26 April Friday

ബോട്ടുകൾ തീരത്തണയുന്നു

സ്വന്തം ലേഖികUpdated: Thursday Jun 8, 2023

ട്രോളിങ് നിരോധനത്തിന് മുന്നോടിയായി കൊല്ലം വാടിയിൽ മീൻപിടിത്ത വള്ളങ്ങൾ കരയ്ക്കടുപ്പിച്ചപ്പോൾ

കൊല്ലം
ട്രോളിങ് നിരോധനത്തിന് ഒരു നാൾ ബാക്കിനിൽക്കേ ബോട്ടുകൾ തീരത്തണയുന്നു. ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക്‌ മടങ്ങിത്തുടങ്ങി. ഇനിയുള്ള 52നാൾ ബോട്ടുകൾക്കും മീന്‍പിടിത്ത മേഖലയ്ക്കും വിശ്രമകാലം. വെള്ളി രാത്രി 12ന്‌ നീണ്ടകര പാലത്തിന്റെ സ്പാനുകൾക്ക് കുറുകെ ചങ്ങല ബന്ധിക്കുന്നതോടെ ട്രോളിങ്‌ നിരോധനത്തിന്‌ തുടക്കമാകും. ഇതോടെ ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളായ നീണ്ടകര, ശക്തികുളങ്ങര, തങ്കശേരി, അഴീക്കൽ എന്നിവിടങ്ങളെല്ലാം നിശ്ചലമാകും.   
     മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, തരകൻമാർ, ലോഡിങ് തൊഴിലാളികൾ, വ്യാപാരികൾ, മത്സ്യവിൽപ്പന തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ എന്നിവരും വിശ്രമത്തിലാകും. കന്യാകുമാരി, കുളച്ചൽ, ബംഗാൾ എന്നിവിടങ്ങളിൽനിന്ന് എത്തിയ തൊഴിലാളികളിൽ 70ശതമാനവും നാട്ടിലേക്കു മടങ്ങി. ജില്ലയുടെ തീരത്ത് പ്രവർത്തിക്കുന്ന എല്ലാ ഇതരസംസ്ഥാന യന്ത്രവൽകൃത ബോട്ടും വെള്ളി അർധരാത്രിക്ക് മുമ്പ് കേരളതീരം വിട്ടുപോകണം. അല്ലാത്തവ അതത് ബേസ് ഓഫ് ഓപറേഷനിൽ ആങ്കർ ചെയ്യണം. 
കർശന നിരീക്ഷണം
നിരോധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് കർശന നിരീക്ഷണമാണ്‌ ഏർപ്പെടുത്തിയിട്ടുള്ളത്‌. ഒമ്പതിന് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ   കോസ്റ്റൽ പട്രോളിങ് ശക്തമാക്കും.നാലു ബോട്ടിലായി 14 ലൈഫ് ഗാർഡുമാർ സുരക്ഷാ പ്രവർത്തനത്തിന്‌ നേതൃത്വം നൽകും. രക്ഷാപ്രവർത്തനത്തിന്‌ ഗോവയിൽ പരിശീലനം ലഭിച്ച ഗാർഡുമാരെയാണ്‌ നിയോഗിച്ചിട്ടുള്ളത്‌. നീണ്ടകര ഫിഷറീസ് സ്റ്റേഷൻ നിയന്ത്രണത്തിലുള്ള എഫ്‌ആർപി പട്രോളിങ്‌ ബോട്ടിന്‌ പുറമെ മൂന്ന്‌ ബോട്ടുകൂടി വാടകയ്‌ക്കെടുത്താണ്‌ സുരക്ഷാപ്രവർത്തനം ശക്തമാക്കുക. ഈ ബോട്ടുകൾ നീണ്ടകര, തങ്കശേരി, അഴീക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കും. നിയമലംഘനങ്ങൾ തടയാൻ തീരദേശ പൊലീസുമായി ചേർന്നു വിപുലമായ ഒരുക്കം ഏർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ  കൊല്ലം സിറ്റി പൊലീസിൽ നിന്ന്‌ കൂടുതൽ അംഗങ്ങളെ നിയോഗിക്കും. 
അനുവദിക്കുക 
ഒരു കാരിയർ വള്ളം
 ട്രോളിങ്‌  നിരോധനം ആരംഭിക്കുന്നതിനു മുമ്പായി എല്ലാ യന്ത്രവൽകൃത യാനങ്ങളും നീണ്ടകര പാലത്തിന്റെ കിഴക്കുഭാഗത്തേക്ക് മാറ്റണം. മീന്‍പിടിത്തത്തിനു ഇൻബോർഡ് വള്ളങ്ങൾ അനുമതിയുണ്ടെങ്കിലും ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ. നിരോധനം ബാധകമല്ലാത്ത ഇൻബോർഡ് വള്ളങ്ങൾക്ക് നീണ്ടകര ഹാർബറിൽ മീന്‍വില്‍പ്പനയ്ക്ക് സൗകര്യം ഏർപ്പെടുത്തും. കടലിൽ പോകുന്നവർ ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതണം. പരമ്പരാഗത തൊഴിലാളികൾ പ്രവർത്തിക്കുന്ന യാനങ്ങൾക്കൊഴികെ ഇന്ധനം നൽകുന്ന ഡീസൽ ബങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ജുവനൈൽ ഫിഷിങ്ങിനെതിരെയും നടപടി കർശനമാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top