26 April Friday

പുതുമുന്നേറ്റത്തിന്‌ 
സമരഭൂമികയുടെ അഭിവാദ്യം

സ്വന്തം ലേഖകൻUpdated: Wednesday Feb 8, 2023

കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന പ്രക്ഷോഭ പ്രചാരണജാഥയെ കൊട്ടാരക്കരയിലെ സ്വീകരണ കേന്ദ്രത്തിലേക്ക്‌ ആനയിക്കുന്നു

കൊല്ലം
കർഷകത്തൊഴിലാളികൾ ഉൾപ്പെടെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കുക എന്ന സന്ദേശമേകി കെഎസ്‌കെടിയു പ്രക്ഷോഭ പ്രചാരണജാഥ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. കയർ, കശുവണ്ടി, മത്സ്യത്തൊഴിലാളികളും കർഷകരും അണിചേർന്ന എണ്ണമറ്റ പോരാട്ടങ്ങളുടെ സമരഭൂമികയായ കൊല്ലത്തിന്റെ മണ്ണിൽ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ പുതുമുന്നേറ്റ ജാഥയ്‌ക്ക്‌ ലഭിച്ചത്‌ വീറുറ്റ വരവേൽപ്പ്‌. ജില്ലയിൽ തിങ്കളാഴ്ച വൈകിട്ട്‌ പത്തനാപുരത്ത്‌ ആരംഭിച്ച ജാഥാപര്യടനം ചൊവ്വാഴ്ച വൈകിട്ട്‌ ചാത്തന്നൂരിൽ സമാപിച്ചു. 
"കൃഷി,- ഭൂമി,- പുതുകേരളം’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന ജാഥയുടെ ചൊവ്വാഴ്ചത്തെ ആദ്യ സ്വീകരണം കൊട്ടാരക്കരയിലായിരുന്നു. ആശുപത്രി ജങ്‌ഷനിൽനിന്ന്‌ ജാഥാ ക്യാപ്‌റ്റനെയും വൈസ്‌ക്യാപ്‌റ്റൻ ലളിതാ ബാലൻ, മാനേജർ സി ബി ദേവദർശൻ എന്നിവരെയും ജാഥാഅംഗങ്ങളെയും ചന്തമുക്കിലെ സ്വീകരണ കേന്ദ്രത്തിലേക്ക്‌ എതിരേറ്റു. കുന്നത്തൂർ, നെടുവത്തൂർ, കുണ്ടറ, കൊട്ടാരക്കര ഏരിയകളുടെ സ്വീകരണമാണ്‌ ചന്തമുക്കിൽ ഒരുക്കിയത്‌. കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം കെ ഹർഷകുമാർ അധ്യക്ഷനായി. 
കരുനാഗപ്പള്ളി, ശൂരനാട്‌, ചവറ, അഞ്ചാലുംമൂട്‌ ഏരിയകളുടെ സ്വീകരണം കരുനാഗപ്പള്ളി ടൗണിലായിരുന്നു. യോഗത്തിൽ സംഘാടകസമിതി ചെയർമാൻ പി കെ ജയപ്രകാശ്‌ അധ്യക്ഷനായി. ചാത്തന്നൂർ ടൗണിൽ കൊല്ലം, കൊല്ലം ഈസ്റ്റ്‌, കൊട്ടിയം, ചാത്തന്നൂർ ഏരിയ കമ്മിറ്റികൾ സ്വീകരണം നൽകി. യോഗത്തിൽ കെഎസ്‌കെടിയു ചാത്തന്നൂർ ഏരിയ പ്രസിഡന്റ് കെ രവീന്ദ്രൻപിള്ള അധ്യക്ഷനായി. വിവിധ സ്വീകരണ യോഗങ്ങളിൽ ജാഥാ ക്യാപ്‌റ്റൻ എൻ ചന്ദ്രൻ, വൈസ്‌ ക്യാപ്‌റ്റൻ ലളിതാ ബാലൻ, മാനേജർ സി ബി ദേവദർശൻ, അംഗങ്ങളായ വി കെ രാജൻ, കെ കെ ദിനേശൻ, ഇ ജയൻ, ടി കെ വാസു, എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, കോമള ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ പി വി സത്യൻ, സെക്രട്ടറി പി എ എബ്രഹാം, ഡി വിശ്വസേനൻ, കെ ഹർഷകുമാർ, കെ സുരേഷ്‌ബാബു, കെ ജി കനകം, ഭവാനി, എം ഇ ആൽഫ്രഡ്‌ എന്നിവർ പങ്കെടുത്തു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ബി സജീവ്‌ ജാഥാക്യാപ്‌റ്റനെ കൊട്ടാരക്കരയിൽ ഹാരമണിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top