26 April Friday
മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചു

ജില്ലാ ആയുര്‍വേദ ആശുപത്രിയിൽ 100കോടിയുടെ വികസനം

സ്വന്തം ലേഖകൻUpdated: Wednesday Dec 7, 2022
കൊല്ലം
ജില്ലാ ആയുർവേദ ആശുപത്രിയുടെ സമഗ്രവികസനത്തിനായി ഹാബിറ്റാറ്റ് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ജില്ലാ പഞ്ചായത്ത് അംഗീകരിച്ചു. പ്രസിഡന്റ് സാം കെ ഡാനിയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്. 100കോടി രൂപ ചെലവഴിച്ചാണ് വികസന പ്രവർത്തനങ്ങൾ. 2.80 ഏക്കറിലുള്ള ആശുപത്രിയുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ചരക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ മെഡിസിൻ നിലവാരത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. 57,000 ചതുരശ്രഅടിയിലുള്ള മാസ്റ്റർപ്ലാനാണ് ഹാബിറ്റാറ്റ് അവതരിപ്പിച്ചത്. 
6 നില കെട്ടിടം
ആറു നിലയുള്ള പുതിയ കെട്ടിടത്തിന്റെ ഓരോ നിലയിലും അറ്റാച്ച്ഡ് ടോയ്‌ലറ്റ് സംവിധാനം അടക്കമുള്ള 13 മുറികള്‍ ഉൾപ്പെടെ 52 മുറികൾ സജ്ജമാക്കും. എല്ലാ നിലയിലും പഞ്ചകർമ ചികിത്സയ്ക്കുള്ള സൗകര്യവും ഒരുക്കും. പൈതൃക കെട്ടിടം, യോഗാ ഹാൾ, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, പാർക്കിങ് ഏരിയ, 82 കിടക്കയുള്ള ജനറൽ വാർഡ്, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഏരിയ, സീവേജ് ട്രീറ്റ്‌മെന്റ്, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ലാൻഡ്‌സ്‌കേപ്പ്, പൂന്തോട്ടം, ഔഷധ ചെടികളുടെ തോട്ടം മുതലായവയുണ്ട്.
ആയുർവേദ പഠനത്തിനും ഗവേഷണത്തിനും ചികിത്സയ്ക്കുമുള്ള പ്രധാന ഇടമായി ആശുപത്രി മാറും. എല്ലാ ബ്ലോക്കിലേക്കും പാലിയേറ്റീവ് യൂണിറ്റുകൾ വ്യാപിപ്പിക്കാനുള്ള ശ്രമം ശക്തിപ്പെടുത്തും.
ആശുപത്രിയുമായി ബന്ധപ്പെട്ട സ്റ്റാഫ് കോട്ടേജ്, ആയുർവേദ സസ്യോദ്യാനം, പേ-വാർഡ്, ഇ -–-ടോക്കൺ സംവിധാനം, ആധുനിക ലൈബ്രറി എന്നിവ സജ്ജീകരിക്കും. സംസ്ഥാന സർക്കാരിന്റെ ശുപാർശയോടെ കേന്ദ്ര ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
സമയബന്ധിതമായി 
പൂർത്തിയാക്കും
ആശുപത്രിയുടെ നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി കെ ഗോപൻ, ജെ നജീബത്ത്, അനിൽ എസ് കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ബിനുൻ വാഹിദ്, ഹാബിറ്റാറ്റ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top