌സാണ്ടർ ജേക്കബ്ബിന്റെ പ്രസംഗം.
 
ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ വൃത്താകൃതിയിൽ ഒരു ഹോസ്റ്റൽ നിർമിച്ചെന്നും അവിടെ നടത്തിയ ഒരു പരീക്ഷണത്തിൽ കിഴക്കുദിശയിലേക്ക് നോക്കിയിരുന്നു പഠിച്ച വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് ലഭിച്ചെന്നും അതിനുശേഷം മറ്റുദിശകളിലേക്ക് അഭിമുഖീകരിക്കുന്ന എല്ലാ കെട്ടിടങ്ങളും  പൊളിച്ചുകളഞ്ഞെന്നുമാണ്‌ അദ്ദേഹം പറഞ്ഞത്‌. സമൂഹമാധ്യമത്തിൽ പ്രചരിച്ച പ്രസംഗം ശ്രദ്ധയിൽപ്പെട്ട അഭിരാം അരുണും സുഹൃത്തായ ഉസ്മാൻ അഹമ്മദും ചേർന്ന് യാഥാർഥ്യം തേടി ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ ചരിത്രവിഭാഗത്തിന്റെ ഇ–- മെയിൽ വിലാസത്തിൽ  കത്തയച്ചു. പരാമർശം വസ്‌തുതാവിരുദ്ധമാണെന്ന്‌ അടുത്ത ദിവസം തന്നെ ഹാർവാർഡിൽനിന്നു മറുപടി ലഭിച്ചു.
 
അന്ധവിശ്വാസങ്ങൾക്കും ശാസ്ത്രവിരുദ്ധ പ്രചാരണങ്ങൾക്കും കേരളത്തിലെ വലതുപക്ഷവൽക്കരണത്തിനുമെതിരെ ഡിവൈഎഫ്ഐ സംസ്ഥാനത്ത് വിപുലമായ പ്രചാരണം തുടരുന്നതിന്റെ കൂടി ഭാഗമായാണ് അഭിരാമിനെ സന്ദർശിച്ചതെന്ന് എ എ  റഹീം പറഞ്ഞു. ശാസ്ത്രചിന്തയും വൈജ്ഞാനികാവബോധവും കൊണ്ട് സത്യാനന്തരകാലത്തെ ചോദ്യം ചെയ്യുകയാണ് ഈ വിദ്യാർഥികൾ. വ്യാജ വാർത്തകൾക്കും വീഡിയോകൾക്കും വ്യാജ സന്ദേശങ്ങൾക്കുമെതിരായ സമരവും പ്രതിരോധവും നമ്മുടെ  കടമയാണ്–- റഹീം പറഞ്ഞു.
 
ഡിവൈഎഫ്ഐ  ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ, സെക്രട്ടറി എസ് ആർ അരുൺബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് ഷബീർ, ചാത്തന്നൂർ ബ്ലോക്ക് സെക്രട്ടറി എം ഹരികൃഷ്‌ണൻ, മേഖലാ സെക്രട്ടറി ആർ സതീഷ്‌കുമാർ, സിപിഐ എം പരവൂർ ടൗൺ ലോക്കൽ സെക്രട്ടറി ജെ യാക്കൂബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top