27 April Saturday

ഇസ്രയേൽ സാമ്രാജ്യത്വത്തിന്റെ 
വാടക അക്രമി: എം എ ബേബി

സ്വന്തം ലേഖകൻUpdated: Wednesday Nov 8, 2023

അഖിലേന്ത്യ സമാധാന ഐക്യദാർഢ്യസമിതി കൊല്ലം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യറാലി

കൊല്ലം
പലസ്‌തീനിൽ സ്‌ത്രീകളെയും കുട്ടികളെയും രോഗികളെയും ഉൾപ്പെടെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേൽ, സാമ്രാജ്യത്വത്തിന്റെ വാടക അക്രമിയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി (എഐപിഎസ്‌ഒ) ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ കൂട്ടായ്മ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  പലസ്‌തീനിൽ വംശഹത്യയുടെ പരമ്പരയ്ക്ക്‌ ഇസ്രയേലിന്‌ ആയുധവും സമ്പത്തും നൽകുന്നത്‌ അമേരിക്കൻ സാമ്രാജ്യത്വമാണ്‌. അമേരിക്കയുടെ രണ്ടുമന്ത്രിമാർക്ക്‌ മോദി സർക്കാർ സ്വീകരണം ഒരുക്കുമ്പോൾ ഇന്ത്യയിൽ പ്രതിഷേധം ഉയരണം. 16 വർഷമായി ഉപരോധത്തിലായ ഗാസ ഇന്ന്‌ ലോകത്തിലെ ഏറ്റവും വലിയ തുറന്ന കോൺസൺട്രേഷൻ ക്യാമ്പായി മാറി. പലസ്‌തീനിലെ കൂട്ടക്കുരുതിക്കെതിരെ ഐക്യരാഷ്‌ട്ര സഭ പാസാക്കിയ  പ്രമേയത്തിനൊപ്പം നിൽക്കാതെ ഇന്ത്യ സാമ്രാജ്യത്വത്തിന്‌ അനുകൂല നിലപാടെടുത്തു. ഇന്ത്യയിലെ ആർഎസ്‌എസിനും ഇസ്രയേലിലെ സിയോണിനും ഒരേ ലക്ഷ്യമാണ്‌. അഖണ്ഡ ഇസ്രയേൽ ആണ്‌ സിയോണിനെങ്കിൽ അഖണ്ഡ ഭാരതമാണ്‌ ആർഎസ്‌എസ്‌ ലക്ഷ്യം. ഇന്ത്യയെയും പലസ്‌തീനെയും വിഭജിച്ചത്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്വമാണെന്നും എം എ ബേബി പറഞ്ഞു.
എഐപിഎസ്‌ഒ ജില്ലാ പ്രസിഡന്റ് വി ആർ അജു അധ്യക്ഷനായി. സെക്രട്ടറി കെ ബി ബിജു സ്വാഗതം പറഞ്ഞു. അജിത്‌ കൊളാടി മുഖ്യപ്രഭാഷണംനടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി രാജേന്ദ്രൻ, ചിന്താ ജെറോം, ജില്ലാ കമ്മിറ്റി അംഗം പി അയിഷാപോറ്റി, സി ആർ ജോസ്‌പ്രകാശ്‌, എൻജിഒ യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബി അനിൽകുമാർ, ജോയിന്റ്‌ കൗൺസിൽ ജില്ലാ സെക്രട്ടറി ബി വിനോദ്‌, അഡ്വ. കെ പി സജിനാഥ്‌, പി ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു. നൂറുകണക്കിനാളുകൾ അണിചേർന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിയും നടന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top