25 April Thursday
തീരദേശ ഹൈവേ

കല്ലിടൽ ഉടൻ പുനരാരംഭിക്കും

സ്വന്തം ലേഖകൻUpdated: Thursday Jun 8, 2023

 

കൊല്ലം
തീരദേശ ഹൈവേ നിർമാണത്തിനുള്ള സർവേ നടപടികൾ പുരോഗമിക്കുന്നു. ബുധൻ തങ്കശേരി ഭാഗത്തായിരുന്നു സർവേ. അതിർത്തി കല്ലിടുന്നതിനും പുനരധിവാസ പാക്കേജ് തയ്യാറാക്കുന്നതിനുമാണ്‌ സർവേ. നിർത്തിവച്ച കല്ലിടലും ഉടൻ പുനരാരംഭിക്കും. ഇതുസംബന്ധിച്ച്‌ കലക്‌ടറുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും കെആർഎഫ്‌ബി ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. ഇതിനകം 12.8 കിലോമീറ്റർ ദൂരത്തിൽ അതിർത്തി കല്ലിട്ടു. കല്ലിടൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ബോധവൽക്കരണവും നടത്തും. പദ്ധതിക്കായുള്ള അലൈൻമെന്റ് സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ്‌ സർവേയും കല്ലിടലും ആരംഭിച്ചത്‌. ജില്ലയിൽ തീരദേശ ഹൈവേയുടെ അതിർത്തി തെക്ക്‌ പരവൂർ തെക്കുംഭാഗവും വടക്ക്‌ അഴീക്കലുമാണ്‌. മണിയൻകുളം പാലം, പൊഴിക്കര, മയ്യനാട് ബീച്ച്, കൊല്ലം ബീച്ച്, തങ്കശേരി, തിരുമുല്ലവാരം, നീണ്ടകരയിൽനിന്ന്‌ ദേശീയപാത വഴി ചവറ ഐആർഇ ജങ്‌ഷൻ, അവിടെനിന്ന്‌ വീണ്ടും തീരദേശത്തേക്കുപോയി പണിക്കർകടവ്, അഴീക്കൽ വഴി ആലപ്പുഴ ജില്ലയിലെ വലിയഴീക്കലിലേക്ക്‌ നീളുന്നതാണ്‌ പാത. കാപ്പിൽ മുതൽ വലിയഴീക്കൽ വരെ 51കിലോമീറ്ററാണ് ജില്ലയിലെ പാതയുടെ നീളം. കാപ്പിൽ മുതൽ തങ്കശേരിവരെയും തങ്കശേരി മുതൽ ശക്തികുളങ്ങരവരെയും ശക്തികുളങ്ങര മുതൽ ഇടപ്പള്ളിക്കോട്ടവരെയും ഇടപ്പള്ളിക്കോട്ട മുതൽ വലിയഴീക്കൽവരെയും നാല് റീച്ചാണ് പാത. ഇതിൽ ശക്തികുളങ്ങര മുതൽ ഇടപ്പള്ളിക്കോട്ടവരെയുള്ള ഒമ്പതര കിലോമീറ്റർ തീരദേശപാത നിലവിലെ ദേശീയപാത 66ലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ കടൽതീരം ദേശീയപാതയോടെ ചേർന്നു സമാന്തരമായാണുള്ളത്. അതിനിടെ തീരദേശ ഹൈവേ നിർമാണത്തിന് ഭൂമി വിട്ട് തരുന്നവർക്കായുള്ള പുനരധിവാസ പാക്കേജ് സർക്കാരിന്റെ പരിഗണനയിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top