01 July Tuesday

മുടങ്ങില്ല ‘ഹൃദയസ്പർശം’

സ്വന്തം ലേഖകൻUpdated: Tuesday Dec 7, 2021

ജില്ലാ ആശുപത്രിയിൽ പുനരാരംഭിച്ച രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന ഡിവൈഎഫ്ഐയുടെ ഹൃദയസ്പർശം പരിപാടി ജില്ലാ സെക്രട്ടറി 
എസ് ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം
ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്‌ഐ വാഴയിലയിൽ പെതിയുന്നത്‌ ചോറു മാത്രമല്ല,  അതിൽ നിറയെ സ്‌നേഹവും കരുതലും ആണ്‌. കോവിഡ്‌ നിയന്ത്രണങ്ങളിൽ നിർത്തിവച്ചിരുന്ന പൊതിച്ചോർ വിതരണം തിങ്കളാഴ്‌ച പുനരാരംഭിച്ചപ്പോൾ കൂടിനിന്നവരുടെ കണ്ണുകളിൽ തെളിഞ്ഞത്‌ സ്‌നേഹസ്‌പർശത്തിന്റെ   വെളിച്ചം. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വം നൽകുന്ന ‘ഹൃദയസ്‌പർശം’ എന്ന പേരിൽ അറിയപ്പെടുന്ന പൊതിച്ചോർ വിതരണം നാട്‌ ഏറ്റെടുത്തിട്ട്‌ നാല്‌ വർഷം പിന്നിട്ടു.  2017 മാർച്ച്‌ 15 ന്‌ ഇന്നത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്‌ത പരിപാടിക്ക്‌ കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ ഏവരുടെയും പിന്തുണ ലഭിച്ചു.  കോവിഡിന് മുമ്പ്‌ ജില്ലാ ആശുപത്രിയിലും വിക്ടോറിയ ആശുപത്രിയിലുമായി ശരാശരി 2500 പൊതിച്ചോർ വിതരണം ചെയ്തിരുന്നു. പ്ലാസ്റ്റിക് ഒഴിവാക്കി ഇലയിൽ പൊതിഞ്ഞാണ്‌ ഇക്കാലമത്രയും പൊതിച്ചോർ നൽകുന്നതെന്നതും പ്രത്യേകത ആണ്‌. ജില്ലയിൽ ഡിവൈഎഫ്‌ഐക്ക്‌ 160 മേഖല കമ്മിറ്റികളാണ്‌ ഉള്ളത്‌. വീടുകളിൽ തയ്യാറാക്കി ഡിവൈഎഫ്ഐ യൂണിറ്റുകൾ ശേഖരിച്ച പൊതിച്ചോറാണ് ഹൃദയസ്പർശത്തിന്റെ ഭാഗമായി നാലുവർഷമായി വിതരണം ചെയ്യുന്നത്‌. കോവിഡ്‌ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ പരിഗണിച്ച്‌ നിർത്തിവച്ച പൊതിച്ചോറ്‌ വിതരണം നിയന്ത്രണങ്ങളിൽ ഇളവ്‌ വന്നതോടെയാണ്‌ പുനരാരംഭിച്ചത്. 
തിങ്കളാഴ്‌ച പുനരാരംഭിച്ച ഹൃദയസ്പർശം പരിപാടി ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു  ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ശ്യാം മോഹൻ, ജോയിന്റ്‌ സെക്രട്ടറി പി കെ സുധീർ, സെക്രട്ടറിയറ്റ് അംഗം എസ് ഷബീർ, ബ്ലോക്ക് സെക്രട്ടറിമാരായ കെ ജെ നാസിമുദീൻ, എം ഹരികൃഷ്ണൻ, പി മനു, ദീപക്, മണികണ്ഠൻ, ബിലാൽ എന്നിവർ സംസാരിച്ചു. ചാത്തന്നൂർ ബ്ലോക്കിലെ ചിറക്കര മേഖലാ കമ്മിറ്റി തിങ്കളാഴ്‌ച പൊതിച്ചോറ്‌ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്നും എല്ലാ ദിവസങ്ങളിലും ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണംചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ്‌ ശ്യാം മോഹനും സെക്രട്ടറി എസ് ആർ അരുൺബാബുവും അറിയിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top